Home Authors Posts by ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി
111 POSTS 0 COMMENTS
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

ശ് ശ് ശ് ശ്

ചുണ്ടിൽ ചൂണ്ടുവിരലമർത്തി, കൺ പിരികങ്ങളെ വക്രീകരിക്കുമ്പോൾ ഇനാമൽ ഭിത്തികൾ ഭേദിച്ച് പുറത്തുചാടിയ അക്ഷരത്തരികളാണ് ശ് ശ് ശ് ശ്... തലയ്ക്കു മീതെ അറിയാതെ ആരൊക്കെയോ വീശുന്ന ഖഡ്ഗങ്ങളുടെ രക്ത ദാഹം ചെവികളിൽ മുഴങ്ങുന്നു ശ് ശ് ശ് ശ് ജന്മദേശം വിട്ട് അഭയം തേടി കടൽ കടക്കാൻ കാത്തിരിക്കുന്നവരുടെ തപിക്കുന്ന ഹൃദയതാളമാണ് ശ് ശ് ശ് ശ്. രാത്രിയാമങ്ങളിൽ പുതിയ സ്വപ്നങ്ങൾ നെയ്തവന്റെ ചോർന്നൊലിക്കുന്ന കൂരയ്ക്ക് ചുറ്റുമിരുന്നുള്ള അടക്കം പറച്ചിലിനും ഒരേ സ്വരം ശ് ശ് ശ് ശ്......... പശിയട്ക്കാൻ പാടുപെട്ടു വഴിയരികിൽ കണ്ട ശവം കഷ്ണിച്ചെടുത്ത് വേവിക്കുന്ന കലത്തിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട് ശ് ശ് ശ് ശ്...... പണ്ട് കിടപ്പറയിൽ തലയണമന്ത്രമായിരുന്നെങ്കിലും ഇന്ന് നാൽക്കവലകളിലെ മുദ്രാവാക്യമായി മാറിയിട്ടുണ്ട് ശ് ശ് ശ് ശ്..... ഇരയെ പിടിക്കാൻ കാത്തിരിക്കുന്ന വേടനും ചുണ്ടിൽ വിരലമർത്തിപ്പറയുന്നു ശ് ശ് ശ് ശ്...... വേട്ടക്കാരനെ ദൂരെ നിന്നു കണ്ട ഇരകളും ഉടപ്പിറപ്പുകളോടു പറയുന്നു ശ് ശ്...

കാക്കയും തത്തയും

ഇന്നലെ - കാക്ക കറുത്ത മേനിയിലും സ്വതന്ത്രയായിരുന്നു. കൂടുകെട്ടാൻ ആരുടെയും സമ്മതം വേണ്ടായിരുന്നു. അന്നം തേടി ആരുടെ മുമ്പിലും കുനിഞ്ഞു നിന്നിരുന്നില്ല. രുചിയില്ലേലും ഉള്ളതു തിന്നു വയറു നിറച്ചിരുന്നു. ശ്രുതിയില്ലേലും നീട്ടി കൂക്കിവിളിക്കാമായിരുന്നു. ഒച്ചവെച്ച് സമരങ്ങൾ നടത്തി വിപ്ലവങ്ങൾ തീർത്തിരുന്നു. തത്ത ......... ശരീര വർണ്ണം എന്നും ഒരു ബലഹീനതയായിരുന്നു. ചിറകരിഞ്ഞ് കൂട്ടിനുള്ളിൽ അപരർക്കു വേണ്ടി ചിലച്ചു കൊണ്ടിരിക്കണമായിരുന്നു. മിണ്ടിയാൽ അധികപ്രസംഗി. മിണ്ടാതിരുന്നാൽ അഹങ്കാരി. കൂടു തുറന്നു വെച്ചു നീട്ടുന്ന അരി മണികൾക്കായി ഉടമയെ വണങ്ങി കീർത്തനം പാടുമ്പോഴും പൂട്ടുതുറന്ന് അനന്തമായ ആകാശങ്ങളിൽ പാറി നടക്കുന്നതും സ്വപ്നം കണ്ടിരിക്കുമായിരുന്നു. ഇന്ന് - കാക്ക ...................... അദ്ധ്വാനം മടുപ്പാണ് എച്ചിലുകൾ കുറച്ചിലാണ് തല കുനിച്ചാലും വയർ നിറഞ്ഞാൽ മതി സ്വാതന്ത്ര്യം വെറും പാഴ്വാക്കാണ്. ആരെങ്കിലും വന്ന് കൂട്ടിലടച്ചാൽ മെയ്യനങ്ങാതെ തിന്നുകൂടാമായിരുന്നു. കൂട്ടം കൂടി ബഹളം വെച്ച് നേടിയെടുത്ത സമരങ്ങൾ പരുന്തുകൾ റാഞ്ചിക്കൊണ്ടുപോയി. വിപ്ലവത്തിനായി വെയിലേറ്റ് കറുക്കുവാൻ ഇനിയും ആവില്ല. സ്വന്തമെന്ന് പറയാൻ വിശാലമായ ആകാശം മാത്രം. കൂടു പോലും കയ്യേറിയ കുയിലുകൾക്കായി ഇനിയും സമരം...

