Home Authors Posts by ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി
111 POSTS 0 COMMENTS
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

പൂച്ച

ഓരിയിട്ട് ഉറക്കം കെടുത്തിയപ്പോഴും കടിച്ച് കീറി മുറിവേൽപ്പിച്ചപ്പോഴും നായകളെയല്ല കാട്ടിൽ തിരഞ്ഞത്, പൂച്ചകളെയായിരുന്നു. വീട്ടിനുള്ളിൽ മാംസവും മൽസ്യവും ഒളിച്ചുവെച്ച രഹസ്യ സങ്കേതങ്ങൾ പൂച്ചകൾക്ക് കാണാപാഠമായിരുന്നു. ചാക്കിൽ കെട്ടി നാട് കടത്തിയിട്ടും വൻമതിലിനപ്പുറത്തെ"മ്യാവൂ" ശബ്ദം ആരെയൊക്കെയോ അലോസരപ്പെടുത്തുന്നു. കടുവ വംശത്തിൽ ജാതനായ നീ കണ്ണടച്ച് പമ്മി നടന്നാലും പാവമാണെന്ന് വിശ്വസിക്കുന്നില്ല. നീണ്ടു നിൽക്കുന്ന മീശയും കാലു കുത്തിയുള്ള വീഴ്ചയും നിന്റെ വിപ്ലവാദർശങ്ങളെ വിളിച്ചോതുന്നു. മിഴികൾ മെല്ലെ തുറന്നുള്ള നിന്റെ ഉറക്കം എലികളുടെ ഉറക്കം കെടുത്തുന്നു. മച്ചിൻ പുറങ്ങളിൽ ഒച്ചവെച്ചതും നിന്റെ സംസാരത്തിന്റെ വൈദേശികച്ചുവയും നിന്റെ കുറ്റപത്രം നിറച്ചെഴുതുന്നു. മച്ചിൻ പുറങ്ങൾ തീയിട്ടതും മക്കളെ തല്ലിയോടിച്ചതും സംശയരഹിതമായി കോടതിയിൽ തെളിയിക്കപ്പെടും വരെ നീ കൊല്ലപ്പേടേണ്ടവൻ തന്നെയാണ്.

വസന്തം വരുമ്പോൾ

  വസന്തം വരുമ്പോൾ ഞരമ്പുകൾ തിളച്ചു മറിയുന്നു. ഉള്ളിൽ ഉറങ്ങിയിരുന്ന ചുവന്ന രക്തത്തുള്ളികൾ ഹരിതാഭമായ ചെടിത്തലപ്പുകളിലേക്ക് ചിറക് വെച്ച് പറന്നു പോവുന്നു. നിന്നെ കാത്തിരുന്നപ്പോൾ ഞാൻ മനസ്സിലെഴുതിയ പ്രണയകാവ്യങ്ങളുമായ് മധുപങ്ങൾ പാറി നടക്കുന്നു. നിന്നെ വരച്ച് വെച്ച കാൻവാസുകൾ ചിറക് വെച്ച് പറന്നു പോവുന്നു. ഉള്ളിലുറഞ്ഞതേൻ തുള്ളി നുകരാൻ കുരുവികൾ പൂക്കളിൽ ആലിംഗനത്തിലമരുന്നു. ശിശിരം തല്ലിക്കൊഴിച്ച മരങ്ങളിൽ രക്തം കൊണ്ടെഴുതിയ പ്രണയകാവ്യത്തിനുള്ളിൽ അലിഞ്ഞു ചേരാനായ് കണ്ണീരൊഴുക്കി നോമ്പെടുത്തുകഴിയുന്നുണ്ട് മഞ്ഞുതുള്ളികൾ.

