Authors Posts by ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി

ശബ്നം സിദ്ദീഖി
105 POSTS 0 COMMENTS
ഉർദുവിലും കൊമേഴ്സിലും ബിരുദാനന്ത ബിരുദം. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോൽസവത്തിൽ സർഗ്ഗ പ്രതിഭ (2008) ഇപ്പോൾ ഹയർ സെക്കണ്ടറി അദ്ധ്യാപകൻ..

ചീമുട്ട

വെളിച്ചം കാണാതെ മതിലുകൾക്കുള്ളിൽ അടക്കി നിർത്തപ്പെട്ട ആത്മ സംഘർഷങ്ങൾ കാലപ്പഴക്കം വന്നു വീര്യം കൂടുമ്പോൾ സമരായുധമായി ഉയിർത്തെണീക്കുന്നു. വെളുത്ത മേനിക്കുള്ളിൽ അടക്കി വെച്ച കെട്ടുനാറുന്ന മാനസങ്ങൾക്ക് കാണിക്കയായി തെരുവുകൾ തോറും ആനയിക്കപ്പെടുന്നു. അടയിരുന്ന് വിരിഞ്ഞ് വളർന്ന് തള്ളപ്പക്ഷികളാവേണ്ടവർ ഭീരുക്കളായി ആത്മഹത്യ ചെയ്ത് സ്വയം നാറി ശവമായി മാറുമ്പോൾ ചീമുട്ടയായി പരിണമിക്കുന്നു. രണ്ട് ചീമുട്ടകൾ തെരുവിൽ ആലിംഗനം ചെയ്യുമ്പോൾ ജനങ്ങൾ സമരമെന്ന് വിളിക്കുന്നു.  

പടവലങ്ങ റിപ്പബ്ലിക്ക്

വെയിൽ തിന്ന ഇലകൾ തുള്ളികളായി അയച്ചുകൊടുത്ത ജീവ ജലത്തിന്റെ കണികകൾ ആവിയായി മാറിയപ്പോഴും ആരൊക്കെയോ നിശ്ശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു "ഈ നിണത്തുള്ളികളെല്ലാം എവിടെ പോകുന്നു? മണ്ണിൽ ഓടിത്തളർന്ന അസംഘടിതരായ അസംഖ്യം വേരുകളും പിറുപിറുക്കുന്നു നമ്മുടെ ഈ അദ്ധ്വാനമെല്ലാം എവിടെ പോകുന്നു? സ്വപ്നം കണ്ടിരുന്ന രാത്രികളും പൊട്ടിച്ചിരിച്ച പകലുകളും ഓർമ്മയുടെ ഏടുകളിൽ വിശ്രമിക്കുന്നു. വെളുത്ത ചെറുപുഷ്പങ്ങളിൽ കറുത്ത വണ്ടുകൾ ഉമ്മ വെച്ചു തിരിച്ചു പറന്നു പോകുന്നു. പടർന്നു പിടിക്കാൻ വേണ്ടി താങ്ങി നിർത്തിയ പന്തലുകൾ ഇനിയും താങ്ങാൻ കഴിയില്ലെന്ന് പറയാതെ പറയുന്നു. പടവലങ്ങ വളരുകയായിരുന്നു മുകളിൽ നിന്ന് താഴേക്ക്. മണ്ണിലേക്ക്.. പാതാളത്തിലേക്ക്..  

ആഫ്രിക്ക

കറുപ്പ് വിഴുങ്ങിയവർക്കിന്നും ആഫ്രിക്ക കറുപ്പാണ്. നയനങ്ങളിൽ നൈലിന്റെ നീരൊലിപ്പ് വിങ്ങലിന്റെ രസതന്ത്രമാണെന്ന് എന്തിനിപ്പോഴും വാശി പിടിക്കണം? നിധിശേഖരത്തിനായി ഇരുമ്പുമറകൾ തേടുന്നത് മോഷ്ടാക്കളുടെ കൗടില്യം കൊണ്ടു കൂടിയാണ്. പ്രതീക്ഷാ മുനമ്പുകൾ മുന്നോട്ടു തള്ളി നിന്നാലും കലഹാരിയുടെ കനലുകൾ മാത്രം നിന്നെ പൊള്ളിക്കുന്നതിൽ വ്യാകുലതകൾ ബാക്കിയുണ്ട്. ഉടലിനെ തുല്യ വലിപ്പമുള്ള രണ്ടർധ ഭാഗങ്ങളായി മാറ്റിയിട്ടും കുത്തുവാക്കുകൾ മാത്രം കേൾക്കാൻ വിധിക്കപ്പെട്ടവൾ. നാഗരികതകളുടെ കളിത്തൊട്ടിലായിട്ടും നിന്റെ നിറം ഇപ്പോഴും ഇരുണ്ടതാണെന്ന് പരിഷ്ക്കാരികൾ തിട്ടൂരമിറക്കുന്നു. പച്ച പിടിച്ച നിന്റെ ഉടലിനെ അകലെ നിന്ന് നോക്കുന്നവർക്ക് ഇരുണ്ടതായി മാത്രമേ കാണാനാവൂ.. കറുപ്പു വിഴുങ്ങിയവർക്കും..  