നോക്കുകുത്തിയെ ആവശ്യമുണ്ട്

. വർത്തമാനപ്പത്രത്തിന്റെ ആദ്യ താളിൽ പുതിയൊരു പരസ്യം കണ്ടു. ഊമയായൊരു നോക്കുകുത്തിയെ ആവശ്യമുണ്ട്. വിശാലമായൊരു വിളനിലം കളകൾ കയറി ഉണങ്ങി വരണ്ടു കാറ്റെടുക്കുമ്പോൾ സുസ്മേരവദനനായി കാവൽ നിൽക്കാൻ ഒരു നോക്കുകുത്തിയെ ആവശ്യമുണ്ട്.. മുൾവേലികൾക്കപ്പുറത്തു നിന്നും വലിഞ്ഞു കേറി കുടിൽ കെട്ടി പുതിയ അതിരുകൾ തീർക്കുമ്പോൾ മൗനവ്രതം ആചരിച്ച് നിർവ്വികാരനായി നോക്കി നിൽക്കാൻ ഒരു നോക്കുകുത്തിയെ ആവശ്യമുണ്ട്. വിത്തിറക്കുന്നത് കർഷകരെങ്കിലും നോക്കുകുത്തിയാണ് നിലത്തിന്റെ അധിപൻ. പരന്നൊഴുകിയ നിണച്ചാലുകൾ കണ്ടിട്ടും നിർവ്വികാരനായിരുന്നു വീണ വായിച്ചിരിക്കാം. വിളവെടുപ്പെല്ലാം കഴിഞ്ഞാൽ മുതലക്കണ്ണീരിൽ തൂലിക മുക്കി ആത്മകഥകൾ പുറത്തിറക്കാം.. അകലെ നിന്നു നോക്കുന്നവർക്കായി പൊയ്ക്കാലിൽ പൊക്കി നിറുത്തിയ നോക്കുകുത്തിയെ ആവശ്യമുണ്ട്.. തലയായി വെച്ച കറുത്ത മൺചട്ടിയിൽ വെളുത്ത അക്ഷരങ്ങളാൽ എഴുതിയിട്ടുണ്ടാവണം. "കരിങ്കണ്ണാ നോക്കൂ "...  

