ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച

 

ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാൻ-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആർ.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശനിലയത്തിൽനിന്നാണ് വിക്ഷേപണം.

15-ന് പുലർച്ചെ 2.51-നായിരുന്നു ചന്ദ്രയാൻ-രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടർന്ന് 56 മിനിറ്റും 24 സെക്കൻഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എൽ.വി. മാർക്ക്-മൂന്നിലെ ഹീലിയം ടാങ്കിൽ ചോർച്ച കണ്ടെത്തിയതിനെത്തുടർന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്നം പരിഹരിച്ചതായി ഐ.എസ്.ആർ.ഒ. വൃത്തങ്ങൾ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റർ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മർദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്നമായത്. 15-ന് വിക്ഷേപണം നടന്നിരുന്നെങ്കിൽ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബർ ആറിന് പേടകത്തിൽനിന്നു ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബർ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആർ.ഒ.യുടെ നീക്കം.

23-നുശേഷമാണ് വിക്ഷേപണമെങ്കിൽ ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംെവക്കുന്ന ഓർബിറ്ററിന്റെ കാലാവധി ഒരുവർഷത്തിൽനിന്ന് ചുരുങ്ങാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. അതു കൊണ്ടാണ് 22 ന് തന്നെ വിക്ഷേപിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English