Authors Posts by മഠത്തിൽ രജേന്ദ്രൻ നായർ

മഠത്തിൽ രജേന്ദ്രൻ നായർ

മഠത്തിൽ രജേന്ദ്രൻ നായർ
24 POSTS 3 COMMENTS
ജീവിതത്തില്‍ വളരെ വൈകിയാണ് എഴുതിത്തുടങ്ങിയത്. അറുപതിന് ശേഷം. ആംഗലത്തില്‍ കുറെ കവിതകള്‍ രചിച്ചിട്ടുണ്ട്. അവ മിക്കതും ഈ ലിങ്കില്‍ കാണാം: http://www.poemhunter.com/madathil-rajendran-nair/poems/?a=a&search=&l=2&y=0 വേദാന്തത്തിലും ജ്യോതിഷത്തിലും താല്‍പര്യം. ചില വേദാന്തലേഖനങ്ങള്‍ വെബ്ബില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാടനായ ഞാന്‍ മിക്കവാറും കൊയമ്പത്തൂരിലാണ് താമസം. 36 വര്‍ഷം കുവൈറ്റില്‍ പ്രവാസിയായിരുന്നു. E-Mail: madathil@gmail.com

ബുദ്ധനും സുഖവും

    ശാന്തമായിരിപ്പുണ്ട് നിന്‍റെ ധ്യാനവിഗ്രഹം പൂമുഖമുറിയിലെ പ്രദര്‍ശനമേശമേല്‍ പക്ഷെ, നോക്കാറില്ലൊരിക്കലും, ദേവാ, നിന്നെ ആയിരമാവര്‍ത്തി ഞാനാവഴി നടന്നാലും പിന്നെയെങ്ങിനെ കേള്‍ക്കാനാണു ഞാന്‍, എങ്ങിനെയറിഞ്ഞീടാന്‍ നിന്‍റെ ശാന്തിമന്ത്രങ്ങള്‍, പ്രപഞ്ചദുഃഖത്തിന്നുള്ളൊറ്റമൂലിയാം സംസാരപ്രശമനപ്രാക്തനപ്രബോധനം? നിന്‍റെ വിഗ്രഹം വെറുമൊരലങ്കാരം എന്‍റെ വ്യാജമാം ആത്മീയതക്ക് പരസ്യം, മുഖംമൂടി, സത്യത്തില്‍, ജീവിതമെനിക്കതിശ്ശോച്യം, അപര്യാപ്തം അസംഖ്യം ആവശ്യപൂരണാര്‍ത്ഥം നടത്തും പരാക്രമം വിശ്രാമമില്ലാത്തോരു സംസാരമഹാചക്രം ആഗ്രഹനിവൃത്തിക്കായ് പരക്കം പായുന്നു ഞാന്‍ കയ്യെത്താ സുഖത്തിന്‍റെ പിന്നാലെയെല്ലായ്പ്പോഴും ഓടിത്തളര്‍ന്നു പാതിവഴിയില്‍ പതിക്കവെ അകലും വിദൂരചക്രവാളങ്ങളിലെന്‍റെ ഭോഗങ്ങള്‍ മരുജലഭ്രാന്തിയായ് മറയുന്നു പണ്ട് നീ ത്യജിച്ചെന്ന് കേട്ടിട്ടുണ്ട് ഞാന്‍ നിന്‍റേതായ് നിനക്കന്ന് തോന്നിയതെല്ലാമെല്ലാം പിന്നെ നീ തിരഞ്ഞലഞ്ഞു നടന്നു സത്യത്തിനെ അന്ത്യത്തില്‍ ബോധിമരത്തണലില്‍ തെളിഞ്ഞത് നീതന്നെയെന്ന വ്യക്തബോധമായ് തീരും വരെ എങ്ങിനെയാര്‍ജ്ജിച്ചു...