ബാലസാഹിത്യങ്ങൾ

മാളികപ്പുറത്ത് ചാരുകസേരയിട്ട് കാലിൽ കാൽ കയറ്റി ബാലസാഹിത്യം വിളിച്ചു പറയാൻ എന്ത് രസമാണ്! വെയില് കൊണ്ട് ഭൂമി കിളച്ച വരെ ഓർക്കേണ്ടതില്ല തറ പാകിയ തഴമ്പിച്ച കൈകൾ കാണേണ്ടതില്ല തലയിൽ കല്ലേറ്റിയ വരെയും ചിന്തേരിട്ടു മരംമിനുക്കിയവരേയും എളുപ്പത്തിൽ മറക്കാം. കാറ്റും വെയിലും മഴത്തുള്ളിയും മഞ്ഞും അനുഭവിക്കാതെ വെള്ളിക്കരണ്ടിയിൽ വായിലേക്ക് നാല് നേരം ഉണ്ടയാക്കി തള്ളിത്തരാൻ ആളുണ്ടായപ്പോൾ തറയിട്ടവർ അസത്തുക്കളായി വെയിലു കൊണ്ടവർ കറുത്തവരായി. ബാൽക്കണിയിൽ മായാവിയായിരിക്കുമ്പോൾ വായിലൂടെ ബാലസാഹിത്യങ്ങൾ വിസർജിച്ചാൽ ബാലരമയെ എന്തിനു പഴിക്കണം.. ഇരിക്കും കൊമ്പ് മുറിക്കുന്നവനും ജയമെന്നുറക്കെ വിളിക്കുക  

പുതുവത്സരാശംസകൾ

ഉണർന്നെണീറ്റയുടനേ പത്രക്കാരൻ പറഞ്ഞു പുതുവൽസരാശംസകൾ., പത്രത്തിന്റെ വില ഇന്നു മുതൽ അൽപ്പം കൂടിയിട്ടുണ്ടത്രേ. പാൽക്കാരൻ വണ്ടി നിർത്തി, പറഞ്ഞു പുതുവൽസരാശംസകൾ ഇന്നു മുതൽ പാലിന്റെ വിലയും അൽപ്പം കൂടുമത്രേ.., പറ്റു കടയിൽ കടക്കാരൻ വലിയ വായിൽ വിളിച്ചു പറഞ്ഞു പുതുവൽസരാശംസകൾ പറ്റു ബുക്ക് കണക്കുതീർക്കണമത്രേ.. വാടക മുതലാളി രാവിലെ തന്നെ വന്നു പറഞ്ഞു പുതുവൽസരാശംസകൾ ഈ മാസം മുതൽ വീട്ടുവാടക കൂട്ടാതെ മുന്നോട്ടു പോവാൻ കഴിയില്ലത്രേ... എല്ലാം കേട്ടു നിന്ന് ഞാനും മനസിൽ പറഞ്ഞു പുതുവൽസരാശംസകൾ പുതുവൽസരമേ നീ ഇനിയും വരാതിരുന്നെങ്കിൽ!  

