സ്ത്രൈണം (ഭാഗം രണ്ട്)

This post is part of the series സ്ത്രൈണം

Other posts in this series:

  1. സ്ത്രൈണം (ഭാഗം രണ്ട്) (Current)
  2. സ്ത്രൈണം

 

 

 

 

 

രാമന്റെ മരണം കഴിഞ്ഞ് ആറു മാസം കൂടി രാധമ്മ കോഴിക്കോട്ട് തുടർന്നു. ഫ്ലാറ്റിനു തരക്കേടില്ലാത്ത ഒരു വില കിട്ടിയപ്പോൾ അതു വിറ്റു ദീപയുടെ കൂടെ താമസമാക്കി. അതിനു മുമ്പ് രാമന്റെ കുടുംബ പെൻഷൻ അവർക്കു കിട്ടിത്തുടങ്ങി. പൂനെയിലേക്കു ദിവ്യക്കും ട്രാൻസ്ഫർ തരപ്പെട്ടത്തോടെ നാലുപേർക്കും ഒരുമിച്ചു താമസിക്കാൻ സൗകര്യമായി. അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലം അതാണ് എന്ന് അവർക്കു തോന്നി . സാമ്പത്തിക സ്വാതന്ത്ര്യം അവർ അളവില്ലാതെ ആസ്വദിച്ചു. ചെലവ് കൂടുതലും രാധമ്മയുടെ വകയായിരുന്നു. അവധി ദിവസങ്ങളിൽ അവർ പുറത്തു നിന്നു കഴിച്ചു. എല്ലാ സിനിമകളും കണ്ടു. എല്ലായിടത്തും ചുറ്റിനടന്നു.

ഭവ്യ ദിവ്യയെക്കാൾ പഠിക്കാൻ മിടുക്കിയാണ്‌. ‘അവള് പത്തു വായിക്കുന്നതും ഇവൾ ഒന്നു വായിക്കുന്നതും ഒരുപോലെ, ഇവൾക്കു ജോലി കിട്ടുന്നതിനെ പറ്റി എനിക്കു പേടിയില്ല’ എന്ന് ദീപ ഇളയ കുട്ടിയെപ്പറ്റി അഭിമാനം കൊള്ളും. ഭവ്യക്കു പക്ഷേ ജോലിയോടല്ല കച്ചവടത്തിനോടാണ്‌ താൽപര്യം. ‘ അമ്മൂമ്മ കയ്യിലുള്ള രൂപ കുറച്ച് എനിക്കു താ. നമുക്കൊരു ബിസിനസ് തുടങ്ങാം,’ അവൾ രാധമ്മയോടു നിർദ്ദേശം വച്ചു. അങ്ങനെ അവർ തുടങ്ങിയ ബിസിനസ് ആണ് ഫാഷൻ ഡിസൈനിംഗ്. തുടങ്ങിക്കഴിഞ്ഞപ്പോൾ ആണ് പെൺകുട്ടികൾ അമ്പരന്നത്. രാധമ്മയും ദീപയും പുലികൾ ആണ്. പുതിയ പുതിയ ഫാഷൻ വികസിപ്പിക്കുന്നതിൽ ഇരുവരുടെയും ചെരുപ്പിന്റെ വാറഴിക്കാൻ പോലും തങ്ങൾക്കാകില്ല. മാത്രമല്ല, രാധമ്മക്കു തരക്കേടില്ലാത്ത ബിസിനസ് വൈഭവവും ഉണ്ട്. ആൾക്കാരെ പിണക്കാതെ ജോലി ചെയ്യിപ്പിക്കാൻ അറിയാം. ദിവ്യയും ഭവ്യയും അമ്മയെയും മുത്തശ്ശിയെയും പറ്റി ദുഃഖത്തോടെ ചിന്തിച്ചു. ഇവർക്കൊക്കെ ഇത്തരം കഴിവുകൾ ഉണ്ടെന്ന് ആരറിഞ്ഞു! ഇങ്ങനെ എത്രയോ സ്ത്രീകൾ കാണും, അടുക്കളകളിൽ നരകിച്ചൊതുങ്ങാൻ വിധിക്കപ്പെട്ടവരായി.