നീ എന്നെ മറക്കുകില്‍

  (ചിലിയന്‍ മഹാകവി പാബ്ളോ നെറൂദായുടെ "ഈഫ് യൂ ഫൊര്‍ഗെറ്റ് മി" എന്ന കവിതക്ക് ഒരു പരിഭാഷാ ശ്രമം. തെറ്റുകുറ്റങ്ങള്‍ സദയം പൊറുക്കുക.) നീയൊരു കാര്യമറിയണം നിനക്കറിയാമിത് : എന്‍റെ ജാലകത്തിന്‍ പുറത്ത് പതുക്കെ വിരിയും ശരത്കാല- സ്ഫടിക ചന്ദ്രനെ, ചുവന്ന ശാഖയെ ഞാന്‍ നോക്കിയാല്‍, അഗ്നിക്കരികിലെ സ്പര്‍ശത്താലറിയാത്ത ഭസ്മത്തെ, കരിഞ്ഞു ചുളുങ്ങിയ കരിവിറകിന്‍ ശരീരത്തെ തൊട്ടാല്‍, ഞാനെത്തും നിന്നില്‍, അപ്പോള്‍ മണങ്ങള്‍ വെളിച്ചം ലോഹങ്ങളിവ പിന്നെയുലകിലസ്തിത്വമൂറും വസ്തുക്കളെല്ലാം എനിക്കായ് കാതോര്‍ത്തുനില്‍കും നിന്‍റെ ചെറു ദ്വീപുകളിലേക്കെന്നെപ്പേറി- ത്തുഴയും തോണികള്‍ പോലെ കേള്‍ക്കു, ഇറ്റിറ്റായി നീയെന്നെ സ്നേഹിക്കുവാന്‍ മറന്നാല്‍ എന്‍റെ സ്നേഹവുമിറ്റിറ്റായി വറ്റിടാം പെട്ടെന്നെങ്ങാനുമെന്നെ മറന്നീടുകില്‍ നോക്കേണ്ട പിന്നെ നീയെന്നെ മറന്നിട്ടുണ്ടാവാം...

വേനല്‍ മഴ

  അവളെത്തി നിനച്ചിരിക്കാതെ ഈ ഉത്തരാഹ്നത്തില്‍ ഞാനല്‍പം മയങ്ങിയപ്പോള്‍ പുഴുങ്ങും വേനല്‍ ചൂടില്‍ ഒരിടിവെട്ടലിലവള്‍ കൈകൊട്ടിയാടി ഞെട്ടി ഞാനുണര്‍ന്നുപോയ് കഴുത്തും നെഞ്ചും പൊരിഞ്ഞുതളരും വിയര്‍പ്പിന്‍ പാരവശ്യത്തില്‍ അവളെത്തി പുരകള്‍ക്കുമുകളില്‍ ഏതോ വങ്കന്‍ ദൈവങ്ങള്‍ വിരചിച്ച സംഗീതത്തിന് ചുവടുവെച്ചാടിത്തിമര്‍ത്തു ആദ്യവേനല്‍ മഴപ്പെണ്‍കൊടി ഇളകാനാകാതെ കിടന്നു ഞാനവിടെ ഒരു ഗാത്രസ്തംഭനത്തില്‍ അവളുടെ നൃത്തമെത്ര മോഹനം അവളാടീടട്ടെ ഓടിയെത്തും ശീതവാതത്തില്‍ ദൂരമാമലകളുടെ ഈറന്‍ മണ്ണുമൗഷധികളും പിന്നെയേതോ പരിത്യക്തരാഗവും തിങ്ങും ഗന്ധം ഈ രാത്രിയില്‍ ഞാനുറങ്ങും അവളുടെ ആദിമഭൂതം മണക്കും കാര്‍കൂന്തല്‍കെട്ടാം തലയിണയില്‍ മുഖമമര്‍ത്തി നന്ദി! വേനല്‍ മഴപ്പെണ്ണേ! നീ മറന്ന വിത്തുകള്‍ വിമ്മിപ്പൊട്ടിച്ചിരിച്ചാര്‍ക്കും പച്ചപ്പും ഹരിതങ്ങളും സൃഷ്ടിച്ചുയര്‍ത്തും മാനവനര്‍ഹിക്കാത്തൊരു മഹാസ്വപ്നം

