ദംശനം

woman-shadow

ഗുഡ് മോർണിംഗ് മാഡം! എല്ലാ ദിവസത്തെയും പോലെ സ്വപ്ന വന്ന ഉടനെ കല ആശംസിച്ചു. കൂടെ പതിവുള്ള മധുരം ഇടാത്ത കട്ടൻ കാപ്പിയും സ്വപ്നയുടെ മേശപ്പുറത്തു എത്തി. രണ്ടു മിനിറ്റ് കുശലം ചോദിക്കലും പറയലും പതിവുള്ളതാണ്. പതിനെട്ട്ടു വയസായ മകളുടെ പഠിത്തം ആണ് കഴിഞ്ഞ രണ്ടു ആഴ്ചയിലെ വിഷയം. പഠിത്തത്തിൽ പിന്നോക്കകാമായിരുന്ന മകളെ അവൾക്കു താല്പര്യമുള്ള ബ്യൂട്ടീഷ്യൻ കോഴ്‌സിന് വിടാൻ സ്വപ്നയാണ് നിർബന്ധിച്ചത്. നാൽപതു വയസുള്ള കലയ്ക്കു രണ്ടു പെൺകുട്ടികൾ ആണ്. രണ്ടാമത്തെവൾ ആറാം ക്ലാസ്സിൽ പഠിക്കുന്നു. മദ്യപാനി ആയ ഭർത്താവു. കല സ്വപ്നയുടെ വക്കീൽ ഓഫീസിൽ സ്റ്റാഫ് ആണ്. മിടുക്കി. ഓഫീസിന്റെ അടുത്തുള്ള ഒരു ചേരിയിലാണ് അവളുടെ താമസം. ഭർത്താവിന്റെ അമ്മയും, പെങ്ങളും അനിയനുമെല്ലാം അടുത്തടുത്ത് തന്നെ താമസം. സംസാരം അവസാനിപ്പിച്ചു സ്വപ്ന തന്റെ ദൈനംദിന ജോലികളിലേക്ക് പ്രവേശിച്ചു.


പുതിയ ഓഫീസ് കെട്ടിടത്തിന്റെ കരാറുകളുടെ അവസാന ഘട്ട മിനുക്കു പണികളിൽ മുഴുകിയിരിക്കുമ്പോളാണ് സുജാതയുടെ ഫോൺ വന്നത്. സ്വപ്ന ആറു വർഷം മുൻപ് ജോലി ചെയ്തിരുന്ന കമ്പനിയിലെ അക്കൗണ്ടിംഗ് വകുപ്പിൽ സീനിയർ അക്കൗണ്ടന്റ് ആണ് സുജാത. പ്രായത്തിൽ സ്വപ്ന വളരെ സീനിയർ ആണെങ്കിലും അവർ നല്ല കൂട്ടുകാരായിരുന്നു. അഭിപ്രായങ്ങൾക്കും , ഉപദേശങ്ങൾക്കും സുജാത സ്വപ്നയെ ആശ്രയിക്കുക പതിവായിരുന്നു. അമ്മായിയമ്മയെ കൈകാര്യം ചെയുന്നത് മുതൽ സാരിയ്ക്കു എന്ത് ബ്ലൗസ് എടുക്കണം എന്നത് വരെ….. എന്നാൽ ഈ സമയത്തുള്ള വിളി പതിവില്ലാത്തതാണ്. ഫോൺ എടുത്തതും അങ്ങേ തലക്കൽ ഒരു പൊട്ടിക്കരച്ചിൽ. എന്തുപറ്റി എന്ന് പല പ്രാവിശ്യം ചോദിച്ചട്ടും സുജാത കരയുന്നതല്ലാതെ ഒന്നും പറയുന്നില്ല. അവസാനം സ്വപ്നയെ ഇപ്പോൾ തന്നെ കാണണം എന്നും സ്വപ്നയുടെ ഓഫീസിന്റെ അടുത്തുള്ള കോഫി ഷോപ്പിൽ കാത്തിരിക്കാം എന്നും പറഞ്ഞു സുജാത ഫോൺ വെച്ചു. സ്വപ്നയും വേഗം ബാഗും എടുത്തു ഓഫീസിൽ നിന്നും ഇറങ്ങി. നടക്കാനുള്ള ദൂരമേ ഉള്ളു.

