ദശാസന്ധികള്‍

 

subramanyan_13sum_10093_big

 

 

ആളൊഴിഞ്ഞ ലോഡ്ജിന്റെ സ്വീകരണമുറിയില്‍ ഏകനായിരിക്കുമ്പോള്‍ രാമന്‍ മാഷ് അപ്പുമണിസ്വാമികളെ ഓര്‍ത്തു.

മരിക്കുന്നതിനു മൂന്നാഴ്ചകള്‍ക്ക്മുമ്പ് സ്വാമികള്‍ രാമന്‍ മാഷിനെ വിളിപ്പിക്കുകയുണ്ടായി.

മാഷ് ചെല്ലുമ്പോള്‍ സ്വാമികള്‍ ധ്യാനത്തിലായിരുന്നു. നാഴികകള്‍ നീണ്ട ധ്യാനത്തിനൊടുവില്‍ സ്വാമികള്‍ കണ്ണു തുറന്നു.

“മാഷ് കാത്തിരുന്നു മുഷിഞ്ഞുവോ?”

സ്വാമികള്‍ പുഞ്ചിരിയോടെ തിരക്കി.

മാഷ് തിരിച്ചൊരു പുഞ്ചിരി നല്‍കി സ്വാമികള്‍ക്കഭിമുഖമായി നിലത്ത് ചമ്രം പടിഞ്ഞിരുന്നു.

“ഞാന്‍ ആരാണ്?”

പതിഞ്ഞ ശബ്ദത്തില്‍ സ്വാമികള്‍ ചോദിച്ചു.

ആ ചോദ്യത്തിനുമുന്നില്‍ രാമന്‍ മാഷ് ഒന്നു പതറിപ്പോയി.

“അവിടുന്ന് ഞങ്ങളുടെ ദൈവമാണ്.”

രാമന്‍ മാഷ് ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു.

ആ പറുപടിക്കുമുന്നില്‍ സ്വാമികള്‍ ഒന്നു നെടുവീര്‍പ്പിട്ടു.

“ഞാന്‍ ദൈവമാണെങ്കില്‍ രാമന്‍ മാഷും ദൈമാണ്.”

“ഞാന്‍ ഒരു വെറും മനുഷ്യന്‍”- രാമന്‍ മാഷ് വിനയത്തോടെ സ്വാമികളെ തിരത്തി,.

“അതെ, എനിക്കൊരു വെറും മനുഷ്യനാകണം. നിങ്ങളതിന് എന്നെ അനുവദിക്കുമോ?”

ഏറെ നേരത്തെട്ഠ്തിനൊടുവില്‍ കൈകൂപ്പിക്കൊണ്ട് സ്വാമികള്‍ പറഞ്ഞു.

“ഈ പാവത്തെ പരീക്ഷിക്കരുത്.” രാമന്‍ മാഷ് ദയനീയമായി സ്വാമികളെ നോക്കി.

“കൂട്ടുപാതയില്‍ ഇപ്പോള്‍ എത്ര ഓട്ടോറിക്ഷകളുണ്ട്?” – സ്വാമികള്‍ തുടര്‍ന്നു ചോദിച്ചു.

“മുപ്പത്തിയാറ്.”- ചെറിയൊരലോചനയ്ക്കൊടുവില്‍ രാമന്‍ മാഷ് പറഞ്ഞു.

“മാഷുടെ ലോഡ്ജ് എങ്ങനെ പോകുന്നു?”

“തരക്കേടില്ല. എല്ലാം അവിടുത്തെ അനുഗ്രഹം.”

“മാഷുടെ നക്ഷത്രം?”

“തിരുവോണം.”

“ഇപ്പോള്‍ വ്യാഴദശാന്ത്യം, അല്ലേ?”

“അവിടുത്തേയ്ക്കു തെറ്റില്ലല്ലോ.”

“എന്നെ വിശ്വസിച്ച് മാഷ് ഈ ഓണംകേറാമൂലയില്‍ ലോഡ്ജ് പണിതു. ഇപ്പോഴിതാ, മൂന്നാല് ഓട്ടോറീക്ഷകളും വാങ്ങിവിട്ടിരിക്കന്നു.”

“അനുഗ്രഹിക്കണം.”

“മാഷിനിപ്പോള്‍ രാഹുവിന്റെ അപഹാമാണ്.

ഒരു ദശാസന്ധിയെ നേരിടുന്നു.”

രാമന്‍ മാഷ് ഒന്നു വിയര്‍ത്തു.

“പ്രശ്നങ്ങള്‍ വല്ലതും.”

“ഉണ്ട്, പക്ഷേ, അതിജീവിക്കും.”

അത്രയും പറഞ്ഞ് സ്വാമിള് മിഴിപൂട്ടി. അല്പനേരം കൂടി സ്വാമികളുടെ മുന്നിലിരുന്നശേഷം രാമന്‍ മാഷ് പതുക്കെ എഴുന്നേറ്റു.

രാമന്‍ മാഷ് ഓര്‍മകളില്‍ നിന്നും മുഖമുയര്‍ത്തി. “അതേ, ഞാനിപ്പോള്‍ ഒരു ദശാസന്ധിയിലാണ്. ഞാന്‍ മാത്രമല്ല ഒരു ഗ്രാമം മുഴുവനും.” -രാമന്‍ മാഷ് ആരോടെന്നില്ലാതെ പറഞ്ഞു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English