ആർക്കാണു ചേതം

18ppf8cvmcr0ujpg

മനുഷ്യനോ, ജീവിവർഗ്ഗത്തിലേറ്റം  മുന്തിയവൻ

മസ്തിഷ്ക്കമേറെ   വളർന്നവൻ

മലയാളക്കരയിലെ മനുഷ്യനോ

അക്ഷരമേറെയറിഞ്ഞവനുമെന്നിട്ടോ

മാവേലിമന്നൻ വാണരുളിയ  മാമലനാട്ടിൽ

ദൈവത്തിന്റെയീ  സ്വന്തം  നാട്ടിൽ

ഇന്നു  നടക്കുന്നതെന്തെന്നോ

അറിയുകയേവരും  സോദരേ

നുരഞ്ഞു  പതഞ്ഞു  പൊങ്ങുന്നു  ദുരയും

മൂത്തു  പഴുത്തു  ചീഞ്ഞു നാറുന്നു  പകയും

കൊടിയ തിന്മകളെയുമൊടുക്കം

നന്മകളാക്കുന്നു മതരാഷ്ട്രീയവും

കൊലക്കളമെന്നൊരു കേളി കണ്ണൂരിനു

ചാർത്തികൊടുത്തിയ നരരവർ

വീണ്ടുമിവിടം കലാപക്കൊടി വീശുന്നു

വീശിയടിക്കുന്നു  ചോരമണക്കും  വടക്കൻകാറ്റ്

തീ തുപ്പുന്നു  തീപ്പൊരി

പാറുന്നു  വാക്കുകൾ

കനലുവീണുളളം പൊളളി

ആളികത്തുന്നു അണികളിൽ

ഉയരും കൊലവിളിക്കുമ്മീതെ

മുഴങ്ങുന്നു അമ്മ  തൻ  ചങ്കിടിപ്പുകൾ

ചിതറികിടക്കും  ചോരതുളളികളെയും  വെറും

മഞ്ചാടിമുത്തുകളായി  നിനച്ചവർക്കതിലെന്തു  ചേതം

കശാപ്പുശാലയിലെയാടുമാടുകളെക്കാളതിദീനം

തുണ്ടുതുണ്ടാക്കപ്പെട്ട  പുത്രശരീരം

ഉള്ളിലൊരു  നടുക്കമായി  തീരായുരുക്കമായി

ഒരുകാലവും  പെയ്തൊഴിയാ  മാതൃവിലാപം

മായാത്ത  ഗദ്ഗദങ്ങളുളളം

പൊളളിച്ചു  തിളച്ചാവിയായി

അന്തരീക്ഷത്തിലലിയുമ്പോഴും

ആർക്കതിലെന്തു ചേതം

സ്വപ്നങ്ങൾക്കു  ചിറകു  മുളച്ചു

പാറിതുടങ്ങുമ്പഴേ പറവക്കൂട്ടം

ചിറകറ്റു വീണിടുമ്പോൾ

വേടനതിലെന്തു ചേതം

വേടനിൽ നിന്നാ ജഡം

വില്‍പ്പനയ്ക്കായി വാങ്ങുന്നോനെന്തു  ചേതം

കൊതിയോടെ  രുചിപ്പവനെന്തു ചേതം

ഒക്കെയും  കണ്ടു  രസിപ്പവനെന്തു  ചേതം

എന്നാൽ ചേതമേറെയുണ്ട്

സ്നേഹം  തളിച്ച്  നട്ടു  വളര്‍ത്തിയ

സ്വപ്നങ്ങൾ വെറും  തുണ്ടുകളായപ്പോൾ

പ്രിയതാതനും  തായയ്ക്കുമൊന്നുപോലെ

ആ ചേതവും  കരുവാക്കി

കേളി  തുടരുന്ന  കൂട്ടരേ

മാതൃവ്യഥയും  വോട്ടാക്കി

എണ്ണുന്ന  കൂട്ടരേ

ഒന്നുണ്ടീയെളിയവൾക്കു ചൊല്ലുവാൻ

അവിവേകമെങ്കിൽ  പൊറുക്കുക

ഉറക്കം നടിക്കാതുണരുക

അകകണ്ണ്  തുറന്നൊന്ന്  നോക്കുക

തായതന്നുളളം പൊളളുന്നതു  കാണുക

പറ്റുമെങ്കിലിനിയുമീഭൂവിൽ

അമ്മമനസ്സിനെ വേവിച്ചു വ്യഥ

അശ്റുക്കളായി അടരുന്നതു  തടയുക

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

 Click this button or press Ctrl+G to toggle between Malayalam and English