രാവിലെ സമയമായതിനാൽ കോഫി ഷോപ്പിൽ ആരും തന്നെ ഇല്ല. കരഞ്ഞു വീർത്ത കണ്ണുകളുമായി സുജാത ഒരു മൂലയിൽ ഇരിക്കുന്നു. സ്വപ്ന നേരെ പോയി അവളുടെ എതിർക്കേ ഇരുന്നു. ചോദ്യചിഹ്നത്തോടെ സ്വപ്ന സുജാതയെ നോക്കിയതും വീണ്ടും അവളുടെ കണ്ണുകൾ നിറഞ്ഞു. അധികം മുഖവുരയില്ലാതെ അവൾ കാര്യത്തിലേക്കു കടന്നു. അവളുടെ ഭർത്താവു മൂന്ന് വയസുകാരിയായ അവരുടെ മകളെ പീഡിപ്പിക്കുന്നു എന്ന് ബലമായ സംശയം ! സ്വപ്നക്കു ശ്വാസം മുട്ടുന്നത് പോലെ തോന്നി.

ഒരു ബന്ധുവിന്റെ കല്യാണ തലേനാളിൽ ശബ്ദമുഖരിതമായ വീട്ടിൽ നിന്നും കുറച്ചു ദൂരെയുള്ള പായൽ പിടിച്ച കുളിമുറിയുടെ മതിലുകളുടെ പിന്നിൽ…..ഇരുൾ പരന്നു തുടങ്ങിയ സായാഹ്ന സമയത്തു, തന്റെ നേരെ വന്ന ആ കനത്ത കൈകൾ …… എന്തോ അരുതാത്തതു തനിക്കു സംഭവിക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞു ഉണ്ടാക്കിയ ശബ്‍ദം മ്യൂസിക് സെറ്റിൽ നിന്നും പുറത്തു വന്ന പാട്ടുകളിൽ മുങ്ങി ….. കാലുകൾക്കിടയിൽ വേദനയുമായി തനിക്കു എന്തുപറ്റി എന്നറിയാതെ ആശയകുഴപ്പത്തിലായ പത്തുവയസുകാരി ….. സ്വപ്നയുടെ കണ്ണുകളിൽ ഇരുട്ടു കയറി…..

കാർത്തിക് അങ്ങനെ ചെയ്യുമോ? കാർത്തിക്കിനെയും സ്വപ്നക്കു നല്ല പരിചയമാണ്. പഴയ കമ്പനിയിലെ മാർക്കറ്റിങ് വിഭാഗത്തിൽ ആയിരുന്നു കാർത്തിക്. അവരുടെ പ്രണയ നാളുകളിൽ നിന്ന് തന്നെ സ്വപ്നക്കു അയാളെ അറിയാം. നല്ല ഒരു ചെറുക്കൻ! പണിയിൽ മിടുക്കൻ! എല്ലാവരോടും നല്ല പെരുമാറ്റം. ചെറിയ ഒരു ബുദ്ധി ജീവി ആയതിനാൽ അതിന്റെതായ വലിയ പ്രശ്നമില്ലാത്ത ചെറിയ പ്രാന്തുകളും ഉണ്ടായിരുന്നു. പിന്നീട് അവരുടെ കല്യാണം, സ്വന്തം കമ്പനി തുടങ്ങൽ, വീട് വാങ്ങൽ, മകളുടെ ജനനം…. എല്ലാ ആഘോഷങ്ങളിലും സ്വപ്നയും ഒരു കുടുംബാംഗത്തെ പോലെ പങ്കു ചേർന്നിരുന്നു.

