Home Authors Posts by ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി
111 POSTS 0 COMMENTS
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

പുതുവത്സരാശംസകൾ

ഉണർന്നെണീറ്റയുടനേ പത്രക്കാരൻ പറഞ്ഞു പുതുവൽസരാശംസകൾ., പത്രത്തിന്റെ വില ഇന്നു മുതൽ അൽപ്പം കൂടിയിട്ടുണ്ടത്രേ. പാൽക്കാരൻ വണ്ടി നിർത്തി, പറഞ്ഞു പുതുവൽസരാശംസകൾ ഇന്നു മുതൽ പാലിന്റെ വിലയും അൽപ്പം കൂടുമത്രേ.., പറ്റു കടയിൽ കടക്കാരൻ വലിയ വായിൽ വിളിച്ചു പറഞ്ഞു പുതുവൽസരാശംസകൾ പറ്റു ബുക്ക് കണക്കുതീർക്കണമത്രേ.. വാടക മുതലാളി രാവിലെ തന്നെ വന്നു പറഞ്ഞു പുതുവൽസരാശംസകൾ ഈ മാസം മുതൽ വീട്ടുവാടക കൂട്ടാതെ മുന്നോട്ടു പോവാൻ കഴിയില്ലത്രേ... എല്ലാം കേട്ടു നിന്ന് ഞാനും മനസിൽ പറഞ്ഞു പുതുവൽസരാശംസകൾ പുതുവൽസരമേ നീ ഇനിയും വരാതിരുന്നെങ്കിൽ!  

സമരക്കാരോട്

ദൈവവും സാത്താനും അവിഹിത വേഴ്ചയിലാണ് ഇനിയും നിങ്ങൾ സമരം ചെയ്യുന്നതാർക്കുവേണ്ടി? സിരകളിൽ ഒഴുകി നടക്കേണ്ട ചോരത്തുള്ളികൾ തെരുവിലൊഴുക്കിക്കളയരുത്. താരാട്ടുകൾ പാടേണ്ട നാവുകൾ മുദ്രാവാക്യങ്ങളാൽ തളർത്തരുത്. ജീവൻ കൊടുത്ത് സ്വാതന്ത്യം നേടിത്തന്നവർ രാജ്യദ്രോഹികളായിരുന്നെന്ന് ചെരുപ്പ് നക്കിയവർ തിട്ടൂരമിറക്കുന്നു. ആകാശങ്ങൾക്ക് വില പറഞ്ഞു കഴിഞ്ഞു. ആറുകൾ കുപ്പികളിൽ നിറഞ്ഞു. ജീവവായുവിനുള്ള വിലപേശൽ അവസാനഘട്ടത്തിലാണ്. മണ്ണിനിപ്പോൾ പണ്ടെപ്പോലെ രക്തദാഹമില്ല. ചുടുചോര ഇനിയും മണ്ണിലൊഴിച്ച് കളയരുത്. ഇനി നമുക്ക് അനങ്ങാത്ത വിരലുകളെ വാഴ്ത്തിപ്പാടാം മിണ്ടാത്ത നാവുകളെക്കുറിച്ച് കവിതകളെഴുതാം നിർവികാരതയുടെ കോട്ടുവായെക്കുറിച്ച് പ്രബന്ധങ്ങൾ രചിക്കാം. പേടിക്കുകയേ വേണ്ട.. കർണ്ണങ്ങൾ ബധിരരാണ് നയനങ്ങൾ അന്ധരാണ് നാവുകൾ മൂകരാണ്  

ബലൂണുകൾ പൊട്ടുമ്പോൾ

ഊതി വീർപ്പിച്ച പെരുംനുണയുടെ ബലൂണുകൾ ഇനിയും വലുതാനാവാതെ കാതടപ്പിക്കുന്ന സ്വരത്തിൽ പൊട്ടിത്തകരുന്നു. നിറം കൊടുത്തിരുന്ന പുള്ളികൾ ഇനിയും വളരാനാവാതെ വികൃതമാവുന്നു. രാത്രിയിൽ ഇരുട്ടിനെ കൂട്ടുപിടിച്ച് മേലോട്ടെറിഞ്ഞ് കടൽക്കാറ്റിന്റെ ഉപ്പുരസത്തിൽ തപ്പിത്തടഞ്ഞ് ഇനിയും പൊങ്ങി നടക്കാൻ കഴിയുമായിരുന്നില്ല. ഉദയസൂര്യന്റെ കിരണങ്ങൾ കണ്ടപ്പോൾ തന്നെ ഉള്ളം നടുങ്ങിത്തുടങ്ങിയിരുന്നു. ഉച്ചയായപ്പോഴേക്ക് ചൂടുകാറ്റും ഉള്ളിലുറഞ്ഞ പെരുംനുണയുടെ ഗന്ധവും തമ്മിൽ നടന്ന രൂക്ഷമായ സംഘട്ടനത്തിൽ ഒന്നു നിലവിളിക്കാൻ പോലുമാവാതെ ഹൃദയം പൊട്ടാനായിരുന്നു വിധി. വൈകുന്നേരങ്ങളിൽ കക്ക പെറുക്കി നടക്കുന്നവർ ബലൂണിന്റെ പൊട്ടിച്ചിതറിയ കഷ്ണങ്ങളുമായി നാളെ തെരുവുകളിൽ ഓടി നടക്കുന്നുണ്ടാവും..  

