സീരിണസ്സല്‍ക്കഥ-3

പാന്ഥന്മാര്‍ വന്നു പറഞ്ഞതു കേള്‍ക്കായി
” പാണ്ഡവന്മാരായ വീരര്‍ക്കെല്ലാം
ഘോരമായ് നിന്നുള്ളൊരാഹവമുണ്ടായി
കൗരവന്‍മാരോടുകൂടിയിന്നാള്‍;
എണ്ണമില്ലാതൊരു മന്നവരെല്ലാരും
മണ്ണിടം കൈവിട്ടു വിണ്ണിലായി:
വീരനായുള്ളൊരു വായുതനയനും
തങ്ങളില്‍ നിന്നു പിണങ്ങിനിന്നീടുവാന്‍
ഭംഗിയും പൂണ്ടു കണക്കുണ്ടിപ്പോള്‍”

എന്നതു കേട്ടൊരു സീരിതാന്‍ നണ്ണിനാന്‍
‘ മന്നുടെ ഭാരം തളര്‍ന്നുതായി
പാരാതെ ചെന്നിനി വീരന്‍മാര്‍ കോലുന്ന
വൈരത്തെപ്പോക്കണമാകിലിപ്പോള്‍‍’
എന്നങ്ങു നണ്ണിന രോഹിണിനന്ദനന്‍
ചെന്നവര്‍ ചാരത്തു പൂകും നേരം
കണ്ടു നിന്നീടുന്ന പണ്ഡവന്മാരെല്ലാം
ഇണ്ടലും പൂണ്ടുചമഞ്ഞാരപ്പോള്‍‍
എന്തൊന്നു ചിന്തിച്ചു വന്നുതെന്നിങ്ങനെ
ചിന്തയും പൂണ്ടുനിന്നന്ധനായി
കാര്‍ണ്ണന്തന്മുഖം നോക്കിത്തുടങ്ങിനാന്‍
കാതരനായൊരു ധര്‍മ്മജന്താന്‍
എന്തിവന്‍ ചൊല്ലുന്നതെന്നതേ ചിന്തിച്ചു
വെന്തു വെന്തെല്ലാരും നിന്ന നേരം
ചാരത്തു ചെന്നൊരു സീരിതാനെന്നപ്പോള്‍
വീരന്മാരോടു വിളിച്ചു ചൊന്നാന്‍

” എന്നുടെ ചൊല്ലിനെക്കേള്‍ക്കുമിന്നിങ്ങളെ
ന്നിങ്ങനെ ചിന്തിച്ചു വന്നുതിപ്പോള്‍‍
ബന്ധുക്കളായോരും ബന്ധിച്ചുനിന്നോരും
അന്തത്തെ പ്രാപിച്ചുതല്ലൊയെന്നാല്‍
പൊങ്ങിന കോപവും പൂണ്ടിനിയിങ്ങനെ
നിങ്ങളില്‍ നിന്നു പിണങ്ങ വേണ്ട
ഊക്കിനെപ്പാര്‍ക്കുമ്പൊളൂക്കനായ് നിന്നിട്ടു
രൂക്ഷനായുള്ളതു ഭീമനെത്രെ.
ശിക്ഷകൊണ്ടുള്ളതു ചിന്തിച്ചു കാണുമ്പൊ-
ളക്ഷതനായ് വരും നീയുമെന്നാല്‍
നിഷ്ഫലമായൊരു യുദ്ധമെന്നിങ്ങനെ
നിശ്ചയമുണ്ടെനിക്കുള്ളിലെന്നാല്‍
നേരിട്ടു നിങ്ങളിലിങ്ങനെ നില്ലാതെ
നേരത്തിണങ്ങുകയെന്നേ വേണ്ടു”

സീരിതാനിങ്ങനെ ചൊന്നതു കേട്ടുള്ള
വീരന്മാരേറിന വൈരത്താലെ
പിന്നെയും പാരം പിണങ്ങിനിനീടിനാര്‍
എന്നതു കണ്ടൊരു സീരിയപ്പോള്‍
‘ ഇങ്ങന കര്‍മ്മമിവര്‍ക്കെ’ന്നു ചിന്തിച്ചു
പൊങ്ങിന ഖേദത്തെപ്പോക്കിപ്പിന്നെ
പാണ്ഡവന്മാരോടു യാത്രയും ചൊന്നുടന്‍
പാരാതെ പോയിത്തന്‍ ദ്വാരകയില്‍
ഇഷ്ടരുമായിര്ട്ടു തുഷ്ടനായ് മേവിനാന്‍
ഒട്ടുനാളങ്ങനെ നിന്നു പിന്നെ
ധന്യമായുള്ളൊരു നൈമിശക്ഷേത്രത്തില്‍
പിന്നെയും പോയവന്‍ ചെന്നനേരം
യജ്ഞങ്ങള്‍ കൊണ്ടു യജിപ്പിച്ചുമേവിനാര്‍
അജ്ഞത വേറിട്ട മാമുനിമാര്‍
മംഗലസ്നാനവുമാചരിച്ചങ്ങനെ
മങ്ങാതെ വന്നുടന്‍ ദ്വാരകയില്‍
കാര്‍മുകില്‍ വര്‍ണ്ണനും താനുമായമ്പോടു
തൂമയില്‍ മേവിനാന്‍ കാമപാലന്‍

Generated from archived content: krishnagatha82.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English