ഉഷ്ണകാലമേഘം

  ഒരുഷ്ണകാലമേഘമെവിടെയോ പെയ്തു ഏതോ വിദൂരമാം ഗിരിശൃംഗത്തില്‍ ഒരു ശീതവാതമെന്‍ കാതിലോതി വിയര്‍പ്പിന്‍ കിതപ്പില്‍ ഉരുകിയമരുമുത്തരാഹ്നത്തില്‍ അതുകേട്ടു ഞാന്‍ കുളിര്‍ത്തു വാതായനങ്ങള്‍ തുറന്നിട്ടു കിടന്നു ഒരു മുകിലിന്‍ തരിപോലുമെന്നൂഷരമാം നഭസ്സില്‍ ചിലങ്കയിട്ടെത്തിയില്ലാടാന്‍ വിയര്‍പ്പില്‍ വീര്‍പ്പുമുട്ടലില്‍ ചൂടിന്നാ- ലസ്യത്തില്‍ ഞാനല്‍പം സ്വയം മറന്നപ്പോള്‍ അവളെത്തി കാര്‍മുകില്‍ വേണി കിനാവിന്‍ തളിര്‍മണിക്കുരുന്നുകള്‍ക്കൊത്തിരി തീര്‍ത്ഥം തളിച്ച് ചിലമ്പണിഞ്ഞെന്‍ ഉറക്കത്തിന്‍ ഇടന്നാഴികളില്‍ നൃത്തമാടാന്‍ ഞാനുണരാതിരിക്കട്ടെ അവളുടെ ഈര്‍പ്പമണിഞ്ഞിത്തിരി കിടന്നോട്ടെ കിനാവിന്‍റെ വരളും കുന്നുകളില്‍ കുളിരിന്‍ പുനര്‍ജ്ജനികള്‍ ജനിച്ചൊഴുകി കളകളം പാടിച്ചിരിച്ചാര്‍ക്കട്ടെ ഉയിരിന്നുഷ്ണമേ ചൊല്ലൂ വിട ഇതൊരുഷ്ണതാപത്തിന്‍ മഹാസ്വപ്നം

എന്‍റെ നാട്ടുകാരന്‍ കവി

  കവിതപ്പെണ്ണിനെക്കാത്ത് നിളാതീരത്ത് രാവുകള്‍ ഉറങ്ങാതെ കിടന്നോരു കവിയെന്‍ നാട്ടുകാരനാം സര്‍വപ്രേമമാധുര്യം സര്‍വര്‍ക്കും വാരിയേകിയോന്‍ ഭക്തിമുത്തുകളാത്മാവിന്‍ ചെപ്പിലിട്ടു കിലുക്കിയോന്‍ പശുക്കിടാങ്ങ’ളുമ്പുമ്പേ’ വിളിക്കും നാട്ടുപാതയില്‍ മുല്ലപ്പെണ്‍കൊടി രോമാഞ്ചം പൂവണിഞ്ഞു ചിരിച്ചുപോയ് കിഴക്കന്‍ കാറ്റ് ചൊല്ലീടും കിറുക്കന്‍ കഥ കേള്‍ക്കവെ കൂടെക്കൂടെ ചിരിച്ചാര്‍ത്തു കൂനുവീണ കരിമ്പന പൊന്നിന്‍ ചെമ്മാനമലയില്‍ പഴനിത്തേരു കാണുവാന്‍ മഞ്ഞരശ്മിയുടുപ്പിട്ട കുഞ്ഞിമേഘങ്ങള്‍ യാത്രയായ് സാന്ധ്യഭംഗികള്‍ കാവേറും പശ്ചിമാംബരസീമയില്‍ കാഴ്ചശ്ശീവേലിയുള്‍ക്കൊണ്ടു കൂടേറി കുരുവിക്കിളി അവിരാമമനുഷ്ടുപ്പില്‍ കവിതാഗ്രാമശാരിയെ മധുതരം പാടിപ്പിച്ചു മറഞ്ഞെങ്ങോട്ടു പോയി നീ? കാലവര്‍ഷങ്ങള്‍ പെയ്തെത്ര- യീവഴിക്കു കടന്നുപോയ് ആറിയില്ലല്ലൊ നിളതന്‍ പഞ്ചാരമണല്‍ മാനസം കാലത്തിന്‍റെ പരിഷ്കാര- ത്തിരക്കില്‍ മാഞ്ഞുപോകുമോ നിന്നെക്കോരിത്തരിപ്പിച്ച ഗ്രാമസൗഭഗഭംഗികള്‍? പശ്ചിമാസ്തമയം ചോര്‍ത്തി പൂര്‍വോദയ വിഭൂഷകള്‍ തപം വെടിഞ്ഞു സഹ്യാദ്രി- യുയര്‍ത്തി ദൂരദര്‍ശിനി പടിഞ്ഞാറന്‍ പാട്ടുപാടാന്‍ പഠിച്ചു കൊച്ചുപൂങ്കുയില്‍ സംഗീതബിരുദം നേടി കര്‍ക്കസ്വരകുമാരിക ആഫ്രിക്കന്‍ ചെണ്ട വാങ്ങാനായ് മാരാന്മാര്‍ വീടുവിറ്റുപോയ് തുടങ്ങി ശാന്തിക്കാരാത്മ- ചന്ദനക്കള്ളവാണിഭം ശാകുന്തളം പഠിപ്പിച്ച വാധ്യാര്‍ ഗ്രാമം ത്യജിച്ചുപോയ് നരച്ച ജീന്‍സില്‍ക്കയറി രചിച്ചു പൈങ്കിളിക്കഥ കിളിപ്പാട്ടിന്‍റെ മാധുര്യ- ക്കനികായ്ക്കും വനാന്തരം ആകാശവാണി കത്തിച്ചു പണിതു...