സ്വപ്നയുടെ അനുഭവസമ്പത്തിന്റെ അപ്പുറമായിരുന്നു സുജാതയുടെ ഇപ്പോഴത്തെ പ്രശ്നം. അറിവിലുള്ള ഒരു ക്ലിനിക്കൽ മനഃശാസ്ത്രഞ്ജന്റെ വൈദഗ്ധ്യം തേടുന്നതാണ് നല്ലതെന്നു തോന്നി. സുജാതയെ നേരിട്ട് പോയി ആ ഡോക്ടറെ കാണുവാൻ ഏർപ്പാടാക്കി. തന്നെ വിളിച്ചു വിവരം പറയണം എന്ന് സുജാതയെ ശട്ടം കെട്ടിച്ചു അവളെ യാത്രയാക്കി. ഭർത്താവ് ഡോക്ടറെ കാണാൻ കൂട്ടാക്കുന്നില്ല എന്നും മനഃസമാധാനമായി ഇരിക്കാൻ വയ്യ എന്നും പറഞ്ഞു അവൾ വീണ്ടും ഇടയ്ക്കു ഇടയ്ക്കു വിളിച്ചു. ദൈന്യദിന കർമങ്ങൾക്കു സുജാത പോകുന്ന സമയം കൂടി മകളെ ഭർത്താവിന്റെ അടുത്ത് വിടുവാൻ നിവർത്തിയില്ല. സ്വപ്നയുടെ ഉള്ളിലെ വക്കീൽ ബുദ്ധി ഉണർന്നു. അവളുടെ മനഃസമാധാനത്തിനും അവളുടെ മകളുടെ ഭാവിക്കുവേണ്ടിയും ഇനിയും അയാളുടെ കൂടെ താമസിക്കണോ എന്ന ചോദ്യത്തിന് സുജാതയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. ഭർത്താവില്ലാത്ത സ്ത്രീക്ക് സമുദായത്തിൽ എന്ത് സ്ഥാനമെന്നും, വേർപെടാനുള്ള കാരണം ആളുകൾ അറിഞ്ഞാൽ മകളുടെ ഭാവി പ്രശ്നമാകും എന്നും പറഞ്ഞു. എത്ര കാലം കണ്ണിൽ എണ്ണ ഒഴിച്ച് മകളെ നീ തന്നെ നോക്കും എന്ന ചോദ്യത്തിന് അവൾക്കു ഉത്തരമില്ലായിരുന്നു. വിവരം അറിയുന്ന വയസാകുമ്പോൾ മകൾക്കുണ്ടാകുവാൻ ഇടയുള്ള മാനസികവും ശാരീരികവും ആയ പ്രശ്നങ്ങളെ പറ്റി എടുത്തു പറഞ്ഞിട്ടും കാര്യമുണ്ടായില്ല. വിദ്യാഭാസവും, സ്വന്തം കാലിൽ നില്ക്കാൻ ത്രാണിയും തന്റെ മാതാപിതാക്കളുടെ മുഴുവൻ താങ്ങും ഉള്ള ആധുനിക വനിത എന്ന് അഭിമാനിക്കുന്ന ഈ സ്ത്രീ ഭയപെടുന്നതെന്തിനെ എന്ന് സ്വപ്നക്കും പിടികിട്ടിയില്ല. ആ മുന്ന് വയസുകാരിയുടെ നേരെ നീളുന്ന രോമം നിറഞ്ഞ കറുത്ത തടിയൻ കൈകളുടെ ചിത്രം സ്വപ്നയുടെ ഉറക്കം കെടുത്താൻ മതിയായിരുന്നു. ആ ആശങ്ക സ്വപ്നയുടെ ഫോൺ കാളുകളുടെ രൂപത്തിൽ സുജാതയെ വേട്ടയാടുവാൻ തുടങ്ങി. സ്വപ്നയുടെ തുടരെയുള്ള ഫോൺ വിളികൾ സുജാതയ്ക്ക് അലോസരമായി .പതുക്കെ സുജാത സ്വപ്നയുടെ വിളികൾ ഒഴിവാക്കുക പതിവാക്കി. സ്വപ്ന തന്റെ മനസിനെ ഈ വിഷയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കണിഞ്ഞു പരിശ്രമിക്കുകയും ഒരു പരിധി വരെ അതിൽ വിജയിക്കുകയും ചെയ്തു. ഇടയ്ക്കു ഇടയ്ക്ക് മുഖ പുസ്തകത്തിൽ വരുന്ന പോസ്റ്റുകൾ മാത്രമായി സുജാതയുമായുള്ള ബന്ധം.

