Home Authors Posts by ശരത്കുമാർ

ശരത്കുമാർ

24 POSTS 0 COMMENTS

വിറകൊള്ളിക്കുന്ന വേനൽ

      വേനലിനു നല്ലചൂട് പനിയുടെ ചൂട് വിറകൊണ്ടു വിതുമ്പുന്നു നാട് നാവിൻ തുമ്പിൽ എങ്ങുനിന്നും മൃത്യുവിൻ ദൂതായ് വീഴുന്നൊരു വാക്ക് വിറയോടെ ഓർമ്മിക്കുമാ പേര് കൊറോണ കാലനെ കാണും പോലെ അതോർക്കവേ കതകുകൾക്കു പിന്നിൽ പഴുതുതുറക്കാൻ വെമ്പുന്നു ജീവിതങ്ങൾ. ഇടക്കിടെ മാത്രം അടുപ്പുകൾ പുകച്ചു നരകമായ് തീർന്ന കുടിലുകൾ ജീവനെയോർത്ത് പട്ടിണിപോലും മറക്കുന്നു. ജീവിതത്തിൻെ ഉപ്പും ശർക്കരയുമില്ലാതെ പാതിവേവിച്ച സ്വപ്‌നങ്ങൾ ചിലർ വാങ്ങിവയ്ക്കുന്നു ദിനപത്രങ്ങളിൽ നിറയുന്ന ഭൂപട വാർത്തകളിൽ പാലായനങ്ങളും പാളയങ്ങളുമില്ല ഇനിവരും നാളുകളിൽ ജീവനും ജീവിതവും ഏകാന്തമായ് ഗർഭപാത്രത്തിലെന്നപോലെ ചുമക്കേണ്ടി വന്നേക്കാം മരണപക്ഷികളുടെ മുരൾച്ചകൾക്കും വെടിയൊച്ചകൾക്കും ഉപരിയായ് നിശബ്ദമായ വിതുമ്പലിൻ മരവിപ്പാണെവിടെയും യുദ്ധത്തിനും ആഗോളതാപനത്തിനു മപ്പുറം അതിരുകളില്ലാതെ ഒന്നാകെ ഇറുത്തെടുക്കാൻ മാത്രം അദൃശ്യമതിൻ കരങ്ങൾ പൊരുതാനാവാതെ വിറയ്ക്കുന്നു ലോകം.

മുരളുന്ന കാറ്റ്

ഷെല്ലിയുടെ മൃത സഞ്ജീവനിയുടെ കാറ്റെവിടെ ? ജീവനുള്ള ഹൃദയത്തിൻ ജീവിതം നിലയ്ക്കുമ്പോൾ ചുണ്ടിനു ചൂടാനൊരു ജീവരാഗമതിലുണ്ട്. നാവുകളുറങ്ങവേ വാക്കിൻ മുനയുള്ള പൂവമ്പുകൾ ഉണർത്തുവാൻ ജീവനുള്ളൊരു ഹൃദയമിന്നുമതിൽ ഒളിമങ്ങിയുണ്ട്. നിത്യജ്ഞാനത്തിൻ മണിനാദംപോലെ മുരളുമാ കാറ്റിനെയറിഞ്ഞാൽ ഉച്ചത്തിൽ കലപിലകൊണ്ട് അകന്നതെന്തും തരളമായിത്തീർനൊന്നുചേരുന്നു കരിയിലകൾക്കുള്ള മറുപടിപോലെ മൃതസഞ്ജീവനിയുടെ ഗീതമതിനുണ്ട്.  