ചിമ്പാന്‍സികളുടെ ഗ്രഹം

പേരമോന്‍റെ ആദ്യജന്മദിനം എത്തി, വലിയച്ഛന്‍റെ പെണ്‍മക്കള്‍ അവര്‍ ഇരട്ട, വയസ്സവര്‍ക്കവന്‍റെ പാതി രണ്ടെണ്ണമാകില്‍ ചങ്ങാത്തം മൂന്നാകിലൊരു പെരുത്ത കൂട്ടം അങ്ങിനെ ഒരാംഗലപ്പഴമൊഴി. അനുതാപസ്ഫോടനമെന്നോണം അര്‍ദ്ധരാത്രിയില്‍ മൂന്നുപേരും വീടിന്റെ മൂന്നു മുക്കില്‍ നിന്നും ഒരേസമയം ഉച്ചവിലാപം വിശപ്പിന്‍ കാളും വിളിയോ എരിയും ഡയപ്പര്‍ തിണര്‍പ്പോ? അമ്മമാരമ്മൂമ്മയച്ഛമ്മമാര്‍ പരക്കം പാഞ്ഞു തെരുതെരെ കലക്കി പാല്‍ കുപ്പികളില്‍ പാടി താരാട്ടുപാട്ടുകള്‍ ആര്‍ക്കുമറിയാ ഭാഷകളില്‍ സംഗീതത്തില്‍ വെറുമജ്ഞാനികള്‍ കഷ്ടമെന്തൊരു ഭോഷ്ക്ക്! രാഗങ്ങള്‍ക്കാമോ കെടുത്താന്‍ വിശപ്പിന്നഗ്നിയെ, എരിയുമൊരു തീപ്പുണ്ണിനെ? കരച്ചില്‍ തുടര്‍ന്നു തോരാതതിരൂക്ഷം ആണുങ്ങളുണര്‍ന്നെണീറ്റു സ്വപ്നാടനപിതാക്കള്‍ മാതാപിതാമഹന്മാര്‍ അവരുടെ തലമുടി അലങ്കോലം മുത്തച്ഛന്‍ നാഴികമണിയുടെ ദോലകം പോലാടി താഴോട്ടുനീളുമവരുടെ പൈജാമനാടകള്‍ മുന്‍ സംഗീതവിദ്യാലയപ്പേക്കിനാക്കള്‍ അവരും പാടി, സ്ത്രീപ്രജകളോടടരാടി പക്ഷെ കത്തിനിന്നു കിടാങ്ങള്‍ അവിരാമം ഘോരം ഘോരം കോലാഹലം ഹരിച്ചു വീട്ടിന്‍റെ ശാന്തി ശിശുക്കളൊടുവില്‍ തളര്‍ന്നുറങ്ങി പാലിന്നുച്ചലഹരിയില്‍...