ബലിയാടുകൾ

ദൈവപ്രീതിക്കായി ബലിക്കല്ലിൽ കൈകാലുകൾ അടക്കിവെച്ച് ശ്വാസം അടക്കിപ്പിടിച്ച് കണ്ണുകളിറുക്കിയടച്ച് കഴുത്തു നീട്ടി കിടക്കുന്നുണ്ട് ബലിയാടുകൾ... ദൈവപ്രീതിക്കായി മിണ്ടാട്ടം നിർത്തി വാലാട്ടി നടന്നിരുന്ന ഗതകാല സ്മരണകൾ അയവിറക്കി, ജീവനെടുക്കാൻ പാഞ്ഞടുക്കുന്ന മൂർച്ചയേറിയ കത്തിയെ കണ്ടു പുഞ്ചിരിക്കാൻ പാടുപെടുന്നുമുണ്ട്.. നടക്കാൻ മടിച്ചപ്പോൾ പഴുത്തില കാട്ടി മോഹിപ്പിച്ച ആരാച്ചാരെ രക്ഷകനായി കണ്ടു ദിവ്യബലിക്കായി സ്വയം തയ്യാറായിരുന്നു.. ജീവരക്തം കുതിച്ചു ചാടി തറയെ ചെഞ്ചായമണിയിക്കുമ്പോൾ ദൈവഭക്തന്മാർ കൈകൂപ്പി രക്ഷകനെ വാഴ്ത്തിപ്പാടുന്നു.. ആടുകൾ ബലി നൽകാനായി പിറവിയെടുത്തവരാണ്.. ദൈവപ്രീതിക്കായി ആത്മാവിനെ സമർപ്പിച്ചു വിട കൊള്ളാനായി ജനിച്ചു വീണവർ..  

ബന്ധിപ്പിച്ചു കൊണ്ടേയിരിക്കുക

നിങ്ങളുടെ പണപ്പെട്ടിയുടെ താക്കോൽ കള്ളന്റെ കരങ്ങളുമായി ബന്ധിപ്പിക്കുക.. സംശയം വേണ്ട സുരക്ഷിതരായിരിക്കുക.. നിങ്ങളുടെ കൃഷിയായുധങ്ങൾ നിയമ പാലകരുടെ തോക്കിൻ കുഴലുമായി ബന്ധിപ്പിക്കുക.. ജീവനിൽ വിശ്വാസമർപ്പിക്കുക. നിങ്ങളുടെ ചലിക്കുന്ന വിരലുകളെ നിശ്ശബ്ദതയുമായി ബന്ധിപ്പിക്കുക. നിശ്ശബ്ദതയിലൂടെ ശബ്ദോർജ്ജം സംരക്ഷിക്കുക.. നിങ്ങളുടെ അറിവിനെ അറിവില്ലായ്മയുമായി ബന്ധിപ്പിക്കുക. ഓർമ്മകളെ മറവിയുമായും വെളിച്ചത്തെ ഇരുട്ടുമായും ബന്ധിപ്പിക്കുക. നിങ്ങളുടെ കാലുകൾ ചങ്ങലക്കണ്ണികളുമായി ബന്ധിപ്പിക്കുക. അവസാനം നിങ്ങളുടെ കഴുത്തിനെ തൂക്കുമരത്തിലെ കയറുമായി ബന്ധിപ്പിക്കുക..  

അവർ കവിത എഴുതുകയാണ്

കഴുത്തറുക്കപ്പെട്ട മനുഷ്യ ജന്മങ്ങൾ തെരുവിൽ പുതിയ ചിത്രങ്ങൾ വരക്കുന്നു.. പിച്ചിച്ചീന്തിയ പെൺമാനങ്ങൾ കാർമേഘങ്ങൾ തീർക്കുമ്പോൾ മയിലുകൾ നൃത്തം ചവിട്ടുന്നു. പശിയടക്കാൻ കടിച്ചിറക്കിയ ഭക്ഷണത്തിന്റെ ജാതകം നോക്കാൻ വയറു പിളർത്തി കുടൽമാന്തി നോക്കുന്നു.. വഴിയരികിൽ പച്ച മനുഷ്യനെ പച്ചക്ക് തല്ലി ചുടുരക്തം കൊണ്ട് ബലിതർപ്പണം ചെയ്യുന്നു.. തിമിരം ബാധിച്ച കണ്ണുകളിൽ മഞ്ഞക്കണ്ണട വെച്ച് അവർ കവിതയെഴുതുകയാണ്. ചിറകൊടിഞ്ഞ കാട്ടു പക്ഷിയെ കുറിച്ച്. പിച്ചിയെയും മുല്ലയെയും വർണ്ണിക്കുകയാണ്. മഴയുടെ സംഗീതം വരികളിൽ മുഴക്കുകയാണ്. പ്രണയത്തിന്റെ ഭാഷയ്ക്ക് പുതിയ നിഘണ്ടു നിർമ്മിക്കുന്ന തിരക്കിലാണ്.. അല്ലേലും അയലത്തെരോദനങ്ങൾ വിരൽ വെച്ചുപൊത്തിപ്പിടിച്ച് അകലങ്ങളിലെ ആകാശ വർണ്ണനകൾ തീർക്കുമ്പോഴാണല്ലോ കവികൾ പിറക്കുന്നത്..  