സമരക്കാരോട്

ദൈവവും സാത്താനും അവിഹിത വേഴ്ചയിലാണ് ഇനിയും നിങ്ങൾ സമരം ചെയ്യുന്നതാർക്കുവേണ്ടി? സിരകളിൽ ഒഴുകി നടക്കേണ്ട ചോരത്തുള്ളികൾ തെരുവിലൊഴുക്കിക്കളയരുത്. താരാട്ടുകൾ പാടേണ്ട നാവുകൾ മുദ്രാവാക്യങ്ങളാൽ തളർത്തരുത്. ജീവൻ കൊടുത്ത് സ്വാതന്ത്യം നേടിത്തന്നവർ രാജ്യദ്രോഹികളായിരുന്നെന്ന് ചെരുപ്പ് നക്കിയവർ തിട്ടൂരമിറക്കുന്നു. ആകാശങ്ങൾക്ക് വില പറഞ്ഞു കഴിഞ്ഞു. ആറുകൾ കുപ്പികളിൽ നിറഞ്ഞു. ജീവവായുവിനുള്ള വിലപേശൽ അവസാനഘട്ടത്തിലാണ്. മണ്ണിനിപ്പോൾ പണ്ടെപ്പോലെ രക്തദാഹമില്ല. ചുടുചോര ഇനിയും മണ്ണിലൊഴിച്ച് കളയരുത്. ഇനി നമുക്ക് അനങ്ങാത്ത വിരലുകളെ വാഴ്ത്തിപ്പാടാം മിണ്ടാത്ത നാവുകളെക്കുറിച്ച് കവിതകളെഴുതാം നിർവികാരതയുടെ കോട്ടുവായെക്കുറിച്ച് പ്രബന്ധങ്ങൾ രചിക്കാം. പേടിക്കുകയേ വേണ്ട.. കർണ്ണങ്ങൾ ബധിരരാണ് നയനങ്ങൾ അന്ധരാണ് നാവുകൾ മൂകരാണ്  

ബലൂണുകൾ പൊട്ടുമ്പോൾ

ഊതി വീർപ്പിച്ച പെരുംനുണയുടെ ബലൂണുകൾ ഇനിയും വലുതാനാവാതെ കാതടപ്പിക്കുന്ന സ്വരത്തിൽ പൊട്ടിത്തകരുന്നു. നിറം കൊടുത്തിരുന്ന പുള്ളികൾ ഇനിയും വളരാനാവാതെ വികൃതമാവുന്നു. രാത്രിയിൽ ഇരുട്ടിനെ കൂട്ടുപിടിച്ച് മേലോട്ടെറിഞ്ഞ് കടൽക്കാറ്റിന്റെ ഉപ്പുരസത്തിൽ തപ്പിത്തടഞ്ഞ് ഇനിയും പൊങ്ങി നടക്കാൻ കഴിയുമായിരുന്നില്ല. ഉദയസൂര്യന്റെ കിരണങ്ങൾ കണ്ടപ്പോൾ തന്നെ ഉള്ളം നടുങ്ങിത്തുടങ്ങിയിരുന്നു. ഉച്ചയായപ്പോഴേക്ക് ചൂടുകാറ്റും ഉള്ളിലുറഞ്ഞ പെരുംനുണയുടെ ഗന്ധവും തമ്മിൽ നടന്ന രൂക്ഷമായ സംഘട്ടനത്തിൽ ഒന്നു നിലവിളിക്കാൻ പോലുമാവാതെ ഹൃദയം പൊട്ടാനായിരുന്നു വിധി. വൈകുന്നേരങ്ങളിൽ കക്ക പെറുക്കി നടക്കുന്നവർ ബലൂണിന്റെ പൊട്ടിച്ചിതറിയ കഷ്ണങ്ങളുമായി നാളെ തെരുവുകളിൽ ഓടി നടക്കുന്നുണ്ടാവും..  

ആരാണു ഡാഡീ ഈ ഗാന്ധി ?

സി ബി എസ് ഇ സ്കൂളിൽ പഠിക്കുന്ന മകൾ എന്നോടു ചോദിച്ചു "ആരാണു ഡാഡീ ഈ ഗാന്ധി ? രണ്ടായിരത്തിൻ കറൻസിയിൽ നഗ്നനായി നിൽക്കുന്ന സ്റ്റാച്യൂ ആണോ? സ്റ്റാഫ് റൂമിൽ ചുമരിലാടുന്ന കലണ്ടറിൻ മുകളിൽ മോണകാട്ടിച്ചിരിക്കുന്ന ഗ്രാന്റ് ഗ്രാന്റ് ഫാദറാണോ? ഗൾഫ് ഗേറ്റിൽ ചെന്ന് മുടി വെച്ചുപിടിപ്പിക്കാൻ അങ്ങേർക്ക് കാശില്ലായിരുന്നോ? അങ്ങേർ പഠിച്ച സ്കൂളിലെ യൂണിഫോം ഒരു മുണ്ടു മാത്രമായിരുന്നോ? കാലിൽ ഷൂ ധരിക്കാത്തതിന്നായ് ഫൈൻ അടച്ചിരുന്നോ? പോളിയോ തുള്ളിമരുന്ന് കുടിക്കാതെ കാലുകൾ തളർന്നിട്ടാണോ കൂടെ ഒരു വടികുത്തിപ്പിടിക്കുന്നേ? സൺഗ്ലാസ് കിട്ടാഞ്ഞിട്ടാണോ വലിയൊരു സ്പെക്സ് വെച്ചത്? കൺട്രി ഫെല്ലോ.. അല്ലേഡാഡീ...  