പറയാനുള്ളത്

  അടിമച്ചങ്ങലയെ കെട്ടുതാലിയായി വരിച്ചവനോട് ഞാൻ പറയുന്നു "മംഗളാശംസകൾ". അന്നം തടഞ്ഞവനു മുമ്പിൽ ഓഛാനിച്ചു നിന്നവനോട് എനിക്ക് പറയാനുള്ളത് ''സാധ്യമെങ്കിൽ തിരിച്ചു വരുക" ചോരച്ചാലുകളിൽ പൂക്കളെ തെരഞ്ഞവനോട് ഞാൻ പറയുന്നു "നിന്നെ കുറിച്ച് ലജ്ജിക്കുന്നു ഞാൻ" കൊല്ലപ്പെട്ടത് കീചകനും കൊന്നത് ഭീമനുമാണെന്ന് പറഞ്ഞവനോട് ഞാൻ പറയുന്നു "മഹാഭാരതം ജയിക്കട്ടെ" കണ്ണുനീർ മിഴികളിൽ വസന്തം കണ്ടവനോട് ഞാൻ പറയട്ടെ "വിധിയുണ്ടെങ്കിൽ വീണ്ടും കാണാം" സംസാരത്തിൽ ദ്രോഹവും മൗനത്തിൽ സ്നേഹവും ദർശിച്ചവനോട് പറയട്ടെ "നിങ്ങളുടെ സാക്ഷ്യപത്രം എനിക്ക് വേണ്ട".

നല്ല പാതി

  ഹൃദയം മുറിഞ്ഞപ്പോൾ മരുന്നു വെച്ച് തുന്നിക്കെട്ടി ഹൃദയത്തിൽ നിന്നുള്ള വാക്കെടുത്ത് തണുപ്പിച്ച് നിശ്വാസച്ചൂടു കൊണ്ട് മുറിവുണക്കി. നീണ്ട യാത്രയിൽ നിഴൽ പോലെ പിന്തുടർന്ന് മരുപ്പച്ചയായ് മുന്നോട്ട് നയിച്ച എന്റെ തന്നെ ഞാനല്ലാത്ത പാതി. പാതിരാവിന്റെ കൂരിരുട്ടിലും മിന്നാമിനുങ്ങായി കത്തിനിന്ന് ചീവീടായി ശബ്ദിച്ച് എന്റെ നിശ്ശബ്ദതയെ താരാട്ടായി മാറ്റി. മറക്കാൻ പഠിപ്പിച്ച് സ്വയം മറന്ന് ത്യജിക്കാൻ പഠിപ്പിച്ച് സ്വയം ത്യജിച്ച് ഉരുകിത്തീർന്ന മെഴുകിലെ കത്തിക്കരിഞ്ഞ നൂൽക്കഷ്ണം. നല്ലപാതിയെന്ന് വിളിച്ചാലും പാതിയല്ല, മുഴുവനുമായിരുന്നു. സ്വപ്നങ്ങൾക്കുള്ളിലെ കാൻവാസുകൾക്ക് സ്വന്തം സിരയിലെ ചോര കൊണ്ട് വർണ്ണം നൽകി നെടുവീർപ്പ് കൊണ്ട് സ്വരം നൽകി മൂകമായ ലോകത്തെ സുന്ദരമാക്കിയവൾ.

അർധരാത്രി

  അർധരാത്രി സ്വപ്നത്തിൽ നിന്ന് യാഥാർത്ഥ്യത്തെ പകുത്തെടുത്ത് തീക്ഷ്ണമായ കാത്തിരിപ്പിന്റെ അനന്തമായ വരികൾ പിറവിയെടുക്കുന്നു. അർധരാത്രി ചരിത്രത്തെ സ്വാതന്ത്ര്യത്തിന്റെ പൂർവ്വമെന്നും പശ്ചാതെന്നും വേലി കെട്ടിമറക്കുന്നു. എണ്ണ വില മാനം നോക്കി പറക്കുന്നതും ഇടതു കവിളിൽഅടിയേറ്റ മഹാത്മാവ് വലതു കവിൾ കാട്ടിക്കൊടുത്തതും രാത്രിയുടെ മറവിലായിരുന്നു. പണിക്കാരനും പണക്കാരനും പണപ്പെട്ടിക്ക് മുന്നിൽ പണിപ്പെട്ട് നിൽക്കുന്നതും അർധരാത്രി പ്രസവിച്ച ചാപ്പിള്ളയോടുള്ള സ്നേഹം കൊതിച്ചും ദ്രോഹം ഭയന്നുമായിരുന്നു. അർധരാത്രിയിൽ മൂങ്ങകൾ കരയുമ്പോൾ അടുത്ത പ്രഭാതം കണികാട്ടുന്ന കരിയുറുമ്പിൻ വരികളെയോർത്ത് ഹൃദയം പിടയുന്നു.

