Authors Posts by സതീശൻ ഒ.പി

സതീശൻ ഒ.പി

11 POSTS 0 COMMENTS

കുടിയൊഴിപ്പിക്കുമ്പോൾ

ചിലപ്പോൾ തോന്നും പൂക്കളെയും നക്ഷത്രങ്ങളെയും കുറിച്ചെഴുതി മടുത്തെന്നു. ആ മേഘങ്ങളെ കെട്ടഴിച്ചുവിട്ടേക്കൂ അനുസരണയില്ലാത്ത കുതിരകളാണവ . (ഒരു കവിതാലയത്തിലും കെട്ടാൻ കൊള്ളാത്തവ). നോവുകുഴിച്ചിട്ടതെല്ലാം പൂക്കളായി ചിരിക്കുന്ന കൃഷി നിർത്താൻ പറയൂ. എവിടെയും മുളക്കുന്ന തകരകളാണവ. (ഒരു കൂട്ടാനും കൊള്ളാത്തതു). പ്രണയത്തിന്റെയാ ഒറ്റ മരത്തെ വെട്ടി വിൽക്കാമെന്നും അതിൽ ചേക്കേറിയ കാറ്റിനേയും കിളികളേയും നാടുകടത്താമെന്നും ആലോചിക്കുന്നു . മഴയ്ക്കും മഞ്ഞിനും കയറിക്കിടക്കാൻ കൊടുത്ത വീട്‌ ഉടൻ കുടിയൊഴിപ്പിക്കണം . വളപ്പൊട്ടുകളെയും മയിൽപ്പീലികളേയും എതെങ്കിലും തലതെറിച്ച കുട്ടികൾക്കു ദാനം ചെയ്യാമെന്നും കവിതയിൽ നിന്നും ഒളിച്ചോടാമെന്നും വിചാരിക്കുന്നു . പക്ഷേ നിങ്ങളെനിക്കൊരുറപ്പുതരണം പേടിച്ചും കരഞ്ഞും ഉന്മാദപ്പെട്ടും വരുമ്പോൾ ഇതുപോലെ അടച്ചുറപ്പുള്ളൊരു വീട്‌.

ധാരണ

നക്ഷത്രങ്ങളും നിലാവും എല്ലാം കാണുന്നുണ്ടെന്നു നാം ധരിക്കും. പക്ഷെ അവ ഉറങ്ങുമ്പോൾ മാത്രം പ്രകാശിക്കുന്ന മീനുകളല്ലെന്നു ആരറിഞ്ഞു .

മുറിവ് ഒരു മറ

പെട്ടന്നു പാതി ചാരിയ വാതിൽ ഒരു മുറിവിനെ ഓർമ്മപ്പെടുത്തുന്നു. നമ്മൾ അതിനിടയിൽ പോയൊളിക്കുന്നു. ആരൊ തേടി വരുമെന്നു , അപ്രതീക്ഷിതമായി ഒരു സാറ്റ്‌ വിളിയിൽ തോൽപ്പിക്കപെടുമെന്നു, ഓർത്തോർത്തു നീ ചേർന്നു നിൽക്കുന്നു. ഞാൻ ചേർന്നു നിൽക്കുന്നു. നമ്മൾ ഉമ്മവെയ്ക്കുന്നു. മുറിയിലേക്കു തുറക്കുന്ന / അടക്കുന്ന മുറിവുകളാണു വാതിലുകൾ. അതെ മുറിവു ഒരു മറയാകുന്നു .

ദൈവം കവിതയെഴുതുമ്പോൾ

നടുരാത്രി അപ്പന്റെ വിരലിൽ തൂങ്ങി കുഞ്ഞി കാലടി തത്തി തത്തി ഒരു വാവ നടക്കാൻ പഠിക്കുന്നു . ആകാശവും നക്ഷത്രങ്ങളും കൂടെ തത്തുന്നു .ഇടക്കിടെ ഞാനിപ്പോ വീഴുവേ പിടിച്ചോണേ എന്നു വീഴാനായുന്നു . എട്ടടിവെച്ചു മുട്ടും കുത്തിവീഴുമ്പോൾ ആകാശവും നക്ഷത്രങ്ങളും ആരും കണ്ടില്ലെന്നമട്ടിൽ നോട്ടം മാറ്റുന്നു . മുട്ടുപൊട്ടിക്കാതെ മണ്ണു അച്ചോടാ വാവേ  എന്നൊരുമ്മ കൊടുക്കുന്നു . കുഞ്ഞു നടക്കാൻ പഠിക്കുന്നതു കണ്ടു ദൈവമൊരു കവിതയെഴുതുന്നു . അപ്പോൾ ഞാനാരണെന്നല്ലേ.? മണ്ണിൽ കാലടി കൊണ്ടു  കവിതയെഴുതുന്നയാ കുഞ്ഞാണു ഞാൻ വീഴുമ്പോൾ കൂടെ  വീഴുന്നയാ അപ്പനും .

