ഞങ്ങൾ പറയട്ടെ..!

അക്ഷരസ്‌നേഹികളേ,

കഴിഞ്ഞ ലക്കം ഈ കോളത്തിൽ ഞാനെഴുതിയ കത്തിന്‌ ആയിരത്തിലേറെ വായനക്കാർ തങ്ങളുടെ ഉത്‌കണ്‌ഠയും അഭിവാദനങ്ങളും ഉപദേശനിർദ്ദേശങ്ങളും അറിയിച്ചു. അവരോടെല്ലാം ഞങ്ങൾക്കുളള കടപ്പാട്‌ ജീവിതം കൊണ്ട്‌ നിറവേറ്റാൻ ശ്രമിക്കാം!

ഡോ.കെ.എസ്‌.രാധാകൃഷ്‌ണൻ, ഡോ.കെ.എൻ. പണിക്കർ, തുളസീവനം ആർ.രാമചന്ദ്രൻ നായർ, പകൽക്കുറി നാരായണപിളള, നിർമ്മലാനന്ദയോഗി തുടങ്ങി ഞങ്ങളുടെ ചിരപരിചിതരും ആദരണീയരുമായ ആത്മബന്ധുക്കളെ ‘സ്‌തുതിക്കുവാൻ’ ഭൂമിക്കാരന്റെ വിലപ്പെട്ട പേജുകൾ നീക്കിവച്ചതിനെതിരേയും “ആരെയോ കൊണ്ട്‌ ഏതോ പത്രത്തിൽ എഴുതിച്ച സചിത്ര ലേഖനം” ഭൂമിക്കാരനിൽ പുനഃപ്രസിദ്ധീകരിച്ചതിനെതിരേയും കാലടിയിലെ അക്കാദമിക പണ്‌ഡിതന്മാർ ഉൾപ്പെടെ (ചക്കിന്‌ വച്ചത്‌ കൊക്കിന്‌ കൊളളുമോ എന്ന ഭയപ്പാടോടെ) നൽകിയ പ്രതികരണങ്ങൾ ‘കയ്യാലപ്പുറത്തിരിക്കുന്ന തേങ്ങ’യുടെ അവസ്ഥയിൽ നിൽക്കുന്ന ഞാൻ തത്‌കാലം മാറ്റിവയ്‌ക്കുകയാണ്‌. ക്ഷീരമുളേളാരകിടിൻ ചുവട്ടിലും ചോര കൊതിക്കുന്ന മിടുക്കന്മാരേ, ഭൂമിക്കാരൻ നിലകൊളളുന്നത്‌ നന്മയെ കണ്ടെത്തിക്കൊണ്ടുവാഴിക്കാൻ വേണ്ടിയാണ്‌. അതിനാൽ ഈ ലക്കത്തിൽ ഞങ്ങൾ ആദരാഞ്ഞ്‌ജലികൾ അർപ്പിച്ചിരിക്കുന്ന ഇട്ടൂപ്പ്‌ സാറിനെ പോലുളളവരെ ‘സ്‌തുതിക്കുക’ ഭൂമിക്കാരന്റെ സുചിന്തിതമായ നയമാണ്‌! ഏകപക്ഷീയമായ ഈ പാതയിൽ സഞ്ചരിക്കുവാനാശിക്കുന്നതിലാണ്‌ വരിസംഖ്യയോ സംഭാവനയോ പരസ്യമോ സൃഷ്‌ടികളോ ഞങ്ങൾ ആരോടും ചോദിക്കാത്തതും ഭൂമിക്കാരനിൽ വരുന്ന ഓരോ വാക്കിനോടും എഴുത്തുകാർക്കുളളത്ര തന്നെ ഉത്തരവാദിത്വം ഞങ്ങൾ ഏറ്റെടുക്കുന്നതും.

ഞാനും കുടുംബവും ഭൂമിക്കാരനും വേറിട്ട്‌ നിൽക്കുന്നത്‌ 11 വർഷമായി സംസ്‌കൃത സർവ്വകലാശാലയിൽ നിന്ന്‌ കിട്ടുന്ന വരുമാനത്തെ ആശ്രയിച്ചാണ്‌. ഈ സാഹചര്യത്തിൽ ജോലി നഷ്‌ടമായാൽ കണ്ണും കാതും നീതിയും ഇല്ലാത്ത കാടത്ത വ്യവസ്ഥിതിക്കെതിരെ കുരച്ചുകൊണ്ട്‌ ഞാൻ ജീവിച്ചിരിക്കുന്നതിനെക്കാൾ ‘എന്റെ കുടുംബത്തിന്റെ രക്ഷ’ എന്റെ മരണമാണെന്ന്‌ തിരിച്ചറിവുളളതിനാലാണ്‌ ഗാന്ധിയായി ജീവിക്കാൻ പറ്റാതെ വന്നാൽ ഗോഡ്‌സേയായി മരിക്കാൻ ഞാൻ കൊതിക്കുന്നത്‌…(രണ്ടായാലും എനിക്ക്‌ ചരിത്രത്തിൽ ഇടം നേടണം.)

ഏവർക്കും നന്മകളാശിച്ചുകൊണ്ട്‌ നിങ്ങളുടെ ജേപ്പി വേളമാനൂർ.

Generated from archived content: edit_oct25_05.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English