കവിത

("പോയട്രി' എന്ന പേരിൽ ഇംഗ്ലീഷിൽ പരിഭാഷ ചെയ്യപ്പെട്ടിട്ടുള്ള ചിലിയൻ മഹാകവി പാബ്ലോ നെറൂദായുടെ ഒരു കവിതയുടെ സ്വതന്ത്ര വിവർത്തനമാണിത്) ആ കാലഘട്ടത്തിൽ, എന്നെയും തേടി കവിതയാം പെണ്ണുവന്നെത്തി. ഞാനറിഞ്ഞില്ല, എങ്ങുനിന്നറിഞ്ഞീല. മഞ്ഞുകാലത്തിൽനിന്നോ, പുഴതൻ ഹൃത്തിൽ നിന്നോ. ഞാനറിഞ്ഞില്ല, എപ്പോഴെന്നറിഞ്ഞീല. സ്വനമല്ലവൾ, വാചാലമാം വാക്കല്ല, മൗനത്തിൻ മൂകമുഖമല്ലവൾ, ഒരു വിളി, ഏതോ തെരുവിൽനിന്നും, കറുത്തരാവിൻ പടരും കൈവഴികളിൽ നിന്നും, പിന്നെ ദ്രുതമായ് മറ്റുപലതിൽ നിന്നും വന്നു. എരിയും തീകൾക്കിടയിൽ, ഒരേകാന്തമാം മടക്കത്തിൽ, മുഖമില്ലാതെ നിന്നു ഞാനപ്പോൾ, അവളൊരു സ്പർശം മാത്രം. ഒന്നും വിളിക്കാനറിയാതെ, പേരുകൾക്കിടയിലെൻ നാവുഴറുമ്പോൾ, കണ്ണിലിരുൾനിറയുമ്പോൾ, ഉള്ളിന്നുള്ളിലെന്തോ ചലിച്ചു, ഒരു പനിതൻ വിറയലോ? മറന്ന പഴയതാമേതോ ചിറകോ? അതിനെ അറിയാൻ കിണഞ്ഞു...

ഞാനൊരു പാടല്‍ നിര്‍ത്താ ഗാനം

വീണുകേണു ഞാന്‍ “ജഗദംബേ! എന്‍റെ സിരയില്‍ ഞരമ്പില്‍ തൊലിയിലേറൂ പാടൂ പാടൂ അവിരാമം പാടൂ” എപ്പഴും എന്നുംപോല്‍ പൂഞ്ചിരിച്ചാളെന്‍റെയമ്മ കൈപ്പിടി ഒരിക്കലും അയക്കാത്തൊരെന്‍റെയമ്മ പാടാനിരിക്കുന്നു ഞാനതിനാല്‍ സ്വയമലിഞ്ഞിതാ സര്‍വ്വവും മറന്ന് ഒരുഷ്ണസന്ധ്യയില്‍ ചെമ്മാനക്കീഴില്‍ നാടന്‍ വിസ്തൃതവിശാലങ്ങളില്‍ മയങ്ങും തെങ്ങുകളുടെ കേശഭാരത്തില്‍ പടിഞ്ഞാറന്‍ കാറ്റുകള്‍ തലോടവെ ആ കാറ്റുകളിലൊരാര്‍ദ്രതയുണ്ട് വരും കാലവര്‍ഷത്തിന്‍ സുഗന്ധം പാടൂ പടിഞ്ഞാറന്‍ കാറ്റേ പാടൂ ഏകാന്തകിളിയേ മുട്ടയിടാന്‍ കൂടുതേടുമെന്നോമലേ നാളത്തെ ശോണോദയത്തില്‍ ആ മുട്ട പൊട്ടിയൊരു മഹാഗാനമായ്‌ ചിരീച്ചീടാന്‍, പ്രപഞ്ചത്തെ രമിപ്പിക്കാന്‍ ഈ വിശ്വമെത്ര മോഹനം മനോഹരം അത് കാണാന്‍ കണ്ണുകളേനിക്കേകൂ ജഗദംബേ! തരൂ നിന്‍റെ പാടിത്തീരാ ഗാനങ്ങള്‍ എണ്ണിത്തീരാ രാഗങ്ങളിലാലപിച്ചു മൃതിയടയാനലിയുമൊരു ഹൃദയം പാടാനറിയാത്ത പാട്ടുകാരന്‍ ഞാന്‍ എങ്കിലുമെന്നശക്തമാം സ്വരതന്ത്രികളില്‍ ഗാനമഞ്ജരി ത്രസിക്കുന്നു എന്‍റെ...