ബിസിനസിന്റെ ബാലപാഠങ്ങളിൽ ഒന്നു ക്ഷമയാണ്. അതു ദിവ്യക്കും ഭവ്യക്കും ആദ്യഘട്ടങ്ങളിൽ കുറവായിരുന്നു. വസ്ത്രങ്ങൾക്ക് ആവശ്യക്കാർ വരാതായപ്പോൾ ഇരുവരും അസ്വസ്ഥരായി. തെറ്റായ ബിസിനസ് ആണു തിരഞ്ഞെടുത്തത് എന്ന് ചിന്തിക്കാൻ തുടങ്ങി. രാധമ്മ ഇടപെട്ടില്ലായിരുന്നു എങ്കിൽ രണ്ടാളും മറ്റേതെങ്കിലും ബിസിനസ് തുടങ്ങിയേനെ. അല്ലെങ്കിൽ ബിസിനസ് തന്നെ ഉപേക്ഷിച്ചേനേ. മാസങ്ങളോളം കച്ചവടം കുറവായിരുന്നു. അക്കാലം മിക്കവാറും രാധമ്മ തനിയെയാണ്‌ ബിസിനസ് നടത്തിയത്. പതുക്കെ കച്ചവടം പച്ചപിടിച്ചു. അതോടെ ഭവ്യ മുന്നിലേക്കു വന്നു. ഓൺലൈൻ വ്യാപാരം ഉൾപ്പെടെ തുടങ്ങി. അതോടെ ബിസിനസ് ഊർജ്ജസ്വലം ആയി. ദിവ്യയും ജോലി ഉപേക്ഷിച്ചു പങ്കാളിയായി. പിന്നെയും ഏറെ വെല്ലുവിളികൾ ഉണ്ടായെങ്കിലും രാധമ്മയുടെ ശുഭാപ്തിവിശ്വാസവും ക്ഷമയും നിമിത്തം എല്ലാം മുന്നോട്ടു തന്നെ പോയി. കുട്ടികൾ എടുത്തുചാട്ടം കാണിക്കുമ്പോൾ രാധമ്മ ശകാരിക്കും. ഒരേയൊരു ഉപദേശം എപ്പോഴും ആവർത്തിക്കും: ‘ ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം ചെയ്യും’. ഏതായാലും അഞ്ചു വർഷം കൊണ്ടുതന്നെ അവർക്കു മൂന്നു ശാഖകളും ബാങ്കിൽ നല്ല നീക്കിയിരിപ്പും ഉണ്ടായി.

കച്ചവടത്തിൽ വൻ പുരോഗതി ഉണ്ടായെങ്കിലും രാധമ്മയെയും ദീപയെയും വല്ലാതെ ഉലച്ച ഒരു സ്ഥിതി വിശേഷം കുടുംബത്തിൽ ഉണ്ടായി. ഭവ്യക്കൊപ്പം ഒരു ചെറുപ്പക്കാരനെ കൂടെക്കൂടെ കണ്ടു. നേരിട്ടു പറയുന്നതിന് പകരം ദിവ്യയെ കൊണ്ട് ഉപദേശിക്കാൻ ഇരുവരും തീരുമാനിച്ചു.
പക്ഷേ അവളുടെ മറുപടി അമ്പരപ്പിക്കുന്നത് ആയിരുന്നു.
‘ കൊച്ചു കുട്ടി അല്ലല്ലോ അമ്മേ. അവളുടെ പർസനൽ കാര്യങ്ങളിൽ നമ്മൾ എങ്ങനെ ഇടപെടും. പിന്നെ ആ പയ്യനെ പറ്റി പേടിക്കേണ്ട. അവൻ വുമണൈസർ ഒന്നും അല്ല. നല്ല വായനയും ചിന്തയും ഒക്കെയുളളവനാ. അവർ നല്ല ഫ്രണ്ട്സ് ആണ്. അത്രേയുള്ളൂ.’
തലമുറകളുടെ വ്യത്യാസം രാധമ്മയും ദീപയും വായ പൊളിച്ചുനിന്നു മനസ്സിലാക്കി.

