വിധിവിധം

“അല്പം സമയം കൂടി കാത്തിരിക്കണം. വേദന കുറയാനല്ലേ? കുറച്ചു കൂടി ക്ഷമയോടെ”. സ്നേഹപുരസ്സരമീ വാക്കുകൾ – അതൊരു ആശ്വാസം തന്നെയാണ്‌. സൈനബയുടെ ചുണ്ടുകളിൽ ചെറുപുഞ്ചിരി വിടർന്നു. അതു ചെറിയ കാര്യമല്ല. വലിയ വേദനകൾക്കിടയിൽ ചെറു സന്തോഷം വലുതാകും. ആതുരസേവനം തുടങ്ങിയിട്ട് ഇന്നു ഇരുപതു വർഷങ്ങൾ പിന്നിടുമ്പോൾ കാര്യഗൗരവം കൂടി, വിഷയത്തിലുള്ള അറിവും. അനുഭവങ്ങൾ ആഴങ്ങളിൽ ഇറങ്ങി മനസ്സിൽ കൂട് കെട്ടി. അവയിൽ വിവിധ രസങ്ങൾ. കൈ പിടിച്ചു മുന്നോട്ട്…..

നോവുകൾ ഇല്ലാത്ത, അനുഭവിക്കാത്ത മനുഷ്യരുണ്ടോ ഈ ലോകത്തിൽ? ഈ ലോകം തന്നെ തീർത്തിരിക്കുന്നതു അപ്രകാരമാണെന്നു തോന്നും. സുഖദു:ഖസമ്മിശ്രസമ്മേളനമാണീ ഭൂമിയിൽ. സന്തോഷസന്താപവിപ്ളവം. അങ്ങനെ നോക്കുമ്പോൾ വ്യത്യസ്തമല്ല ആരുടേയും കഥ.ചിലർക്ക് ഒരു പക്ഷെ ദുഖത്തിന്റെ അളവ് കൂടി നിൽക്കും. അതു ജന്മങ്ങളോളം ‘സ്പിൽഓവർ’ ആയി ‘ക്യാരി ഫോവേഡ്’ ആകും. എത്രയോ പേരെ കണ്ടറിഞ്ഞിരിക്കുന്നു സുമിജ. രോഗം പിടിപ്പെട്ടാൽ പിന്നെ മനുഷ്യൻ ചിലപ്പോൾ നിസ്സഹായനാകും. നമ്മുടെ അന്തർസംവിധാനം പുതുതരംഗങ്ങളിലൂടെ കടന്നു പോകുമ്പോൾ ഒരു പുത്തൻപഴയ അനുഭവം ആകാം. ചിലപ്പോൾ പുതുപുത്തനുമാകാം. നിയന്ത്രിക്കപ്പെട്ടു, നിയന്ത്രിക്കപ്പെടുന്നു എന്നവകാശപ്പെടുന്നു. കാലം ഒരുക്കുന്ന കുസൃതിത്താലം.

“ഇന്നു ഡ്യൂട്ടി ഇല്ലേ?“ മകൻ അഭിരാമിന്റെ ചോദ്യം.

”ഉണ്ടല്ലോ.“

ഇടയ്ക്കിടെ ഈ ചോദ്യം അത് ആവർത്തിക്കപ്പെടാൻ വിധിക്കപ്പെട്ടതാണ്‌. ഒരു നഴ്സിന്റെ ജീവചരിത്രത്തിൽ പ്രധാനപ്പെട്ട വാക്കുകളിലൊന്നാണ്‌ ‘ഡ്യൂട്ടി’. പിന്നെ പറയാതെ അറിയാമല്ലോ ‘ഡോക്ടർ’. വിവിധ തരത്തിലുള്ള ആളുകൾ. അവരുടെ പശ്ചാത്തലങ്ങളും വ്യത്യസ്തം. മുഖഭാവങ്ങൾ ഉൾത്തലങ്ങളിൻ പ്രതീകങ്ങളാകും. എല്ലാം ഒരു ജനനമരണ പോരാട്ടമാണ്‌. ജനനസാന്ത്വനം അറിയുന്ന മാതാപിതാക്കൾ, കുടുംബക്കാർ. മരണത്തിന്റെ മുഴക്കം ചില കാതുകളിൽ ഏറ്റവും വലിയ ശബ്ദമായി തെളിയും. ജീവിതത്തിന്റെ അവസാനം ഒരു ഉൾക്കടലിലേയ്ക്ക്‌ വലിഞ്ഞിറങ്ങുന്നതു പോലെ. ഡോക്ടർമാരുടെ ഓരോ വാക്കിനും വില കല്‌പ്പിക്കുന്നു.
ഇനി ജീവിതത്തിലേയ്ക്ക് തിരിച്ചു വരവാണെങ്കിലോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തിരയിളകും.