നൂറ്റി നാൽപ്പത്തിനാല്

അക്ഷരങ്ങളേ.. ഇനി മുതൽ നിങ്ങൾ കൂട്ടം കൂടി നിൽക്കരുത് വാക്കുകളും വാക്യങ്ങളുമായി പ്രകടനം നടത്തരുത്. അർത്ഥങ്ങളും ആശയങ്ങളും പെറ്റു കൂട്ടരുത്. ഖരവും അതിഖരവും ഒരുമിച്ചുകൂടരുത്. നിലവിളികളും ആക്രോശങ്ങളുമുണ്ടാക്കരുത്. തടി കൂട്ടരുത് ചെരിഞ്ഞു നിൽക്കുകയുമരുത്. നെറ്റി ചുളിക്കുകയോ കൊഞ്ഞനം കുത്തുകയോ ചെയ്യരുത്. അച്ചടക്കത്തോടെ ഒറ്റയ്ക്കൊറ്റയ്ക്ക് തല കുനിച്ച് വിനീതവിധേയരായി നിൽക്കണം. പാടിപ്പതിഞ്ഞ വൃത്തത്തിനപ്പുറം പുതിയ മേച്ചിൽപ്പുറങ്ങൾ തേടി നടക്കരുത്. ചുവന്ന വസ്ത്രം ധരിക്കരുത് വിലക്കു ലംഘിച്ചാൽ വെടിയുണ്ടകൾ വിരുന്നു വരും. തിരോധാനങ്ങൾ വരും ശിരഛേദങ്ങൾ വരും കാരാഗൃഹങ്ങൾ കാത്തിരിക്കും. ഇത് നൂറ്റിനാൽപ്പത്തിനാലാണ്.  

ചിതലുകൾ

കാറ്റും വെളിച്ചവും തട്ടാതെ ഒളിച്ചു കഴിയുന്ന ചിതലുകൾ ആദ്യം തിന്നു തീർക്കുന്നത് അലമാരകളിൽ ഭദ്രമായിരിക്കുന്ന പുസ്തകത്താളുകളെയാണ്. പിന്നെപ്പിന്നെ തൂലികാത്തുമ്പുകളും തിന്നു തീർക്കുന്നു. ചുമരിന്റെ അരികിലൂടെ മൺ തരികൾ കൂട്ടിയൊട്ടിച്ച ഞരമ്പുകളിലൂടെ നിശബ്ദമായി മേലോട്ടു കയറി മേൽക്കൂരയിൽ കടക്കുന്നു. വീട്ടുകാർ ഉറങ്ങുമ്പോഴും ഉറങ്ങാതെ മരത്തടികൾ തിന്നു തീർക്കുന്നു. അപ്പോഴും പുറത്ത് കാണാതിരിക്കാൻ മരത്തോലിന്റെ ചെറിയൊരു ഭാഗം ബാക്കി വെക്കുന്നു. നിലവിളികൾ നിലച്ച തറവാടുകളിലും അടുപ്പ് പുകയാത്ത കുടിലുകളിലും വിളക്കു കത്താത്ത വീടുകളിലും ചിതലുകൾ പുറ്റുകൾ തീർക്കുന്നു. കൊടുങ്കാറ്റടിച്ച് നിലംപൊത്തുമ്പോൾ കണ്ടവർ കണ്ടവർ പറയുന്നുണ്ടാവും " ഈ ചിതലുകളെ നാം മുമ്പേ തിരിച്ചറിഞ്ഞിരുന്നെങ്കിൽ "  

തീർച്ചയായും വായിക്കുക