Home Authors Posts by അന്‍വര്‍ ഷാ

അന്‍വര്‍ ഷാ

അന്‍വര്‍ ഷാ
5 POSTS 0 COMMENTS
I am a Poet and Artist.

തമസോമാ

  കനിവിന്റെയക്ഷരക്കൂട്ടുകള്‍ക്കൊണ്ടുഞാന്‍ നിര്‍മ്മിച്ചിടുന്നതാമീലളിതകവിതപോല്‍ ഹരിവദനസാമ്യമായ്സൃഷ്‌ടിച്ചു ധരണിതന്‍ പുത്രരെ കൃത്യതയോടെ സര്‍വ്വേശ്വരന്‍. നല്‍കി, നരര്‍ക്കൊരേ തുടിതാള,മിടനെഞ്ചി- ലുടയോന്റെയാത്മസന്ദേശസമാനമായ് വ്യക്തമായില്ലയെന്നാല്‍ചിലര്‍ക്കിവിടെ; നാം- നിത്യരാണെന്നഹംഭാവം പിറക്കയാല്‍. ചപലഹൃത്തര്‍ചെയ്തിടും കര്‍മ്മമെന്നപോല്‍ വികലമാക്കീടുന്നിതാ,സുഖാന്വേഷികള്‍ പലകര്‍ഷകര്‍തന്‍ കദനനീര്‍പൊഴിയുകില്‍ കുലമെന്നപോല്‍തകര്‍ന്നീടാമവനിയും. ആര്‍ഷധര്‍മ്മങ്ങള്‍ക്കുയിരേകി-ധരണിതന്‍ പെരുമയ്‌ക്കിനിനവ വര്‍ഷമായ്‌മാറിടാം സൃഷ്‌ടിച്ചതെത്രമേല്‍ ശാന്തമായൊരുമതന്‍ ശക്തിപോ,ലത്യുദാരന്റെ കഴിവിനാല്‍! ഹൃദ്തന്ത്രിയില്‍നിന്നുയര്‍ത്തിടുന്നലിവിന്റെ- സ്നേഹാര്‍ദ്രവീചികളതിശ്രേഷ്‌ഠമായവന്‍ കുടികൊണ്ടിടുന്നു ചൈതന്യമായകമെയും: പാടേമറന്നുപോകുന്നു,നാം സര്‍വ്വതും. ദ്രുമങ്ങള്‍തോറുംപറന്നണയും പതംഗങ്ങള്‍ പാലിച്ചുപോന്നതാംനിഷ്ഠപോലും നരര്‍- കാണാതെപോകുന്നുവോ,ചിലര്‍ക്കറിവിന്റെ കാഴ്ചയക്കണ്ണിലെക്കരടുപോലാകയോ? ജന്മമൊന്നേ,തരൂ! വ്യര്‍ത്ഥമാക്കാതെ; സത് കര്‍മ്മമുയര്‍ത്തിടാനിന്നേയൊരുങ്ങുക! നന്മയേപുലരൂ, വരൂ! ഹരിത ധരണിപോല്‍ ക്ഷമയോടെ,യിരുളകറ്റാം: ശ്രമിച്ചീടുക!