ഗാർമെന്റ്‌ ഡിസൈനിംഗ് ബിസിനസ് നല്ലവണ്ണം പുഷ്ടിപ്പെട്ടു. ഭവ്യയും ദിവ്യയും തറയിൽ നിൽക്കാതെ ഓട്ടമാണ്. ഒഴിവു കിട്ടുന്ന സമയം സുഹൃത്തുക്കൾക്കൊപ്പം ധാരാളം യാത്രകളും ആഘോഷങ്ങളും. രാധമ്മക്കും ദീപക്കും അതെച്ചൊല്ലി വലിയ ആശങ്ക തോന്നി. വൻ നഗരങ്ങളിൽ ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ സംസ്ക്കാരം അങ്ങനെയാണൊ? കുട്ടികൾക്കു – ദിവ്യക്കെങ്കിലും- വിവാഹപ്രായം എന്നേ കഴിഞ്ഞിരിക്കുന്നു. ഭവ്യയും മുപ്പത്തിരണ്ടിലെത്തി. ഇനിയെങ്കിലും ഇവർ ഒന്ന് ഒതുങ്ങണം. ജീവിതങ്ങളിൽ പ്രവേശിക്കണം. അതിനു മുമ്പ് ഇപ്പോഴത്തെ രീതികൾ മാറ്റണം. ആദ്യം സൗമ്യമായും പിന്നീട് കർശനമായും രാധമ്മയും ദീപയും തങ്ങളുടെ അഭിപ്രായം കുട്ടികളെ അറിയിച്ചു. അവരാകട്ടെ അതിശയത്തോടെയാണ് അതൊക്കെ കേട്ടു നിന്നത്.
” ഞങ്ങൾ എന്തു തെറ്റു ചെയ്തെന്നാണ് അമ്മയും മുത്തശ്ശിയും പറയുന്നത്. ഞങ്ങൾ ബിസിനസ് തിരഞ്ഞെടുത്തവരാണ്. അപ്പോൾ യാത്രകളും മീറ്റിംഗുകളും ഒരുപാട് വേണ്ടിവരും. നിങ്ങൾ രണ്ടാളും പേടിക്കുന്ന പോലെ ഒന്നുമില്ല. ഞങ്ങൾക്കു ഞങ്ങളെ സംരക്ഷിക്കാൻ അറിയാം,” ദിവ്യ പറഞ്ഞു.
” പിന്നെ കല്യാണത്തിന്റെ കാര്യത്തിൽ മാത്രം നോ രക്ഷ. ഞങ്ങൾ ആ ഏരിയായിലേക്കേ ഇല്ല. ഞങ്ങളുടെ കൺസെപ്റ്റ് വേറെയാണ്. നമ്മൾ നാലും കൂടി അടിച്ചുപൊളിക്കും. അതിനപ്പുറം ഒരു ബന്ധവും ഇനി ഇല്ല,” ഭവ്യ കൂട്ടിച്ചേർത്തു.
” ആയിക്കോട്ടെ മക്കളെ. എനിക്കു പക്ഷേ പഴയ സങ്കൽപ്പങ്ങൾ ആണു ജീവിതത്തെ കുറിച്ച്. നിങ്ങളുടെ അമ്മക്കും അതേ. തലമുറകളുടെ വ്യത്യാസം ആണ് അത്. ഞങ്ങൾ രണ്ടാളും നമ്മുടെ നാട്ടിൽ പോയി കുറച്ചു നാൾ നിൽക്കട്ടെ. എനിക്ക് ഇനി എത്രനാൾ കാണും. എനിക്ക് ആ മണ്ണിൽ ഒടുങ്ങാൻ ആഗ്രഹമുണ്ട്. നിങ്ങൾ ഇവിടെ സന്തോഷമായി ഇരിക്കൂ,” രാധമ്മ പറഞ്ഞു.
ഇൗ വക ചർച്ചകൾ പല തവണ നടന്നു. ഒടുവിൽ എല്ലാവർക്കും സന്തോഷകരം എന്ന നിലയിൽ പഴയ വീട് പുതുക്കിപ്പണിഞ്ഞ് രാധമ്മയും ദീപയും ഗ്രാമത്തിൽ താമസം തുടങ്ങി. കുട്ടികളും കൂടെക്കൂടെ ഒപ്പം താമസിക്കാൻ എത്തിയതുകൊണ്ട് വേർപിരിയലിന്റെ തോന്നൽ ആർക്കും ഉണ്ടായതുമില്ല. സ്വന്തം പുരിടത്തിനോടു ചേർന്നു കുറച്ചു ഭൂമി കൂടി വാങ്ങണമെന്നത് രാധമ്മയുടെ പഴയ ഒരാഗ്രഹം ആയിരുന്നു. അതും സാധിച്ചു. ശാരീരിക അവശതകൾ ഉണ്ടെങ്കിലും അവർ ദീപക്കൊപ്പം പറമ്പു വൃത്തിയാക്കാനും കൃഷി ചെയ്യാനും കൂടി. ചുരുങ്ങിയ കാലം കൊണ്ട് അവിടെ നല്ലൊരു പൂന്തോട്ടവും ഒരു പച്ചക്കറിത്തോട്ടവും വിടർന്നു വന്നു. പഴയ കാലത്തു സാധിക്കാതെ പോയ ചെറിയ ആഗ്രഹങ്ങളെല്ലാം വേഗം സാധിക്കാൻ രാധമ്മ ധൃതി പിടിച്ചു. തൊഴുത്ത് ഉണ്ടാക്കി ഒരു പശുവിനെയും കുട്ടിയെയും വാങ്ങി. കോഴിക്കൂട് പണിഞ്ഞ് നിറയെ കോഴികളെ വളർത്തി. എവിടെനിന്നോ വന്നു കയറിയ ഒരു നായയും പൂച്ചയും വീട്ടിലെ അന്തേവാസികൾ ആയി. സകല മൃഗങ്ങളെയും ചെടികളെയും രാധമ്മ മക്കളെ പോലെ സ്നേഹിച്ചു. ലാളിച്ചു, ശാസിച്ചു. ആഗ്രഹങ്ങൾ മിക്കതും സഫലീകരിച്ച നിർവൃതിയിൽ രാധമ്മയുടെ ഹൃദയം ആർക്കും ഒരു മുന്നറിയിപ്പും നൽകാതെ ഒരു രാത്രിയിൽ പൊടുന്നനെ നിലച്ചു.
രാധമ്മയുടെ മരണശേഷം കുടുംബ വീട്ടിൽ തന്നെ തുടരാനാണ് ദീപ തീരുമാനിച്ചത്. മൂന്നു വർഷത്തോളം അങ്ങനെ അവിടെ തുടർന്നു. എങ്കിലും അതു യാന്ത്രികമായ ഒരു ജീവിതമായിരുന്നു. വളർത്തുമൃഗങ്ങളെയും പൂച്ചെടികളെ പോലും ആ യാന്ത്രികത ബാധിച്ചു. പൂച്ച പുറപ്പെട്ടു പോയി. പിന്നാലെ നായയും. തലോടൽ കിട്ടാതെ പശുവും കിടാവും വെറുതെ അന്തരീക്ഷത്തിലേക്ക് നോക്കി അയവിറക്കി കിടന്നു. കൃഷി നിലച്ചു. ജീവിതത്തിന് അർത്ഥം കാണാനാകാതെ മരവിച്ചു നിൽക്കുമ്പോഴാണ് ഒരു ദിവസം ഭവ്യ പൊടുന്നനെ കയറി വന്നത് . അവളുടെ മുഖം അൽപം മുറുകിയിരുന്ന പോലെ ദീപക്കു തോന്നി. കുറച്ചു നേരം മറ്റു കാര്യങ്ങൾ സംസാരിച്ച ശേഷം മെല്ലെ പറഞ്ഞു:
” അമ്മേ, ഒരു വാർത്ത ഉണ്ട്. സങ്കടകരം ആണ്. എന്നാൽ മറ്റൊരു രീതിയിൽ ആശ്വാസം നൽകുന്നതുമാണ്.”
മുഖവുരക്ക് അപ്പുറം ഒന്നും പറയാതെ അവൾ ദീപയുടെ മുഖത്തു നോക്കി നിന്നു. പിന്നെ തുടർന്നു.
” അദ്ദേഹം വന്നിട്ടുണ്ട് അമ്മേ. ”
” ആര്?”
” നമ്മളെ വിട്ടുപോയ ആൾ,” നേരിട്ടു പറയാൻ ഭവ്യ ബുദ്ധിമുട്ടി. ദീപയുടെ ഉള്ളിലൂടെ ഒരു കൊള്ളിമീൻ പാഞ്ഞു. അവർ ചാടിയെഴുന്നേറ്റു.
” എവിടെ?”
” നമ്മുടെ ഫ്ലാറ്റിലുണ്ട്.”
” ഇനി പോകുമോ?.”
” ഒന്നും പറയുക വയ്യ. ഒരു സോഷ്യൽ ഗ്രൂപ്പുകാർ ആണ് അവിടെ എത്തിച്ചത്. ഡയറിയിലെ അഡ്രസ് നോക്കി.”
” അതെന്ത്? ആളിനു വയ്യെ?.”
” അമ്മ തന്നെ വന്നു നോക്കൂ. സ്വബോധം നഷ്ടപ്പെട്ടപോലെ ആണ് എനിക്കു തോന്നുന്നത്. അല്ലാതെയും വളരെ അവശനാണ്.”