മരുന്നിന്റെ മണമടിച്ചു കഴിഞ്ഞു പോയതു വർഷങ്ങൾ. അന്നു നഴ്സിംഗിനു പഠിക്കുമ്പോൾ ഇട്ട വെള്ളക്കോട്ടിനിപ്പോഴും പുതുഗന്ധം. ഈ മാലാഖമാരുടെ സേവനം ആകാശത്തോളം പ്രകീർത്തിക്കുമ്പോൾ സുമിജ സന്തോഷിക്കും. ഡോക്ടർമാരോടൊപ്പം രാപ്പകലില്ലാതെ അധ്വാനിച്ചു പലർക്കും പുതുജീവിതമേകാനും കൈപിടിച്ചുയർത്താനും ഒക്കെ കൂടെ നിന്നവർ. ജീവിതം സേവനത്തിനായി ഉഴിഞ്ഞുവച്ചവർ.
അന്നും പതിവു പോലെ തിരക്കു തന്നെയായിരുന്നു. വൈകുന്നേരം ചായ കുടിക്കാൻ കാന്റീനിൽ പോയി. കൂടെ വന്ദനയുമുണ്ടായിരുന്നു. ചർച്ച കൂടുതലും വീട്ടുകാര്യങ്ങളായിരിക്കും. അഭിരാമിന്റെ പഠനം. വന്ദന പറയുന്നതു വിദ്യയുടെ നൃത്തത്തെക്കുറിച്ച്. യാത്ര ഏതെങ്കിലും ഒക്കെ പ്ലാൻ ചെയ്തിരിക്കുമ്പോഴായിരിക്കും പെട്ടെന്നു വിളി വരുന്നതു. അതു രാത്രിയിലായിരിക്കും. പരിഭവങ്ങളില്ല. പതിനെട്ടു വർഷത്തെ പരിചയം അല്ലേ? വെറുതെ ആകില്ല. കയ്യിലിരുപ്പ് എന്നതൊന്നുണ്ടല്ലോ? കൈപുണ്യം, കരമേന്മ, നല്ല കാലം. ഇതെല്ലാം ചേരുമ്പോഴാണു ഒരു ‘നല്ല’ നഴ്സ്, ഡോക്ടർ പിറക്കുന്നത്. വീട്ടുവിശേഷങ്ങൾ ചായയിലും കാപ്പിയിലും ഒതുങ്ങും. അവ ആശുപത്രി വിശേഷങ്ങളുമായി കലരാൻ പാടില്ല. അല്ലെങ്കിൽ എല്ലാം കൂടി വലിയ കയ്പ്പായിരിക്കും. ചായ കുടിച്ചു അല്പം നടന്നു നീങ്ങിയപ്പോൾ പിറകിൽ നിന്നൊരു വിളി.

 

‘മാഡം!’ ‘മാഡം!’

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വൃദ്ധയായ ഒരു സ്ത്രീ. വയസ്സ് എഴുപത്തിയഞ്ചു കാണും. കൂടെ ഒരു പയ്യനും.

“എന്നെ ഓർമ്മയുണ്ടോ?”

എന്നു ചോദ്യം. ആ ചോദ്യം തിരിഞ്ഞു വളഞ്ഞെത്തുന്നതിനു മുൻപു തന്നെ ആരാണ്‌ ഇത് എന്ന ചിന്ത മനസ്സിന്റെ മുറ്റത്ത് നിന്നു അകത്തു കടന്നു കഴിഞ്ഞു. ഓർമ്മകൾ വല തട്ടിയെടുക്കുന്ന നേരം കൊണ്ട് ആ ചോദ്യം വന്നു. പക്ഷെ മനസ്സിലായില്ല.

“ഞാൻ ശർമ്മയുടെ സഹോദരി ചന്ദ്രവേണി.”

“ഓർമ്മയില്ലേ? മറന്നോ?”

ശർമ്മ എന്നു കേട്ടപ്പോൾ തന്നെ എല്ലാ മറവിയും മറന്നു പോയി. ഓർമ്മകൾ തെളിഞ്ഞു. ശർമ്മ സാറിന്റെ പേരു കേട്ടതു തന്നെ യാദൃച്ഛികം.