ആരാണു ഡാഡീ ഈ ഗാന്ധി ?

സി ബി എസ് ഇ സ്കൂളിൽ പഠിക്കുന്ന മകൾ എന്നോടു ചോദിച്ചു "ആരാണു ഡാഡീ ഈ ഗാന്ധി ? രണ്ടായിരത്തിൻ കറൻസിയിൽ നഗ്നനായി നിൽക്കുന്ന സ്റ്റാച്യൂ ആണോ? സ്റ്റാഫ് റൂമിൽ ചുമരിലാടുന്ന കലണ്ടറിൻ മുകളിൽ മോണകാട്ടിച്ചിരിക്കുന്ന ഗ്രാന്റ് ഗ്രാന്റ് ഫാദറാണോ? ഗൾഫ് ഗേറ്റിൽ ചെന്ന് മുടി വെച്ചുപിടിപ്പിക്കാൻ അങ്ങേർക്ക് കാശില്ലായിരുന്നോ? അങ്ങേർ പഠിച്ച സ്കൂളിലെ യൂണിഫോം ഒരു മുണ്ടു മാത്രമായിരുന്നോ? കാലിൽ ഷൂ ധരിക്കാത്തതിന്നായ് ഫൈൻ അടച്ചിരുന്നോ? പോളിയോ തുള്ളിമരുന്ന് കുടിക്കാതെ കാലുകൾ തളർന്നിട്ടാണോ കൂടെ ഒരു വടികുത്തിപ്പിടിക്കുന്നേ? സൺഗ്ലാസ് കിട്ടാഞ്ഞിട്ടാണോ വലിയൊരു സ്പെക്സ് വെച്ചത്? കൺട്രി ഫെല്ലോ.. അല്ലേഡാഡീ...  

നൂറ്റി നാൽപ്പത്തിനാല്

അക്ഷരങ്ങളേ.. ഇനി മുതൽ നിങ്ങൾ കൂട്ടം കൂടി നിൽക്കരുത് വാക്കുകളും വാക്യങ്ങളുമായി പ്രകടനം നടത്തരുത്. അർത്ഥങ്ങളും ആശയങ്ങളും പെറ്റു കൂട്ടരുത്. ഖരവും അതിഖരവും ഒരുമിച്ചുകൂടരുത്. നിലവിളികളും ആക്രോശങ്ങളുമുണ്ടാക്കരുത്. തടി കൂട്ടരുത് ചെരിഞ്ഞു നിൽക്കുകയുമരുത്. നെറ്റി ചുളിക്കുകയോ കൊഞ്ഞനം കുത്തുകയോ ചെയ്യരുത്. അച്ചടക്കത്തോടെ ഒറ്റയ്ക്കൊറ്റയ്ക്ക് തല കുനിച്ച് വിനീതവിധേയരായി നിൽക്കണം. പാടിപ്പതിഞ്ഞ വൃത്തത്തിനപ്പുറം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി നടക്കരുത്. ചുവന്ന വസ്ത്രം ധരിക്കരുത് വിലക്കു ലംഘിച്ചാൽ വെടിയുണ്ടകൾ വിരുന്നു വരും. തിരോധാനങ്ങൾ വരും ശിരഛേദങ്ങൾ വരും കാരാഗൃഹങ്ങൾ കാത്തിരിക്കും. ഇത് നൂറ്റിനാൽപ്പത്തിനാലാണ്.  