സ്വപ്നയെ വീണ്ടും ചിന്തിപ്പിച്ചു കൊണ്ട് ഒരു പുതിയ കക്ഷി ഒരു നാൾ ഉച്ചക്ക് ഓഫീസിൽ വന്നു കയറി. പതിനെട്ടു വയസുള്ള നേഹ. ഇറുകിയ ഒരു ജീൻസും പൊക്കിളിനു മുകളിൽ നിൽക്കുന്ന ഒരു ടി ഷർട്ടും ആയിരുന്നു വേഷം. തവിട്ടു നിറത്തിലുള്ള നീളൻ മുടിയിൽ അങ്ങിങ്ങു ബ്ലൗണ്ട് സ്ട്രീക്സ് … പുരികത്തിലും നാക്കിന്റെ അറ്റത്തും നാഭി ചുഴിയിലും സ്റ്റീൽ വളയങ്ങൾ തുളച്ചിട്ടിരിക്കുന്നു
ആരെയും കൂസാത്ത മനോഭാവം. മൊത്തത്തിൽ ഒരു വിമത ലക്ഷണം. സമ്പന്നതയുടെ അതി പ്രസരം അവളുടെ ചുറ്റും തിളങ്ങി നിന്നിരുന്നു. അമ്മക്ക് എതിരെ കേസ് കൊടുക്കാൻ ആണ് അവൾ സ്വപ്നയെ സമീപിച്ചത്. നേഹ പങ്കു വെച്ച വിവരങ്ങൾ വളരെ വേദനാജനകമായിരുന്നു. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപെട്ട നേഹ, സമ്പന്നമായ കുടുംബ പശ്ചാത്തലത്തിൽ നിന്നായിരുന്നു. വലിയ വ്യവസായ ശൃംഖലയുടെ അധിപനും ചെറിയ വയസിൽ തന്നെ നേഹയെ ലൈംഗികമായി പീഡിപ്പിക്കാൻ തുടങ്ങിയ മുത്തച്ഛൻ, സ്വത്തു കൈവിട്ടു പോകുമോ എന്ന ഭയത്തിൽ അത് കണ്ടില്ല എന്ന് നടിക്കുന്ന, മകൾക്കു വേണ്ടി ഒട്ടും സമയമില്ലാത്ത സാമൂഹ്യ പ്രവർത്തകയും സൊസൈറ്റി ലേഡിയും ആയ അമ്മ! വകതിരിവായപ്പോൾ നേഹക്കു മുത്തച്ഛനേയും അമ്മയെയും നിയമത്തിനു മുമ്പിൽ മുട്ടുകുത്തിക്കാനുള്ള ത്വര ! അതിനുള്ള സഹായം തേടിയാണ് സ്വപ്നയെ നേഹ സമീപിച്ചത്… എല്ലാ തെളിവുകളോടെ! നേഹയുടെ കേസ് എളുപ്പമുള്ളതാണ്. എന്നാൽ എത്ര നഷ്ടപരിഹാരം കിട്ടിയാലും തീരുമോ അവളുടെ മനസ്സിൽ ആഴത്തിൽ ഏറ്റ ആ മുറിവുകൾ? സംരക്ഷികേണ്ടവരാൽ തന്നെ ആക്രമിക്കപ്പെടുന്ന അവസ്ഥ.