ദീപ ഉടനെ തന്നെ പുറപ്പെട്ടു. അവശനായി, അതേസമയം ഇടതടവില്ലാതെ സംസാരിക്കുന്ന അവസ്ഥയിൽ ആയിരുന്നു ശിവദാസ്. എല്ലും തോലുമായ ശരീരം. ദീപയെ എന്നല്ല ആരെയും അയാൾ തിരിച്ചറിഞ്ഞില്ല. അയാളെ സോഷ്യൽ ഗ്രൂപ്പുകാർ എത്തിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിരുന്നു. ദിവ്യയും ഭവ്യയും എല്ലാ ജോലികളും ഉപേക്ഷിച്ച് അയാളെ ഒരു ശിശുവിനെ പോലെ പരിചരിച്ചു. അത് ദീപക്ക് വേദനക്കിടയിലും ഒരതിശയമായിരുന്നു. അവർക്ക് ആ കുട്ടികളെ കുറച്ചു കൂടി മനസ്സിലാക്കാൻ കഴിഞ്ഞു. ദയാലുക്കളും തീർത്തും സത്യസന്ധരും ആണ് അവർ.
ഒരുമിച്ചു താമസിച്ച കാലത്ത് എത്ര മൗനിയായിരുന്നു ശിവദാസ് എന്ന് ദീപ ഓർത്തു. ഇപ്പോഴാകട്ടെ ഇടതടവില്ലാതെ സംസാരവും. അടുപ്പമുള്ള ആരോടോ പറയുന്ന പോലെയാണ് തങ്ങളോടു സംസാരിക്കുന്നത്. സ്വന്തം ജീവിത്തെക്കുറിച്ച് ക്രമം തെറ്റിച്ച് പറഞ്ഞു കൊണ്ടേയിരിക്കും. ചിലപ്പോൾ മനോരോഗാശുപത്രിയിൽ ആളുകൾ ഉപേക്ഷിച്ചു പോയതിനെ പറ്റി, ചിലപ്പോൾ ബാല്യകാലത്തെ കുറിച്ച്.
അയാളെ കുറിച്ച് എന്തെങ്കിലും ഒക്കെ അറിയാൻ അവർ എക്കാലവും ആഗ്രഹിച്ചിരുന്നു. പക്ഷേ അയാളിൽ നിന്ന് എന്തെങ്കിലും അറിയുക അക്കാലത്ത് സംഭാവ്യം ആയിരുന്നില്ല. ഇപ്പോൾ അയാളോട് എന്തു ചോദിച്ചാലും പറഞ്ഞു തരും. ദിവ്യയും ഭവ്യയും ആണു ചോദ്യങ്ങൾ ചോദിച്ചത്‌. ദീപ കനത്ത ദുഃഖത്തോടെ കേട്ടിരിക്കുക മാത്രം ചെയ്തു. അയാളുടെ ജീവിതത്തിലെ ഓരോ ചെറിയ കാര്യവും ഓരോന്നിനോടുമുള്ള അയാളുടെ മനോഭാവവും അവർ മനസ്സിലാക്കി.