ഇന്നാണല്ലോ ആ ദിനവൂം – സുമിജ ഓർത്തു.പന്ത്രണ്ടു വർഷങ്ങൾക്കു മുൻപ് ഇതേ ആശുപത്രിയിൽ – ‘ഫെയർ’ ൽ ജോലി ചെയ്യുകയായിരുന്നു. അന്നത്തെ പ്രശസ്തനായ ഡോക്ടർ ചന്ദ്രശർമ്മ. പേരു കേട്ട ഹൃദ്രോഗവിദഗ്ദ്ധൻ. അമേരിക്കയിൽ നിന്നു പഠനം. നേരത്തെ പറഞ്ഞ കൈപുണ്യം തെളിഞ്ഞ ആൾ. ജനങ്ങൾക്കിടയിൽ വിശ്വാസവും ആശ്വാസവും ഉണ്ടായിരുന്നു. ഹൃദയങ്ങൾക്കൊത്തിരി പുതുജീവനേകിയ ആൾ.

അദ്ദേഹത്തോടൊപ്പം സേവനം ചെയ്യാൻ ലഭിച്ച അവസരങ്ങൾ ഓർത്തെടുത്തു സുമിജ.
ഒരു രാത്രി പന്ത്രണ്ടര മണി. പെട്ടെന്നു ഒരു പേഷ്യന്റ് വരുന്നു. അപ്പോൾ തന്നെ വേണ്ടതെല്ലാം ചെയ്യുന്നു. രക്ഷപ്പെടുന്നു. ഈ പറഞ്ഞ പോലെ അത്രയും എളുപ്പമല്ല കാര്യങ്ങൾ. ഒത്തിരി കടമ്പകൾ. കത്തികളും മുള്ളുകളും. ഇ.സി.ജി, ലാബ്, രക്തം, എന്തെല്ലാം. ഒരു മനുഷ്യശരീരം വെറും ചില്ലുകൂടാരം. അതിനുള്ളിൽ എന്തെല്ലാമാണ്‌ സൂക്ഷിച്ചിരിക്കുന്നത്.

എല്ലാം അങ്ങോട്ടുമിങ്ങോട്ടും ബന്ധിപ്പിച്ചിരിക്കുന്നു. എല്ലാം ഒരു മാല കോർത്തതു പോലെ. എന്തെല്ലാം അദ്ഭുതങ്ങൾ ഉള്ളിൽ സംഭവിക്കുന്നു. നാം പോലും അറിയുന്നില്ല. ഓരോന്നിനും ഇപ്പോൾ സ്പെഷ്യലൈസേഷൻ. കാരണം ആരോഗ്യമേഘല അത്രയും വികസിച്ചു കഴിഞ്ഞു. വിദൂരരാജ്യങ്ങൾ ഇപ്പോൾ വിരലുകളിലൊതുങ്ങുന്നു.

“എന്താ ചന്ദ്രവേണി മാഡം ഇവിടെ?”

“ഒരാളെ കാണാൻ വന്നതാണ്‌. ഒരു കൂട്ടുകാരി. തമിഴ്നാട്ടുകാരിയാണ്‌. ഇപ്പോൾ കുറവുണ്ട്. പനിക്കാലമല്ലേ? ഡോക്ടർ ശ്യാം ആണ്‌ നോക്കുന്നത്.”

എല്ലാം പറഞ്ഞു തീർത്തതു പോലെ ഒന്നു നിർത്തി. ഉടൻ തന്നെ “ശർമ്മ സാർ?” ആ ചോദ്യം പ്രതീക്ഷിച്ചിരുന്നു.

“ചേട്ടൻ മുംബൈയിലുണ്ട്. വയസ്സായില്ലേ. നടക്കാൻ ബുദ്ധിമുട്ടുണ്ട്. മൂത്ത മകളുടെ കൂടെയാണ്‌.”

സഹോദരി പറഞ്ഞു. അന്നു ഒൻപതു വർഷങ്ങൾക്കു മുൻപ് സാറിനു അറുപത്തിയെട്ടു വയസ്സ്. അന്നു എത്ര ചുറുചുറുക്കായിരുന്നു ഡോക്ടർക്ക്. ചന്ദ്രവേണി മാഡം അന്നൊരു ദിവസം പനി പിടിച്ചു ആശുപത്രിയിൽ വന്നതും എല്ലാം പെട്ടെന്നു ചെയ്തു മരുന്നു നല്‌കിയതും ഉണ്ട് സുമിജയുടെ ഓർമ്മയിൽ.