ലളിതമായി പറഞ്ഞാൽ

ലളിതമായി പറഞ്ഞാൽ ആ യുവാവിന്റെ മരണ കുറിപ്പിൽ താനൊരു മാവോയിസ്റ്റെന്നും ജീവിതം മടുത്തു അത്മഹത്യ ചെയ്യുന്നുവെന്നും  രേഖപെടുത്തിയിരുന്നു. അതിലും ലളിതമായി പറഞ്ഞാൽ ആ പോലീസുകാരന്റെ തലയിണ മന്ത്രത്തിൽ കഴുത്തിൽ കുരുക്കിട്ടു കൊന്ന ഒരു യുവാവിനെ പ്രണയപൂർവ്വം പരിഭാഷപ്പെടുത്തിയിരുന്നു. പത്രക്കാരുടെ ഭാഷ അത്ര ലളിതമല്ലാത്തതിനാൽ പല കഥകളിൽ ഏതെങ്കിലുമൊന്ന് വിശ്വസിക്കാൻ വായനക്കാർ നിർബന്ധിതരായിരുന്നു . ഏതോ ഒരപസർപ്പക കഥ വായിച്ചപോലെ എന്നെ നോക്കുന്ന വായനക്കാരാ ഇതിലും ലളിതമായി പറയാൻ എനിക്കറിയില്ല. ദൈവമേ  മാവോയിസ്റ്റുകളിൽ നിന്നും പോലീസുകാരിൽ നിന്നും പത്രക്കാരിൽ നിന്നും ഞങ്ങളെ  കാത്തുകൊള്ളേണമേ.

പൂച്ച അഥവാ ഫാസിസം

ഒരു കറുത്ത പൂച്ച വീടിനു ചുറ്റും കറങ്ങുന്നതു നമുക്കറിയാമെങ്കിലും തിരഞ്ഞു ചെന്നാൽ അത് ഇരുട്ടിലേക്ക് തന്നെ മാഞ്ഞു പോകുന്നു . കണ്ടെന്നു , ശബ്ദം കേട്ടെന്നു , അങ്ങനെ ഒരു പൂച്ചയെ ഇല്ലെന്നു , നമ്മൾ എത്ര വട്ടം ചർച്ച ചെയ്തിരിക്കുന്നു . എത്ര പെട്ടന്നാണ് പൂച്ചയുണ്ടെങ്കിലെന്താ എലിയെ പിടിക്കുമല്ലോ എന്ന തരത്തിലേക്ക് വീട് തന്നെ വിഭജിച്ചു പോയത് . ഇപ്പോൾ പൂച്ച ഉണ്ടോ എന്നല്ല പൂച്ച നല്ലതോ ചീത്തയോ എന്നായി നമ്മുടെ ചർച്ചകൾ . കാലിൽ നക്കി മണത്തു മുട്ടിയുരുമ്പുമ്പോൾ പാവം പൂച്ച , എലിയെ പിടിക്കുന്ന പൂച്ച , പൂച്ച...

ഇവിടെ എല്ലാവർക്കും സുഖം.