” ദീപ എങ്ങനെയുള്ള ആളാണ്?,” ഭവ്യ ചോദിച്ചു.
” സാധുവാണ്. പരമ സാധു. എന്റെ കൂടെ വളരെ കഷടപ്പെട്ടാണ് അവള് ജീവിച്ചത്.”
” അതെന്താ?”
” ഓ ! എനിക്കു പെരുമാറാനും സംസാരിക്കാനും അറിയില്ലല്ലോ. ശ്രമിച്ചാലും ആരോടും അടുക്കാനും എനിക്കു പറ്റില്ല. അതുകൊണ്ട് അവള് ശ്വാസം മുട്ടിയാണ് ജീവിച്ചത്.”
” ആ പിള്ളേര് എങ്ങനെ?”
” മിടുക്കരാ. ഇളയവളു പ്രത്യേകിച്ചും. ഞാൻ കാരണം അവരും കഷ്ടപ്പെട്ടു. ഞാൻ ഫ്ലാറ്റിലെത്തിയാൽ അവർക്കെല്ലാം സ്വാതന്ത്ര്യക്കുറവാ. നിങ്ങളു സംസാരിക്കൂ, സന്തോഷമായിരിക്കൂ എന്ന് എനിക്കു പറയണമെന്നുണ്ടായിരുന്നു . പക്ഷേ ഒരിക്കലും കഴിഞ്ഞില്ല.”