ചിതലുകൾ

കാറ്റും വെളിച്ചവും തട്ടാതെ ഒളിച്ചു കഴിയുന്ന ചിതലുകൾ ആദ്യം തിന്നു തീർക്കുന്നത് അലമാരകളിൽ ഭദ്രമായിരിക്കുന്ന പുസ്തകത്താളുകളെയാണ്. പിന്നെപ്പിന്നെ തൂലികാത്തുമ്പുകളും തിന്നു തീർക്കുന്നു. ചുമരിന്റെ അരികിലൂടെ മൺ തരികൾ കൂട്ടിയൊട്ടിച്ച ഞരമ്പുകളിലൂടെ നിശബ്ദമായി മേലോട്ടു കയറി മേൽക്കൂരയിൽ കടക്കുന്നു. വീട്ടുകാർ ഉറങ്ങുമ്പോഴും ഉറങ്ങാതെ മരത്തടികൾ തിന്നു തീർക്കുന്നു. അപ്പോഴും പുറത്ത് കാണാതിരിക്കാൻ മരത്തോലിന്റെ ചെറിയൊരു ഭാഗം ബാക്കി വെക്കുന്നു. നിലവിളികൾ നിലച്ച തറവാടുകളിലും അടുപ്പ് പുകയാത്ത കുടിലുകളിലും വിളക്കു കത്താത്ത വീടുകളിലും ചിതലുകൾ പുറ്റുകൾ തീർക്കുന്നു. കൊടുങ്കാറ്റടിച്ച് നിലംപൊത്തുമ്പോൾ കണ്ടവർ കണ്ടവർ പറയുന്നുണ്ടാവും " ഈ ചിതലുകളെ നാം മുമ്പേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ "  

ഫിഷനും ഫ്യൂഷനും

ഫിഷൻ ............... അടുത്തിരുന്ന് ഹൃദയം പങ്കുവെച്ചിരുന്ന രണ്ടാളുകളെ തമ്മിൽ തെറ്റിച്ചു ഇരു ധ്രുവങ്ങളിലാക്കി ഭക്തരെന്നും ദുഷ്ടരെന്നും പേരു ചൊല്ലി വിളിക്കുന്നു. ചാണകപ്പൊടിയിൽ പ്ലൂട്ടോണിയം തേടി ഗവേഷണം നടത്തുന്നു. നിലവിളികളായും നിണച്ചാലുകളായും ആൽഫയും ബീറ്റയും വലതും ഇടതും പക്ഷം പിടിക്കുന്നു. നിഷ്പക്ഷനായി ഗാമയും. അറ്റുപോയ ബന്ധുക്കളെ തേടി ചെയിൻ റിയാക്ഷനുകൾ വിസ്ഫോടനം നടത്തുന്നു. സമാധാനപരമായ ജനാധിപത്യത്തിന്റെ സമ്പുഷ്ടീകരണത്തിനായി റിയാക്ടറുകളിൽ തമ്മിൽ തല്ലി മരിക്കുന്നു. ഇനിയും നീണ്ട കാലം സുഖമായി വാണരുളാൻ ഒന്നിച്ചിരുന്ന രണ്ടാറ്റങ്ങളെ തമ്മിൽ തെറ്റിച്ച ആണവോർജ്ജം സിരകളിലൂടെ വിതരണം ചെയ്യുന്നു. ഫ്യൂഷൻ ............. നിന്റെ വരികളിലും വരകളിലും ഹൈഡ്രജൻ ബോംബിന്റെ ശക്തിയുണ്ടായിരുന്നു. അകന്നു നിന്ന മാനസങ്ങളെ അടുപ്പിച്ചു നിർത്തിയ അക്ഷരക്കൂട്ടുകൾ അവക്കെന്നും ഭീതി വിതച്ചിരുന്നു. ഒറ്റക്ഷരങ്ങളായി മാറി നിന്നവരെ വാക്കുകളും വാക്യങ്ങളുമായി ശബ്ദവും നാളവും താപവും വെളിച്ചവും നൽകിയ തൂലികയെ അവർക്കെന്നും പേടിയായിരുന്നു. നെഞ്ചിൽ തുളഞ്ഞു കയറിയ തീയുണ്ടകൾ വീണ്ടും മനസുകളെ ഒന്നിപ്പിക്കുന്നു. ഇറ്റി വീണ നിണത്തുള്ളികളിൽ ഒരായിരം...

ഉയരുക ഭാരതമേ..

ഉയരുക ഭാരത മേ... .................................. ജയ ജയഭാരത ജനനീ ജയ ജയ ജീവൽ ഭൂമീ ഉയിരിന്നു യിരാം ധരണീ ഉയരുക ഉയരുക നീ.... കാശ്മീരങ്ങൾ മഞ്ഞു പുതയ്ക്കും ഹിമശൃംഗങ്ങൾ നിൻ കാന്തീ കന്യാകുമാരി ത്രിവേണിസംഗമ സാഗര യോഗഭൂമീ.. ഉൽക്കല ബംഗാ കലിംഗകൾ പറയും കഥകൾ ചൊല്ലിയനാടേ ഉൽകൃഷ്ടം നിൻ സംസ്കാരങ്ങൾ ഉലകിനു മാതൃകയല്ലോ.. ഉത്തര ദക്ഷിണ പശ്ചിമ പൂർവ ദേശങ്ങളിവിടെയൊന്നല്ലോ ഉത്തുംഗമായൊരു സംസ്കൃതിയിൽ നാം ഒരമ്മ തൻ സന്താനങ്ങൾ.. താജ്മഹലും സൂര്യ ക്ഷേത്രവും അജന്ത യെല്ലോറാ ഗുഹകൾ സാരാനാഥും സുവർണ്ണ ക്ഷേത്രവും ഒന്നായ് നിൽക്കും ഭൂമീ.. ഹിന്ദു മുസൽമാൻ ക്രൈസ്തവ പാർസികൾ ജൈന ബുദ്ധ സിക്കുകളും തോളോട് തോൾ ചേർന്നു ഒന്നായ് ചരിക്കും വൈവിദ്ധ്യത്തിൻ...