തീമഴ

  കത്തുന്ന നേതൃ പ്രതീകത്തിൻ കോലം ഉയരത്തിൽ നിന്നുരുകി തീ തുള്ളികൾ വീഴ്‌ത്തെ ആൾമറയിൽ വച്ചൊരുവൻ ആരുടെയോ ചെവിയിൽ മന്ത്രിച്ചു ''നമ്മൾ കളിക്കുന്നത് തീമഴയിലാണ്,, ആർപ്പു വിളികൾക്കിടയിൽ ദ്വേഷിച്ചു കേട്ടയാൾ മുദ്രാവാക്യ മൊഴിച്ചു ചൂടൻ മറുപടി പറയാതെ വിശ്രമിക്കാൻ സമത്വ വാക്യങ്ങൾ കോറിയ കടത്തിണ്ണയിൽ പോയിരുന്നു ചിന്തിച്ചു തുടങ്ങി നേതൃത്വത്തിൻ തത്വങ്ങൾ. ഒപ്പം ചാക്കുപോലെ തൂക്കിയ മുസോളിനിയുടെ ജഡത്തെ ഓർത്തു ഹിറ്റ്ലർചുണ്ടനെലിയെ ഉദ്ധരിച്ച പ്രത്യയശാസ്ത്രമോ അന്നേരം കാർന്നുനോവിച്ചു പൂന്തോട്ടങ്ങൾക്കും കാടുകൾക്കും കൃഷിയിടങ്ങൾക്കുമിടയിലെ അതിരുകൾ ഇണചേരാനുള്ള വംശപരമ്പരയിലെ വലിപ്പച്ചെറുപ്പങ്ങൾ , സമത്വമോ മിഥ്യ അടുക്കും തോറും ചൂടേറി വരുന്ന തീകൊണ്ടെഴുതിയ വാക്ക് , ഒരേ വർഗ്ഗത്തിലെ ചേരിതിരിവുകൾ സത്യമെന്നുറക്കെപ്പറഞ്ഞ കത്തുന്നകോലത്തിനുടമയുടെ തീനാവുതന്നെ അപ്രിയ സത്യം അധസ്ഥിതി പരിമിതർക്കുള്ള പ്രകൃതിയുടെ സൃഷ്ടടി താനോ ഭരണത്താൽ മുഷിഞ്ഞവർ - ക്കിടയിൽനിന്നും മാറിനിന്ന മുഷിഞ്ഞ ഉടുപ്പിട്ടൊരാൾ സ്വയംബോധങ്ങൾക്കൊടുവിൽ ജനസഞ്ചയത്തിനുമുകളിൽ കത്തുന്ന കോലത്തെ അറിവുപകർന്നവനുടെ പന്തമെന്നയാൾ വിശ്വസിച്ചു വാക്കുകൾപോലെ അതിൽനിന്നും പെയ്യുന്നു തീമഴ

മായ്ക്കുവോളം തെളിയുമത്

മായ്ക്കുവോളം തെളിയുന്നു പിന്നെയോ മഴവില്ലുപോലെ നിറമുള്ളതായ് വിടരും മായ്ക്കുവോളം മറവിയിൽ മായാതെ ഓർമയെ ഓർമിപ്പിക്കുമാ രൂപിണി വരകൾ ചേർക്കും കൂർത്ത മുനകളാൽ അലങ്കാരമില്ല ദുഖസൂചകമായ കറുപ്പിൻ മധ്യത്തിൽ ചായം പതിപ്പിച്ചു വച്ച കോണുകളൊഴിഞ്ഞ സ്ലേറ്റിൽ മായ്ക്കുന്ന വിരലുകൾ തലോടവെ തെളിയുന്നുവാ ചിത്രം

താഴെ പാതാളം

താഴാൻ വയ്യ താഴെ പാതാളം തരളമാണീ മണ്ണ് കഠിനമീ പാദങ്ങൾ താഴുംതോറും മുറിവുകൾ മൂടപ്പെടുന്നു സ്വപ്‌നങ്ങൾ ഒപ്പം ജീവനും ശേഷിപ്പായ് നാമമില്ലാത്തൊരു ശൂന്യത താഴുമ്പോൾ പാതാളം വീണ്ടും പിളരുമ്പോൾ വിട്ടകലുന്നു ഉയരങ്ങളിലൂടൊഴുകുന്ന മരീചിക താഴാൻ വയ്യ താഴെ പാതാളം

സ്വതന്ത്രൻ

നേരോടെ നിർഭയമെന്തും നേടുവാനാശിക്കുന്നവൻ സ്വതന്ത്രൻ പ്രതികൂലമാം കാലമേറ്റിയ തീനാളത്തിലും നഗ്നമായ ചാട്ടവാറടിയിലും സ്വയമവൻ കത്തിജ്വലിക്കും തോക്കിന് മുൻപിൽ അടിയറവില്ലാതെ ഉള്ളിലേന്തിയ വെടിമരുന്നിൽ ബോംബാകും പൊട്ടിത്തെറിക്കുന്നത് അർപ്പിത ബോധത്താലെങ്കിൽ അതിലും വലിയൊരൂർജ്ജമാണ് അവനിലെ സ്വയമൊരവബോധത്തിൻ ആറ്റവും നിലനില്പിന്നാദർശവും ശ്വസിച്ച വായു ജീവനിൽ പകർത്തിയ ചേതനയും നോക്കിയ പൂക്കളുടെ ഭംഗിയിൽ നിന്നും നുകർന്ന അനുഭൂതിയും ശബ്‍ദങ്ങൾ സമ്മാനിച്ച സംഗീതവും തിരഞ്ഞെടുത്ത ഭക്ഷണ സ്വാദും സമയനിശ്ചിതമായ് ഹോട്ടൽ മുറിയിലെ പഞ്ചനക്ഷത്ര വേശ്യയും സ്വന്തമെന്ന തിരിച്ചറിവാണത് പോരായ്മകളെമറന്ന് നേരിലവൻ പോരാടും അവനാണ് സ്വതത്രൻ