ഉള്ളി വെറുമൊരു പച്ചക്കറിയില്ല

  ഉള്ളി വെറും ഒരു പച്ചക്കറിയല്ല. ഉത്തരത്തിൽ നിന്ന് ദക്ഷിണത്തിലേക്കുള്ള നൂൽപ്പാലമാണ്. ഉത്തരമില്ലത്ത ചോദ്യങ്ങളെ അല്ലികളായി അടുക്കി വെച്ച വൃത്താന്തമാണ്. തൊട്ടു മുന്നിലിരിക്കുന്നവനെ കണ്ണീർ കുടിപ്പിക്കാനായ് വിസർജ്യത്തിൽ നിന്നും ജന്മമെടുത്തവനാണ്. പാത്രത്തിന്റെ ഒത്ത നടുവിൽ വെന്തു പാകമായ പോത്തിറച്ചിക്ക് സ്വയം മുറിഞ്ഞ് കൂട്ടിരിക്കുന്നവനാണ്. ഉള്ളവന്റെയും ഇല്ലാത്തവന്റെയും ഇടനെഞ്ചിൽ തീ കോരിയിട്ട് ഉള്ളു കലക്കാനും മടിയില്ലാത്തവനാണ്. ഉള്ളു കാണാനായി തൊലിയുരിച്ചവർക്ക് ഉള്ളു നിറയെ ഇല്ലായ്മ കൊടുത്ത് പൊട്ടിച്ചിരിപ്പിച്ച നാറാണത്തു ഭ്രാന്തന്റെ പച്ചയായ അവതാരമാണ്  

തകർന്ന വൻമതിലുകൾ

അന്നു നാം ഒരു വൻമതിലായിരുന്നു. പറിച്ചെറിയാൻ പറന്നു വന്ന കൊടുങ്കാറ്റിനെ ജനിച്ച മണ്ണിൽ കാലൂന്നി നിന്ന് പിടിച്ചുകെട്ടിയവർ. മലവെള്ളപ്പാച്ചിലിനെ നെഞ്ചൂക്കു കൊണ്ട് തടഞ്ഞു നിർത്തി വിളകൾക്കു ദാഹജലമായി നദികൾ തീർത്ത് ഒഴുക്കിയിരുന്നവർ. കൊടുങ്കാറ്റുകൾ ശമിച്ചു കാർമേഘങ്ങൾ ഒഴിഞ്ഞു മാനം തെളിഞ്ഞപ്പോൾ ചേർത്തുവെച്ച കരങ്ങൾ മെല്ലെ മെല്ലെ അകലാൻ തുടങ്ങി. കല്ലും മണ്ണും മണൽ തരികളും തമ്മിൽ തമ്മിൽ കണ്ടു കൂടാത്തവരായി. അവകാശത്തർക്കങ്ങൾക്കൊടുവിൽ നിലത്തു വീണുടഞ്ഞ കല്ലുകൾ മണ്ണിനോടു ചേർന്നു. പുതിയ കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ ഒന്നിച്ചു നിന്നതിന്റെയോർമ്മകളിൽ നീറി സങ്കടപ്പെടുന്നു.. കൊടുങ്കാറ്റിനൊപ്പം പേമാരിയും വന്നപ്പോൾ കല്ലും മണ്ണും കടലിൽ ചെന്നു നിന്നു.. ഒന്നിച്ചു നിന്നപ്പോൾ നെഞ്ചുവിരിച്ചു നിന്ന കന്മതിലിന്റെ ഭൂതകാലസ്മരണകളിൽ നൊമ്പരപ്പെട്ടു കടലാഴങ്ങൾ തേടി നടക്കുന്നു. പുതിയ പടവുകാർ വന്നു പിണ പ്പിരിഞ്ഞ കല്ലും മണ്ണും മണലും നയനാശ്രുക്കൾ ചേർത്തു കുഴച്ചെടുത്തു പുതിയ മതിലുകൾ തീർക്കുന്നതും സ്വപ്നം കണ്ടിരിക്കാം.  