  ഒന്നോർത്തു നോക്കിയാൽ ഈ നിമിഷമെന്നതു അത്ര ചെറുതൊന്നുമല്ല. എവിടെയെങ്കിലും ഒരാൾ മലയാളത്തിൽ കാതുപൊട്ടുന്നതെറി പറഞ്ഞു ആരെയോ ഉറക്കുന്നുണ്ടാവും . നാടു വിട്ടുപോയ എന്റെയോ നിങ്ങളുടെയോ സുഹൃത്ത് ഏതോ നാട്ടിലിരുന്നു ബംഗാളി  മുഖത്തോടെ മലയാളത്തെ അയവെട്ടുന്നുണ്ടാവും . വെറുതേ ഓർത്തുനോക്കൂ ഈ നിമിഷമെന്നതു അത്ര ലളിതമൊന്നുമല്ല. കേരളത്തിൽ ഏതോ മൂശാരി ആർക്കോ വെണ്ടി അവസാന സമ്മാനം നിർമ്മിക്കുകയാവും. ആലയിൽ പഴുക്കുന്ന ഇരുംബ്‌ പകയും വിശപ്പും കൊണ്ടു ചുവക്കുന്നുണ്ടാവും . പെട്ടന്നു തീർക്കാൻ എവിടെ വെട്ടണമെന്നു കൂട്ടുകാരൻ ചെക്കൻ തല പുകയ്ക്കുന്നുണ്ടാവും. ഇതൊന്നുമോർക്കാതെ നാളെത്തെ രക്തസാക്ഷി ഒരു പുതിയ സ്വപ്നത്തിൽ നൂലു കോർക്കുകയാവും . ഒന്നോർത്തു നോക്കിയാൽ ഈ നിമിഷം എന്നതു കേരളം പോലെ പ്രബുദ്ധമാണു. അധികം അകലയല്ലാത്ത എവിടെയെങ്കിലും മാനഭംഗപ്പെട്ട ഒരു സ്ത്രീ കൊന്നു കളയുമെന്ന ഉറപ്പിൽ വാവിട്ടു നിശബ്ദയാവുന്നുണ്ടാവും. ബലാത്സംഗ വാർത്ത കണ്ടു കല്ലെറിഞ്ഞു കൊല്ലണം എന്നാക്രോശിച്ച ചെറുപ്പക്കാരൻ പുതിയ വീഡിയോയിലെ മുഖം അടുത്ത വീട്ടിലെ ചേച്ചിയുടെ പോലെ...

ചെമ്പരത്തി

ഒരിക്കലും തിരിച്ചുവരാത്ത ഒരാളെ തേടി എന്നെങ്കിലും വരുമെന്നോർത്തു വഴിക്കണ്ണുമായി നിൽക്കുന്നുണ്ടു പണ്ടെങ്ങോ അയാൾ നട്ടുമറന്ന ഒരു ചെമ്പരത്തി. ചോര കിനിയുന്നൊരു പൂവു നീട്ടി മഴയോടും കാറ്റിനോടും പരിഭവം പറഞ്ഞു പിന്നെയും പിന്നെയും വാശിയിൽ പൂക്കുന്നുണ്ടതു. ചെമ്പരത്തിക്കറിയില്ലല്ലോ പാളങ്ങളിലേക്കു പുറപ്പെട്ടുപോയവരുടെ പ്രണയത്തിനും ചെമ്പരത്തിയുടെ നിറമാണെന്ന് !

ആമ

    സൂക്ഷിച്ചു നോക്കൂ എനിക്കൊരു ആമയുടെ ഛായ ഇല്ലേ.? ചുറ്റും കണ്ടും കേട്ടും ഒരിലയനക്കത്തിൽ തന്നിലേക്കു ചുരുങ്ങിപ്പോകുന്ന ഒരു ആമയുടെ? പുറത്തു പുര കത്തുന്നുണ്ട്, ഇഷ്ടമുള്ളതു തിന്നതിന്റെ പേരിൽ- അവർക്കെതിരെ എഴുതിയതിന്റെ പേരിൽ ചോര പെയ്യുന്നുണ്ട്. മതത്തിന്റെ പല തൊഴുത്തിൽ നമ്മളെ മാറ്റി കെട്ടുവാൻ അവരെത്തിക്കഴിഞ്ഞു. എന്നിട്ടും കയ്യും തലയും പൂഴ്ത്തിവെക്കുന്ന ഒന്നാം തരം ഒരു ആമയാണു ഞാൻ. വായനക്കാരാ , ഇപ്പോഴാണു ശ്രദ്ധിക്കുന്നതു താങ്കൾക്കും എന്നെ പോലെ ഒരാമയുടെ ഛായ.  

മൗനം

വർണ്ണക്കടലാസുകൾ അലങ്കരിച്ച ഏതോ ഒരു ക്ലാസ്സിൽ നിൽക്കുകയാണ് ഞാൻ . കണ്ടിട്ടും കാണാത്ത പോലെ നീയും . ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപുകൾ ആയിരുന്നു നമ്മളപ്പോൾ . മൗനം മുറിക്കാനാവാം ഒരു മഴ പെയ്യാൻ വിതുമ്പുന്നു . പണ്ടെപ്പോഴോ മറ്റു രണ്ടുപേർ ഇതേ ക്ലാസ്സിൽ ഇതേ പോലെ നിന്നിരിക്കണം . മൗനം ഭാഷയാണെന്നറിഞ്ഞു പരസ്പരം ഒന്നും പറയാതെ അവരും മാഞ്ഞുപോയിട്ടുണ്ടാവണം. .

തീർച്ചയായും വായിക്കുക