വിജനമാണിവിടം

വിജനമാണിവിടം പക്ഷെ വിലങ്ങുകൾ വേലികൾക്കും മതിലുകൾക്കും പകരം പാദങ്ങൾക്ക് വിള്ളലുകൾ വേദന ചങ്ങലയായ് പിണച്ചു മഞ്ഞിൽ നടന്ന ഇന്നലെയൊരുനാൾ നേർത്ത ദർഭകൾ പഞ്ചബാണങ്ങളായ് ശൈത്യത്തിൻ മരവിപ്പിന് മറയാകവേ അവ പോറ്റിയ പുൽത്തകിടിയുടെ ജീവനിലൊരാശ്വാസം കണ്ടു വേരുകൾക്കപ്പുറം നേരിനെ പുറം കാഴ്ച്ചയിൽ തേടുമ്പോഴും നോവുകളൊന്നും വേരുകളാകുന്നതറിഞ്ഞില്ല എങ്കിലും നനവുകൾ വറ്റാത്തതൊരനുഗ്രഹം കനികൾ പറിക്കാത്തവരായാലും കണ്ണുകൾക്കൊന്നുമപ്രിയമല്ലല്ലോ കനിവും നിറവും ഊർജവുമെല്ലാം ഇവിടെയാണല്ലോ

പകർന്നുവച്ച ചഷകം

പാനം ചെയ്യാൻ നിറഞ്ഞിരിക്കുന്നു ചില്ലു ചഷകം ദൃഢമാം കൈകളുടെ മൃദുല സ്പർശനം കാത്ത് ശയന മുറിയിൽ കുമിളകൾ പൊട്ടിക്കുമ്പോൾ ലഹരി നുരയുന്നതു നുണഞ്ഞ് മദ്യത്തിനൊപ്പം മദംപോലെ അലങ്കാരം നടിച്ച് വടിവുകൾ പോയ് അത്യാധുനികതയ്‌ക്കൊപ്പം കോണുകളാകെ ചെരിച്ച് ചുണ്ടുകളിലേക്ക് പരിചയം പകരും ദ്രാവക നിറത്തിൽ നഗ്നതമറച്ച ഇതുവരെ നുകരാത്തൊരു ചില്ലു ശരീരം

ചേർച്ച

  അവൾ കറുത്താലും അവൻ വെളുത്തിരിക്കണം അവൻ കറുത്താലും അവൾ വെളുത്തിരിക്കണം വെളുത്തവാവും തടാകവും പോലെയാണവരന്യോന്യം അവൾ അർദ്ധചന്ദ്രികയാകവേ അവൻ പൂർണചന്ദ്രനായിരിക്കണം അവൻ പാതിയിൽ തെളിയവേ അവൾ പൂർണിമയും അവളിലില്ലാത്തതവനിൽനിന്നും നുകരണം അവനിലില്ലാത്തതവളിൽ നിന്നും പരസ്പര ഭൂഖണ്ഡങ്ങൾ കൈമാറും പോലെ അവൾ അവനിലേക്കും അവൻ അവളിലേക്കും ഇഴുകിച്ചേരുവതങ്ങനെ ഒഴുകിച്ചേരുവതങ്ങനെ

കുതിപ്പിനു മുൻപേ കിതപ്പ്

    നടക്കാൻ വയ്യ പേശികൾക്കുവേദന പനിച്ചൂടുള്ള നെറ്റി വരണ്ട നാവ് നനവുതേടുന്ന ചുണ്ടുകൾ വേരൂന്നിയ പാദങ്ങൾ പറിച്ചു നേടേണ്ടതാം ചിന്തകൾ തളിരിടേണ്ടതാം സ്വപ്‌നങ്ങൾ മുന്നിൽ രക്തപാനത്തിൻ അടയാളങ്ങളായ അട്ടകൾ നടന്നിട്ടില്ല പേശികൾ മരവിച്ചില്ല പോകുവതെങ്ങോട്ട് നിന്നുനീരായ വേദന കൊഴുക്കുന്നു കാഴ്ചകളും നിലവും കല്ലിക്കുന്നു കല്ലായ് മാറുമെന്നോർത്ത് നിന്നുകിതയ്ക്കുന്നു കിതച്ചു വിയർക്കണം കിതപ്പിനോടുള്ള വെമ്പലിൽ കുതിപ്പിൻ മുന്നോടിയും രഹസ്യവും

തീർച്ചയായും വായിക്കുക