ഉണക്കമരം

ഇലകൾ കൊഴിഞ്ഞ് ശിഖരങ്ങൾ ഉണങ്ങി പ്രാർത്ഥനാപൂർവ്വം മേലോട്ടു നോക്കിയിരിക്കുന്നുണ്ട് പഴയ കവലയിൽ ഒരു പടു മരം. പതിറ്റാണ്ടുകളോളം വഴിയാത്രക്കാർക്ക് തണൽ നൽകിയും കിളികൾക്കു കൂടൊരുക്കാൻ ഇടം നൽകിയും.. ഓഹരി വെച്ചെടുത്ത കിടപ്പാടത്തിലും അഭയാർത്ഥികൾക്കായി മടിത്തട്ടൊരുക്കി കാത്തിരുന്നവൾ.. ചോരയും നീരും കുടിച്ചു വറ്റിച്ച ഇത്തിക്കണ്ണികളെ ആതിഥ്യമര്യാദയോടെ ഊട്ടിയൊരുക്കി വാർധക്യം ഇരന്നു വാങ്ങിയവൾ.. കൊടുങ്കാറ്റിൽ കാൽ വിരലിലൂന്നി മറിഞ്ഞു വീഴാതെ പിടിച്ചു നിർത്തിയത് ആകാരം കൊണ്ട് ഇരുട്ടിൽ ചിലരെയെങ്കിലും പറ്റിച്ചു നിർത്താമെന്ന വ്യാമോഹമായിരുന്നു.. കാക്കകൾ കാഷ്ടിച്ച ഗാന്ധി പ്രതിമയും ചില്ലു നഷ്ടപ്പെട്ട കണ്ണടക്കാലുകളും ആ പഴയ മേൽവിലാസം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.. ഉപ്പു കുറുക്കിയതും ചർക്കതിരിച്ചതും നിരാഹാരം കിടന്നതും നിസ്സഹകരിച്ചതും ഈ മരത്തണലിയായിരുന്നു.  

കോങ്കണ്ണൻ

ഭക്ഷണമുറിയിൽ വിഭവങ്ങളെമ്പാടുമുണ്ടായിട്ടും അടുക്കളയിൽ തിളക്കുന്ന പാത്രത്തിലേക്ക് തന്നെ ഒളിച്ചു നോക്കുന്നു. കിടപ്പറയിൽ സ്വന്തക്കാരുണ്ടായിട്ടും അന്യരുടെ അടിവസ്ത്രങ്ങൾ ഒളിഞ്ഞു നോക്കുന്നു. കൺമുമ്പിൽ മനുഷ്യജീവിതങ്ങൾ പിടഞ്ഞു വീഴുമ്പോഴും അയലത്തെ വീട്ടിലെ ആലയിൽ ഇടംകണ്ണിട്ടു നോക്കുന്നു, ക്ഷീരമുള്ള അകിടിൽ ചോര തേടിപ്പറക്കുന്നു മൂടിയ കണ്ണുകളുമായി കൊതുകുജീവിതങ്ങൾ. ഒളിഞ്ഞുനോട്ടം വായ് നോട്ടം പോലെ ഒരസുഖമാണെന്ന് കരുതി സൂക്ഷിച്ചു നോക്കിയപ്പോഴാണ് കോങ്കണ്ണനാണെന്നറിഞ്ഞത്. അവന് അങ്ങനെ മാത്രമേ നോക്കാനറിയൂ.  

തീർച്ചയായും വായിക്കുക