ശുഭാപ്തി വിശ്വാസികൾ

  തടവറ പണിത് അതിൽ ഓരോ മുറി തന്നവരെ അന്തേവാസികൾ ആദരപൂർവ്വം നമിക്കുന്നു. അവർ നമുക്ക് താമസിക്കാൻ വീടും കഴിക്കാൻ ഭക്ഷണവും നൽകിയല്ലോ.!! കാലിൽ ചങ്ങലയും കൈകളിൽ കയ്യാമവും വെച്ചവരെയും നന്ദിയോടെ സ്മരിക്കുന്നു. അവർ കൊടുങ്കാറ്റിൽ പറന്നു പോവുന്നതിൽ നിന്ന് നമ്മെ രക്ഷപ്പെടുത്തിയല്ലോ..!! വായ പൊത്തിയവരെയും തൂലിക പിടിച്ച് വാങ്ങിയവരെയും സ്നേഹപൂർവ്വം ആരാധിക്കുന്നു. നമ്മുടെ ശരീരം ക്ഷീണിക്കുന്നതിൽ അവർക്കെന്തൊരു പ്രയാസമായിരുന്നു!! തലയുടെ മുകളിലെ സൂര്യനെയും വീശിയടിച്ച ഇളം തെന്നലിനെയും തടഞ്ഞു നിർത്തിയവരെയും എന്തൊരു ഇഷ്ടമായിരുന്നു?! വെയിലിന്റെചൂടിൽ നിന്നും കാറ്റിന്റെ തണുപ്പിൽ നിന്നും രക്ഷിച്ച മഹാമനസ്കർ.!! നാളെ നെഞ്ചിന് നേരെ കാഞ്ചി വലിച്ചവരെയും തട്ടിക്കൊണ്ട് പോയി വധിച്ചവരെയും വീരപുരുഷരായി വാഴ്ത്തപ്പെടും. ശപ്തമായ ഈ ലോകത്ത് നിന്ന് സ്വാതന്ത്ര്യം നേടിത്തന്ന ധീരയോദ്ധാക്കളാണവർ..!!

പുരുഷൻ

  കണ്ണുനീർ സാഗരം ഒരു ചെറുപുഞ്ചിരിയിൽ ഒളിപ്പിച്ച് , ഇല്ലായ്മയെ നെഞ്ചൂക്കിനാൽ നേരിട്ട് ചോരയൊലിക്കുന്ന കാലിൽ വസന്തങ്ങളെ കണ്ടവൻ. പ്രണയ പുഷ്പങ്ങളെ ഉള്ളിലൊതുക്കി നഷ്ട വസന്തങ്ങളെ ഓർമ്മക്ക് വായ്പ നൽകി കത്തിനിൽക്കുന്നു ഒരു മെഴുക് തിരിനാളമായ്. ഭയത്തിന്റെ നാമ്പുകൾ തല്ലിക്കെടുത്തി, രാവിന് കാവലായ് കാത്തിരുന്ന്, ശിലയെന്നു നീ ചൊന്ന ഹൃത്തടത്തിലും നിന്റെ നാമം ഞാൻ കൊത്തിവെച്ചിരുന്നു. മരണ വാഹനത്തിൽ നീ എന്നെ തനിച്ചാക്കി പടികടന്നങ്ങനെ പോയിടുമ്പോൾ നീ ചൊന്ന ശിലയിൽ നിന്നുമൊരു ചെറു ചോല എന്റെ കവിളിനെ തഴുകി മെല്ലെയൊഴുകി തുടങ്ങിയിരുന്നു..