കിഴക്കന്‍ കാറ്റ്

ആരോ പറഞ്ഞു കിഴക്കന്‍ കാറ്റിന്നലെ രാത്രിയില്‍ തുടങ്ങീപോല്‍ ഞാനറിഞ്ഞീല ഗാഢമാം സുഷുപ്തിയില്‍ പടിഞ്ഞാറോട്ടുനോക്കി നിന്നു തെങ്ങുകള്‍ ഞാനുണര്‍ന്നപ്പോള്‍ പാടിച്ചിരിച്ചു കരിമ്പനകള്‍ കമ്പിതഗാനാവലി ശൈശവം മുതല്‍ ഞാനറിയുന്നൊരു താളം മുത്തശ്ശിമാരുടെ യക്ഷിക്കഥകള്‍ അതുകേട്ടൊളിമിന്നും കുട്ടിക്കണ്ണുകള്‍ മണ്ണെണ്ണ വിളക്കുകള്‍ ചുവരില്‍ വരക്കും നിഴലുകള്‍ മുഷിഞ്ഞ കിടക്കകള്‍ അവയിലുറങ്ങും കിടാങ്ങളും ദൂരെ കാത്തുകിടക്കും തീവണ്ടിവിലാപങ്ങള്‍ ക്രൂരമാം അലിയാത്തോരുരുക്കു പാളങ്ങളില്‍ കിഴക്കന്‍ കാറ്റ് അര്‍ദ്ധരാത്രിയില്‍ തുടങ്ങീപോല്‍ ഞാനറിയാതെ, എന്‍റെ ഗാഢമാമുറക്കത്തില്‍ ആകാശങ്ങളെ മുത്തും ഗോപുരനിബിഡമാം കിഴക്കനമ്പലങ്ങളുടെ ധൂമഗന്ധങ്ങളേറെപ്പേറി മുല്ല ചമ്പക തുളസീദള കര്‍പ്പൂര നിശ്വാസങ്ങള്‍ ദ്രാവിഡഭൂതകാലമാസ്മരമണിനാദം വംഗസാഗരം പാടിത്തിമര്‍ക്കുമാഹ്ളാദങ്ങള്‍ സഹ്യസാനുക്കള്‍ തെക്കുവടക്കു മതില്‍കെട്ടി കാക്കുന്നൊരെന്‍റെ പാലക്കാടിന്‍റെ ചുരത്തൂടെ കിഴക്കന്‍ സമീരണാ! ഞങ്ങടെ മലനാടിന്‍ ബാലവാടികയിലേക്കയക്കൂ വേഗം നിന്‍റെ വെള്ളിമേഘങ്ങളാം കുറുമ്പന്‍...

നേതാജി

  പിന്നെയും പിന്നെയും ഞങ്ങള്‍ വിളിക്കുന്നു ഇന്ത്യ മുഴുവനും കാതോര്‍ത്തിരിക്കുന്നു നേതാജി! നിന്‍റെ വരവിനായി അത് വ്യര്‍ത്ഥമാമൊരു മോഹമാണെങ്കിലും ആയുദൈര്‍ഘ്യത്തിലസാദ്ധ്യമെന്നാകിലും ‍ഞങ്ങളിപ്പഴും വിശ്വസിക്കുന്നു വിശ്വസിച്ചേറെ ആശ്വസിച്ചീടുന്നു ഈ വിശാലവിശ്വത്തില്‍ ഏതോ ദുരൂഹമാം കോണില്‍ നീയിപ്പഴും ഒളിവിലുണ്ടെന്ന് കാണ്മു ഞങ്ങളുള്‍ക്കണ്ണില്‍ നന്മ തിന്മയെക്കീഴ്പ്പെടുത്തീടും വിജയഭേരി മുഴക്കുന്ന നാളില്‍ ഒരു സുപ്രഭാതത്തില്‍ നീയെത്തും ഞങ്ങളെ വീണ്ടും നയിക്കാന്‍ ഈ നാടിന്‍റെ ചുക്കാന്‍ പിടിക്കാന്‍ ഞങ്ങടെ ചുവരുകളിലുണ്ടല്ലൊ നിന്‍ ചിത്രം കണ്ണട വച്ച വയസ്സുതീണ്ടാ മുഖം ഉച്ചഫാലത്തിന്‍റെ താഴ്വരയില്‍ കത്തിജ്ജ്വലിക്കും നിന്നക്ഷിപ്രകാശത്തില്‍ ഉദ്ദീപ്തമാകുന്നു രാഷ്ട്രബോധം ഞങ്ങള്‍ കാത്തു സൂക്ഷിക്കുന്ന രാജ്യസ്നേഹം ആര്‍ക്കും പിടികൊടുക്കാതെ ധീരസാഹസവീര്യങ്ങള്‍ കാട്ടി എന്നുമേ മായാത്ത ഹരിതാഭമാം ഒരിതിഹാസമായി നീ മാറി ഞങ്ങള്‍ക്കുള്ളില്‍ സ്വയം പ്രതിഷ്ഠിച്ചു എന്നിട്ടെങ്ങോട്ട് നീ പോയ്...

തീർച്ചയായും വായിക്കുക