“ഡോക്ടറുടെ നമ്പറുണ്ടോ? ഫോൺ വിളിക്കാം.” ആ പയ്യൻ – അതു ചന്ദ്രവേണി മാഡത്തിന്റെ ചെറു മകനായിരുന്നു. അപ്പോൾ തന്നെ നമ്പർ കൈമാറി. ഇന്നു തന്നെ വിളിക്കണം – സുമിജ തീരുമാനിച്ചു.

രാത്രി ഏഴു മണിയായപ്പോൾ ആ നമ്പറിലേയ്ക്കൊന്നു ഡയൽ ചെയ്തു. എടുത്തത് ഒരു ആൺ ശബ്ദം. ഡോക്ടർ സാറിന്റെ മരുമകനായിരിക്കാം. “അച്ഛനു കൊടുക്കാം.

” “സാർ ഞാൻ… ഞാൻ… സുമിജ. ഫെയർ ഹോസ്പിറ്റൽ.”

“ഓ സുമിജ. എത്ര നാളുകൾ.” പെട്ടെന്നൊരു നിശ്ശബ്ദത.

“ആരോഗ്യദിനത്തിന്റെ കാര്യമാണ്‌ ഓർമ്മ വരുന്നത്. പണ്ട് അമേരിക്കയിൽ പോയത്.”

അമേരിക്കയിൽ പോയ ദിവസം – വീണ്ടും ഓർമ്മകൾ പൂത്തു. അന്താരാഷ്ട്ര ആരോഗ്യദിനത്തിൽ അമേരിക്കയിൽ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ കാര്യം കണ്ണാടി പോലെ. ഫെയറിൽ നിന്നു രണ്ടു ഡോക്ടർമാരും ഒരു നഴ്സും പങ്കെടുക്കണമെന്നായിരുന്നു മാനേജ്മെന്റ് നയം. അന്നത്തെ മിടുക്കിയായ ഒരു നഴ്സിനെ കണ്ടുപിടിക്കണം. നഴ്സുമാർ പോകാൻ തയ്യാറായിട്ടുള്ളവർ ഒൻപതു പേർ. അതിലൊന്നു സുമിജ. നാലു പേരുടെ പാനലിലുണ്ടായിരുന്ന യാത്രയിൽ പോകാനുള്ള രണ്ടു ഡോക്ടർമാരും ഒരേ സ്വരത്തിൽ പറഞ്ഞു. ‘സുമിജ.’ മറ്റതു യശോധനൻ ഡോക്ടറായിരുന്നു. അദ്ദേഹം തിരുവനന്തപുരത്തുണ്ട്. അങ്ങനെ മാനേജ്മെന്റിനു തീരുമാനം വളരെ എളുപ്പമായി. സുമിജയ്ക്ക് അമേരിക്കൻ യാത്രയ്ക്കുള്ള അവസരം ലഭിച്ചു. അന്നു താരമായിരുന്നു. അവിടത്തെ നഴ്സിംഗ് വിദ്യാർത്ഥി വിദ്യാർത്ഥിനികൾ ഇക്കാര്യമറിഞ്ഞു. അമേരിക്കയെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന സുമിജയ്ക്ക് ഇതൊരു ഭാഗ്യസമ്മാനമായിരുന്നു. കഠിനാധ്വാനത്തിന്റെ ഫലം. അന്നു വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഒരുപക്ഷിയെ പോലെ……..

“സാറിനു സുഖമാണോ?”

“സുഖം. അങ്ങനെ പോകുന്നു.”

“എന്നാ നാട്ടിലേയ്ക്ക്?”

“ഓണത്തിനു വരും.” കുശലാന്വേഷണം കഴിഞ്ഞു.

ഇനിയൊരു അമേരിക്കൻ യാത്രയെപ്പറ്റി ചിന്തിച്ചിട്ടില്ല. കുടുംബജീവിതം ഭദ്രം. ഇവിടെയാണു അമേരിക്കയും ലണ്ടനും. കൂടുതൽ ആഗ്രഹങ്ങൾ ഇല്ലാത്തതുകൊണ്ടായിരിക്കാം അമേരിക്കയിൽ അന്നു പോകാൻ ഭാഗ്യമുണ്ടായത്. ആ ദിനങ്ങളിൽ – മൂന്നു ദിവസങ്ങൾ – കേട്ട, കണ്ട കാര്യങ്ങൾ ഓർമ്മ വന്നു – വിവിധ രാജ്യപ്രതിനിധികൾ.

എന്നും ആരോഗ്യദിനമാണ്‌ – മരുന്നും മനുഷ്യനും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English