ദഹനക്കേട്

അമ്മയ്ക്കു പകരം ചിറ്റമ്മ വന്നു ആഹാരം കൊടുത്തു തുടങ്ങിയതിൽ പിന്നെയാണ് കുഞ്ഞിന് ദഹനക്കേടിന്റെ അസുഖം വന്നത്. ദഹിക്കാത്തതാണെന്നറിഞ്ഞിട്ടും സമയാസമയങ്ങളിൽ കണ്ണുരുട്ടിയും വടിയെടുത്തും പഴകിപ്പുളിച്ചതും പാതിവെന്തതുമായ ഭക്ഷ്യവസ്തുക്കൾ കുത്തിത്തിരുകിക്കൊടുക്കുന്നു. ഛർദ്ദിക്കാതിരിക്കാൻ വായ അമർത്തിപ്പിടിക്കുന്നു. എന്നിട്ട് ചെറിയ അപശബ്ദങ്ങളായും ദുർഗന്ധമായും പുറത്തു കടക്കുമ്പോൾ ചിറ്റമ്മയ്ക്കു പരാതിയാണ്. എന്തൊരു നാറ്റം? എന്തൊരു ശബ്ദം ? ഉറങ്ങാൻ സമ്മതിക്കില്ല! പുറത്തു കടക്കാൻ കഴിയാതെ ജയിലിലിട്ടവന്റെ വിങ്ങൽ ആർക്കു മനസ്സിലാവും? അവസാനം സ്വാതന്ത്ര്യത്തിന്റെ ആ ചെറു വഴികളും അടക്കുമ്പോൾ വിരൽ തുമ്പുകൾ വരികളായി ഒച്ച വെക്കുമ്പോൾ ശബ്ദവും ഗന്ധവും തടുക്കാൻ കരങ്ങൾ തികയാതെ വരും. ഓർമ്മയുണ്ടാവുക...  

മരം വെട്ടുന്നവർ

മരം വെട്ടാൻ ആരൊക്കെയോ മഴുവുമായി വരുന്നുണ്ടെന്ന് ആദ്യം വിവരം തരുന്നത് ചില്ലകളിൽ കൂടു വെച്ചു കിടന്നുറങ്ങിയിരുന്ന ദേശാടനക്കിളികളായിരുന്നു. വെട്ടാൻ വന്നവർ ആദ്യം ചെയ്തത് മരത്തിന്റെ കൂട്ടുകാരെ വളച്ചെടുത്ത് അവരുടെ കാലിൽ മഴു കൊടുക്കുകയായിരുന്നു. പൂവും കായും നിറഞ്ഞ ചെറു ചില്ലകൾ ഓരോന്നായി അരിഞ്ഞിട്ടപ്പോഴും കൂടുതലാരും പ്രതികരിച്ചില്ല. അതെല്ലാം അവരുടെ കാര്യം! പിന്നെ പക്വത കുറഞ്ഞ തല ഭാഗം കഷ്ണിച്ചെടുത്തപ്പോഴും ആരും കുലുങ്ങിയില്ല. ആദ്യം വലത്തേയും പിന്നെ ഇടത്തേയും അക്ഷങ്ങൾ വെട്ടിയെടുത്തു. പിന്നെ എളുപ്പമായിരുന്നു. കടക്കൽ മഴു വീണപ്പോൾ മുമ്പേ വീണു കിടന്ന ചില്ലകൾക്ക് ഒന്നും പറയാനില്ലായിരുന്നു. കൂടു നഷ്ടപ്പെട്ട കിളികൾ മാത്രം അകലങ്ങളിൽ മാറിയിരുന്ന് കലപില കൂട്ടുന്നുണ്ടായിരുന്നു. വെട്ടുകാർ അപ്പോഴും അശാന്തരായിരുന്നു. ചരിത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ വേരുകൾ മാന്തിയെടുത്ത് തീയിട്ടു. പിന്നീടെപ്പോഴെങ്കിലും മഴത്തുള്ളികൾ വന്നു വിളിക്കുമ്പോൾ മണ്ണിനടിയിൽ നിന്നും മരം എഴുന്നേറ്റുവരുമോ എന്ന് മരം വെട്ടുകാർക്ക് ഭീതിയുണ്ടായിരുന്നു.  

തീർച്ചയായും വായിക്കുക