ഓഫീസിൽ വളരെ തിരക്കുള്ള ഒരു നാൾ സ്വപ്നയെ തേടി വീണ്ടും ഒരു ഫോൺ കോൾ,  എത്തി. അടുത്തുള്ള പോലീസ് സ്റ്റേഷനിൽ നിന്ന് ഒരു സബ് ഇൻസ്‌പെക്ടറുടെ! . കല എന്ന ഒരു സ്ത്രീ ഭർത്താവിനെ കത്തി കൊണ്ട് കുത്തിയതിനു ശേഷം നേരെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ വന്നിരിക്കുന്നു എന്നും ഒരു വക്കീലിനെ വിളിക്കാൻ പറഞ്ഞപ്പോൾ സ്വപ്നയുടെ ഫോൺ നമ്പർ കൊടുത്തിരിക്കുന്നു എന്നും പറഞ്ഞു . സ്വപ്ന വേഗം പോലീസ് സ്റ്റേഷനിലേക്ക് ഇറങ്ങി. പരിചയമുള്ള സ്റ്റേഷൻ ആണ്.മുൻപൊരു പ്രാവിശ്യം അവിടെ പോയിട്ടുമുണ്ട്. സ്വപ്ന ചെന്ന് കയറുമ്പോൾ കല ഒരു മൂലയിൽ ഇരിക്കുന്നു. മുടിയെല്ലാം പാറിപ്പറന്നു, ഒരു മൽപ്പിടുത്തം കഴിഞ്ഞ മട്ടിൽ! സബ് ഇൻസ്‌പെക്ടർ സ്വപ്നയെ വേഗം തിരിച്ചറിഞ്ഞു. കലയെ തനിയെ വിളിച്ചു സ്വപ്ന കാര്യം അന്വേഷിച്ചു. സംഭവം ഇങ്ങനെ… രാത്രി മുഴുവൻ കള്ളു കുടിച്ചു ലക്കില്ലാതെ അതി രാവിലെ വീട്ടിൽ വന്ന ഭർത്താവു മകളെ കടന്നു പിടിച്ചുവെന്നും അത് കണ്ടു കയറി വന്ന കല അയാളെ അടുക്കളയിലെ ഇറച്ചി വെട്ടുന്ന കത്തി എടുത്തു അയാളെ കുത്തുകയും ചെയ്തിരിക്കുന്നു. അയാൾക്കെന്തായി എന്ന് കൂടി അന്വേഷിക്കാതെ നേരെ പോലീസിൽ വന്നു കല വിവരം അറിയിക്കുക ആയിരുന്നു.

വേദനയോടെ വേച്ചു വേച്ചു തന്നെ നോവിച്ച ബന്ധത്തിലുള്ള ചേട്ടനെ പറ്റി പറയാൻ ചെന്ന പത്തു വയസുകാരിയെ ഇരുണ്ട മുറിയിലേക്ക് വലിച്ചിഴച്ചു ആരോടും ഒന്നും പറയരുതെന്ന് ശട്ടം കെട്ടി അത് അവളുടെ സ്വകാര്യ നാണക്കേടാക്കിയ വിദ്യാസമ്പന്നയായ അമ്മ ! സ്വന്തം സ്വാർത്ഥ താല്പര്യത്തിനാകെ ഭർത്താവിനെ പരോക്ഷമായി പിന്തുണച്ച സുജാതയെ പോലെയുള്ള ആധുനിക വനിതകൾ എന്ന് അഭിമാനിക്കുന്ന അമ്മമാർ! പണത്തിനു മുന്നിൽ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്ന നേഹയുടെ അമ്മയെ പോലുള്ളവർ! ഇവരുടെ എല്ലാം ഇടയിൽ വേർതിരിഞ്ഞു നിന്ന നാലാം ക്ലാസ്സു പഠിപ്പു മാത്രമുള്ള കല എന്ന അമ്മയെ പറ്റി സ്വപ്നക്കു അഭിമാനം തോന്നി!
കലയുടെ അടുത്ത് ആര് എന്ത് ചോദിച്ചാലും നിശബ്തത പാലിക്കണം എന്ന് ശട്ടം കെട്ടി സ്വപ്ന നേരെ  എസ്പിയുടെയുടെ മുറി ലക്ഷ്യമാക്കി നടന്നു…….ഗൂഢമായ ഒരു പുഞ്ചിരിയോടെ!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപാലം
Next articleജനതയും ജനാധിപത്യവും
Avatar
എഴുതാൻ തുടങ്ങിയത് അടുത്താണ്. ജനിച്ചതും വളർന്നതും കോഴിക്കോടാണ്. ഇരുപത്തിയാറു വർഷമായി താമസം ചെന്നൈയിൽ ആണ്. ദൈന്യദിന ജീവിതത്തിൽ മലയാള ഭാഷ ഉപയോഗിക്കുന്നത് വളരെ കുറവ്. വായന ഇഷ്ട്ടം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English