കൽക്കട്ടയിലെ പ്രിയ എന്ന മറാത്തിപ്പെണ്ണിന്റെ കഥ, അവളുടെ അതേ കണ്ണുകൾ ദീപയിൽ കണ്ടു വിവാഹം കഴിക്കാൻ തീരുമാനിച്ചത്, ദീപയെ കൽക്കട്ടയിൽ കൊണ്ടുപോയത്, ദീപക്ക് ഒന്നും ഓർമ്മ കാണാഞ്ഞ് അയാൾ തകർന്നു പോയത് ഒക്കെ അയാളിൽ നിന്ന് അവർ കേട്ടു. ദീപയ്ക്ക്‌ ജീവിതത്തിലെ ഏറ്റവും വലിയ അത്ഭുതം ആയിരുന്നു കൽക്കട്ട തെരുവിൽ അനുഭവപ്പെട്ട അപാരമായ അസ്വസ്ഥതയും അവിടെ അയാൾ കൊണ്ടുപോയ ഫ്ലാറ്റിൽ അനുഭവപ്പെട്ട അവാച്യമായ സ്വാതന്ത്ര്യ ബോധവും. ഇപ്പോൾ പ്രിയ എന്ന അയാളുടെ കാമുകിയുടെ കഥ കേട്ടതോടെ ദീപ അവൾ തന്നെയാണോ താൻ എന്ന വലിയ അമ്പരപ്പിലേക്ക് വീണു. അവർക്ക് ശിവദാസിനോട് ഒരിക്കലും തോന്നിയിട്ടില്ലാത്ത വിധം സ്നേഹം തോന്നി. ദിവ്യക്കും ഭവ്യക്കുമാകട്ടെ അയാളോട് അപാരമായ മതിപ്പു തോന്നി. സ്നേഹിച്ച പെണ്ണിനോട് എത്ര വിശ്വസ്തതയും സ്നേഹവും ആണ് അയാൾക്ക്. മനസ്സിൽ ഒരു മാലിന്യവുമില്ലാത്ത പുരുഷ രത്നമാണയാൾ.
അയാളെ ഒരു മനോരോഗ വിദഗ്ധനെ കാണിച്ചു. കടുത്ത ചികിത്സ ഒന്നും നൽകണ്ട എന്നായിരുന്നു അദ്ദഹത്തിന്റെ അഭിപ്രായം. രോഗിയുടെ പ്രായവും ശാരീരിക സ്ഥിതിയും അനുകൂലമല്ല. മൂന്നു സ്‌ത്രീകളും കൂടി അയാളെ ഒരു ശിശുവിനെ പോലെ പരിചരിച്ചു. അങ്ങനെ പോകെ ക്രമേണ അയാൾ സ്വബോധത്തിലേക്ക് തിരികെ വരുന്ന ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. വീണ്ടും ജനിച്ച ഒരു ശിശുവിനെ പോലെ അയാൾ വിസ്മയത്തോടെ എല്ലാം നോക്കിക്കണ്ടു.

ഭവ്യയും ദിവ്യയും അയാളുടെ ജീവിതത്തിലെ രണ്ടാം വരവിൽ അയാളെ വെറുതേ വിട്ടില്ല. സ്നേഹം കൊണ്ടയാളേ വീർപ്പു മുട്ടിച്ചു. എല്ലാ സ്വാതന്ത്ര്യവും ഏടുത്തു. മറാത്തിപ്പെണ്ണിനെ പറ്റി ചോദിച്ചു. തന്റെ രഹസ്യങ്ങൾ എല്ലാം അവർക്ക് അറിയാം എന്ന് അയാൾക്കു മനസ്സിലായി. അയാൾ സന്തോഷപൂർവ്വം അവരുടെ കുസൃതികൾക്കു വേണ്ടി കാത്തിരിക്കാൻ തുടങ്ങി. ജീവിതത്തിൽ ഒരിക്കലും ഇല്ലാത്ത സ്വാതന്ത്ര്യവും സന്തോഷവും. അയാൾ അനുഭവിച്ചു. നിറഞ്ഞ സംതൃപ്തിയോടെയാണ് മാസങ്ങൾക്കു ശേഷം അയാൾ മരണത്തിലേക്കു നീങ്ങിയതും.
____________________________

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English