സ്യമന്തകം – 3

ഇങ്ങനെ ചൊന്നുതൻ ചാരത്തുനിന്നൊരു

വന്മരംതന്നെപ്പറിച്ചു ചെമ്മേ

ക്രൂദ്ധനായ്‌ നിന്നങ്ങു യുദ്ധം തുടങ്ങിനാൻ

വൃദ്ധനായ്‌നിന്നൊരു ജാംബവാന്താൻ.

ദാരുഞ്ഞെരിഞ്ഞു നുറുങ്ങിന നേരത്തു

പാരമണത്തു പിണങ്ങിപ്പിന്നെ

രുഷ്‌ടനായ്‌ നിന്നങ്ങു യുദ്ധം തുടങ്ങിനാൻ

മുഷ്‌ടികൾകൊണ്ടുമങ്ങായവണ്ണം.

ജാംബവാന്തന്നുടെ മുഷ്‌ടികളൊന്നൊന്നേ

മേന്മേലേ മേനിയിലേല്‌ക്കും നേരം

ഇന്ദിരതന്നുടെ ചെമ്പൊല്‌ക്കരംകൊണ്ടു

മന്ദം തലോടുന്നോളെന്നു തോന്നി.

കാർവ്വർണ്ണന്തന്നുടെ കൈത്തലം മേന്മേലേ

വാനരവീരങ്കലേൽക്കുന്നേരം

മേനിയിലേറിന നോവു തുടങ്ങീതു

മാനസം തന്നുളളിലാനന്ദവും.

മുപ്പതുനാളങ്ങുമിക്കതുമുണ്ടായി

കെൽപ്പുകലർന്നുളള മുഷ്‌ടിയുദ്ധം.

ആരിവനെന്നുളള ചിന്തതുടങ്ങീതു

വാനരവീരന്നു പാരമപ്പോൾ.

‘രാവണവൈരിയായ്‌ നിന്നു വിളങ്ങിന

രാമന്നു ബന്ധുവായ്‌ നിന്നേനല്ലൊ;

രൂക്ഷങ്ങളായുളള മുഷ്‌ടികളേറ്റല്ലൊ

രാക്ഷസരന്നു മുടിഞ്ഞു ഞായംഃ

മാനുഷൻ തന്നോടു നേരിട്ടുനിന്നിട്ടു

ദീനനായ്‌വന്നതു ഞാനെന്തിപ്പോൾ?’

ഇങ്ങനെ തന്നിലേ ചിന്തിച്ചു ചിന്തിച്ചു

പൊങ്ങിന കോപത്തെപ്പൂണുംനേരം

മല്ലരെ വെല്ലുന്ന വീരന്താന്മെല്ലവേ

തളളിവിട്ടീടിനാൻ ഭൂതലത്തിൽ.

പാപങ്ങൾ പോക്കുന്ന പാദങ്ങൾ കൊണ്ടങ്ങു

പാരം ചവിട്ടിനാൻ മെയ്യിൽപ്പിന്നെ.

കോമളമായുളള പാദങ്ങളേൽക്കുമ്പോൾ

കോൾമയിർക്കൊണ്ടിതവന്നു മെയ്യിൽ.

വായ്‌പോടു നിന്നൊരു കാർവ്വർണ്ണന്തന്നുടെ

കാല്‌പൊടി മേനിയിലേറ്റനേരം

നിർമ്മലമായൊരു മാനസംതന്നുളളിൽ

ഉൺമയായുളളതു കാണായപ്പോൾ.

കണ്ണനെന്നിങ്ങനെ നണ്ണിനനേരത്തു

തിണ്ണമപ്പാദങ്ങൾ പൂണ്ടുപിന്നെ

കണ്ണുനീരോലോലെച്ചൊല്ലിനിന്നീടിനാൻ

കണ്ണനെക്കണ്ടുളള സന്തോഷത്താൽഃ

“നിന്നുടെ ദാസനായിങ്ങനെ നിന്നുളെളാ-

രെന്നെച്ചതിച്ചിതോ തമ്പുരാനേ!

‘വേദത്തിൻ നല്‌പൊരുളാകിയ നിന്മെയ്യിൽ

പാദങ്ങളേല്‌പിച്ചേനല്ലൊ ചെമ്മേ.

കഷ്‌ടനായുളെളാരു പാഴ്‌കുരങ്ങല്ലൊ ഞാൻ

ധൃഷ്‌ടനായ്‌ നിന്നുനിന്മുന്നലപ്പോൾ.

തുഷ്‌ടനായ്‌ മേവേണമെന്നങ്ങു ചൊല്ലുമ്പോൾ

ഒട്ടേറിപ്പോമല്ലോ തമ്പുരാനേ!

രാമനായ്‌ പണ്ടു നീ ചെയ്‌തുളള വേലകൾ

മാമകമായുളള മാനസത്തിൽ

തോന്നിത്തുടങ്ങീതു വാരിധിതീരത്തു

ചെന്നു നാം ചേർന്നങ്ങുനിന്നതെല്ലാം

കണ്ണിണ കിഞ്ചിൽ ചുവന്നതു കണ്ടല്ലൊ

തിണ്ണം മെരിണ്ടു പണ്ടംബുധിതാൻ

സേതുവേ നിർമ്മിച്ചു വാനരയൂഥങ്ങൾ

മീതേകടന്നങ്ങു ചെന്നനേരം

വീരനായുളെളാരു രാവണൻതന്നെയും

നേരിട്ടുനിന്നു നീ വെന്നായല്ലൊ.

ഏറിനമോദത്തെപ്പൂണ്ടുനിന്നന്നേരം

ഭേരിയെത്താഡിച്ചതിഞ്ഞാനല്ലൊ.

അന്നു പുലമ്പിനോരമ്പുതാനെന്നെത്തൊ-

ട്ടിന്നു പുലമ്പേണം തമ്പുരാനേ!”

ഇങ്ങനെ ചൊന്നുതൻ പുത്രിയായുളേളാരു

കന്യകതന്നെയും നന്മണിയും

നാഥനായുളെളാരു നാരായണന്നായി

നൽകിനിന്നീടിനാൻ നല്ല വീരൻ.

ധന്യമായുളെളാരു രത്നത്തെത്തന്നെയും

കന്യകയാകിന രത്നത്തെയും

വാങ്ങിനിന്നീടിന വാരിജലോചനൻ

ഓങ്ങിനാൻ പോവതിനായിച്ചെമ്മേ.

കണ്ണന്റെ പിന്നാലെ പോയുളേളാരെല്ലാരും

കന്ദര വാതില്‌ക്കലഞ്ചാറു നാൾ

നിന്നിട്ടുമെങ്ങുമേ കണ്ണനെക്കാണാഞ്ഞു

ഖിന്നരായെല്ലാരും പിന്നെപ്പോയി

ദ്വാരകവാസികളായവരോടെല്ലാം

വാരിജലോചനൻ വാർത്തചൊന്നാർ.

ദേവകിമുമ്പായ ദേവിമാരെന്നപ്പോൾ

വേദന വാരിധിതന്നിൽ വീണാർ.

Generated from archived content: krishnagatha44.html Author: cherusseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English