സമർപ്പണം

  ശൂന്യമായ കരങ്ങളുമായി നഗ്നപാദനായ് നിന്നെ കാണാനെത്തുന്നതിൽ ലജ്ജയുണ്ടെൻ പ്രിയേ. കാണിക്കവെക്കാൻ ചക്കര വാക്കുകൾ പോലും എന്റെ നാക്കിലൂടെ വരുന്നില്ല. നിന്നെ മാത്രം കാണാനുള്ള കൺകളിൽ പതിഞ്ഞത് മറ്റാരൊക്കെയോ ആയിരുന്നു. നിൻ ചുണ്ടിൽ നിന്നുതിർന്നു വീണ മൊഴിമുത്തുകൾ പെറുക്കിയെടുക്കാൻ ബഹളത്തിനിടയിൽ എൻ കാതുകൾ മറന്നു. ഗാഢമാം നിദ്രയിൽ നിന്നെ കിനാവ് കാണാനും കഴിഞ്ഞില്ല. നീ വിളിച്ചപ്പോൾ നഗ്നപാദനായ് ഞാൻ ഓടി വന്നതാണ്. കണ്ണാടിയിൽ മുഖം പോലും നോക്കാതെ. എന്നാലും എന്റെ ഹൃദയത്തിലെവിടെയോ നിന്റെയോർമ്മകൾ തുടിക്കുന്നു. ഇനി നീ എന്നോട് പിണങ്ങിയാലും നിന്നോടെനിക്ക് പരിഭവമില്ലെൻ പ്രിയേ പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ എന്റെ നാവിൽ കുറിച്ചത് നീയായിരുന്നു.

പർവതങ്ങളും മാറ്റൊലി കൊള്ളുന്നു

  "ഞാൻ മനസിൽ കാണാറുണ്ട്. നമ്മൾ രണ്ടു പേരും രണ്ടിലകളാണ്. കാറ്റ് നമ്മളെ പറത്തിയകറ്റി.. വളരെ വളരെ നാഴികകളോളം അകലെ. നമ്മൾ പൊഴിഞ്ഞു വീണ അതേ മരത്തിന്റെ കെട്ടുപിണഞ്ഞു കിടക്കുന്ന പേരുകൾ നമ്മളെ രണ്ടു പേരെയും അദൃശ്യമായി ചേർത്തുബന്ധിച്ചിരിക്കന്നു". 'പരി'യെന്ന കുഞ്ഞിപ്പെങ്ങളുടെയും അബ്ദുള്ള എന്ന ആങ്ങളയുടെയും സ്നേഹ സുന്ദരമായ ചെറുപ്പവും പിന്നീട് പരിയെ മറ്റൊരാൾ തട്ടിയെടുത്തതും ജീവിതത്തിന്റെ സായംകാലത്ത് അവർ സംഗമിക്കുന്നതിന്റെയും അപൂർവ്വ വികാരങ്ങൾ പങ്ക് വെക്കുന്ന കൃതി. അഫ്ഗാനിസ്ഥാന്റെ സമകാലിക ചിത്രങ്ങൾ...

മറ്റൊരു ലോകം സാധ്യമാണ്

  മതിലുകൾക്ക് കുമ്മായമിട്ട് ചുമരെന്ന് പേര് കൊടുക്കുക അധികമുള്ള ചോര തെരുവിലൊഴുക്കാതെ പുതിയ ചായക്കൂട്ടുകൾ തീർക്കുക കയ്യിലെ കുറുവടി ചെത്തിമിനുക്കി ചെറിയൊരു തൂലിക യാക്കി മാറ്റുക ചങ്കിലെ പൊട്ടുന്ന ശബ്ദമെടുത്തിട്ട് താരാട്ടുപാട്ടുകൾ പാടുക കൊടിമരങ്ങൾ ചേർത്ത് കെട്ടി മേൽക്കൂരകൾ പണിയുക അകന്നുപോയ മനുഷ്യ ദ്വീപുകളെ ചേർത്ത് ഹൃദയ സേതുക്കൾ പണിയുക മനുഷ്യ മനസ്സുകൾ ഒന്നായി ചേർന്ന് സ്വർഗ്ഗരാജ്യം തീർക്കുക.

തീർച്ചയായും വായിക്കുക