ഇതും.. എന്റെ പെങ്ങള്‍

"യത്ര നാര്യസ്‌തു പൂജ്യന്തേ രമന്തേ തത്ര ദേവതാ" എത്ര സുസ്‌മിതദായകം; ചേതോഹരമീകാവ്യസൂനം അറിയുക! മേലിലെങ്കിലുംനാമിതിന്‍ പാവനസ്ഥാനം നിന്ദിക്കയാണിന്ത്യയില്‍ ശ്രീതിലകമായിരുന്ന കാര്യം ആരിഹ! വ്യര്‍ത്ഥമാക്കുന്നവനിതന്‍ പാവനസ്‌മേരം? തകര്‍പ്പെടുന്നോരിവിടധികരിച്ചീടുകയാണെന്ന,സത്യം സ്‌മരിക്കപ്പെടാതിരിക്കരുതാരുമേയെന്ന സദ്‌വാക്യം- ഹനിക്കപ്പെടുന്നതെ,ന്തിന്ത്യാതനൂജരുമെന്നചോദ്യം; തനിക്കുബാധകമല്ലെന്നപോലിരിപ്പൂദരലോഭലോകം. ചികിത്സയാത്യാവശ്യമീ ,ചിത്തരോഗഗ്രസ്ഥര്‍ക്കുനൂനം ദുഗ്ദ്ധവര്‍ണ്ണമാണെന്നു നിനയ്‌ക്കുന്നതാരന്ധകാരം ക്രുദ്ധരായിട്ടുകാര്യമെന്തിഹ,യാദ്യ,കാവലാണു ഭേദം അശ്രദ്ധകാട്ടിക്കെടുത്താതിരിക്കവേണമീ,തൂവെളിച്ചം. നാളിതുവരെയില്ലാതിരുന്നപോലുള്ളെത്ര ദുഷ്‌കൃതം തോളുരുമ്മിക്കടന്നെത്തുന്ന വേദിയായിന്നു ഭാരതം ചേതന വേദനിപ്പിക്കുവോരീജന്മനാടിന്റെ നെഞ്ചകം ഛേദിച്ചിടുന്നു; നിന്‍ തിരുസന്നിധിയിലായിന്നീവിധം. കേവലം നീറലായ്‌മാറിയിന്നു നാരികള്‍തന്‍ജാതകം ക്രൂരകൃത്യങ്ങളാലളന്നുനീക്കുന്നരീതിതന്നെ പാതകം കാതരഹൃദയസ്‌പന്ദങ്ങളായ്‌ത്തീരുമീ സ്‌ത്രീജീവിതം ശ്രീ പോയ്‌മറഞ്ഞൊരു താരമായ്‌പ്പൊലിയുന്നീവിധം. തിരിഞ്ഞുനോക്കുകിലറിഞ്ഞിടും ചെയ്‌തതാകെയും തറഞ്ഞിരുപ്പുണ്ടതില്‍പ്പലതിലിന്നാകവേ; വൈകൃതം തിരിച്ചറിച്ചഞ്ഞ,തൊന്നാകെനീക്കണം-തമ്മിലേവരും ചിരിച്ചുതളളുവാനുളളതല്ലിതും; കാത്തുകൊളളണം. ക്രൂരകാഹളംമുഴക്കി മുന്നേറുവോര്‍ക്കില്ലിന്നുപഞ്ഞം പെണ്മനം തകര്‍ക്കുകമാത്രമാ,ണിവര്‍ക്കെന്നുമുന്നം കണ്‍മൂടിനില്‍ക്കാതെ കാവലാളാകണംനമ്മളെന്നും ഝടിതിപ്രതികരിപ്പിന്‍ ജന്മനാടേ;യതുനിന്റെധര്‍മ്മം. ---------------------------------------- ഡല്‍ഹിയില്‍ ബസ്സിനുളളില്‍വച്ച് ക്രൂരതയുടെ ബലിയാടായിത്തീര്‍ന്ന പാവം സഹോദരി (2012 ഡിസംബര്‍)

പ്രിയദേ

  ശശാങ്കകിരണസമാനമാണുസ്‌മേരം-സഖേ, വിശാലഹൃദയവായ്‌പാണതിലേറെ സുന്ദരം ചാരുപ്രശംസയല്ലിതെന്നുള്‍ത്തുടിപ്പാം സ്വരം വിശ്വസിച്ചീടുകയമലേ,യിതാണാപ്‌തവാക്യം. മധുവാര്‍ന്നചൊടികളെന്നകതാരുലച്ചിടാതെ, നുകരാനുണര്‍ത്തുന്നതറിയുന്നിതോമലാളെ കുളിരിളം തെന്നലായണയുനീ പ്രേമകാവ്യേ, നിളപോലൊഴുകീടുമേഴുവര്‍ണ്ണങ്ങള്‍ നാളെ. നവലോകമിനി, നിനക്കേകീടുമേറെ സൗഖ്യം ഉണരുമീ മലരിലായെഴുതുനിന്‍ സൗമ്യശീലം പരിലസിച്ചീടട്ടെയവനിയില്‍ സ്‌നേഹസൂനം പരിമളംതൂകിടുന്നിന്നുനിന്‍ സ്മരണപോലും. മിഴിനനയ്ക്കുന്നു താരുണ്യമേ, നിന്‍നിരാസം ഹര്‍ഷമേകില്ലകമെ വര്‍ഷമേ, നിന്‍പ്രവാസം ഊഷരമാക്കരുതാര്‍ദ്രകാലമേ; മല്‍ജീവിതം വന്നുചേര്‍ന്നീടുനീ,യോതിടാമെന്‍സ്വാഗതം. ശാലീനരൂപിണീ തവസ്വപ്നമെന്‍ നഭസ്സായ് നിവരുന്നകമെയിന്നേഴേഴു വര്‍ണ്ണങ്ങളായ് തൂമലര്‍ത്താലങ്ങളേന്തുംഋതുക്കളൊന്നായ് പുലരിത്തുടിപ്പായിമാറുമെങ്കില്‍ നമുക്കായ്. നിനക്കായി സ്പന്ദിച്ചിടുന്നിതാ മല്‍ഹൃദന്തം വന്നുനിറയുന്നു,കനവിലെന്‍പ്രിയസുഗന്ധം നിന്മനോസ്മേരംപകര്‍ത്തുവാനായ് ദിഗന്തം തെളിക്കുന്നുവാനമെന്നകമെന്നപോലെമന്ദം. തെല്ലുമില്ലുഷ്‌ണമെന്നോതിടുന്നിന്നു കാലം ശീതളമാക്കുന്നു സൗമ്യതേ, നിന്‍കപോലം പുനര്‍രചിച്ചീടുന്നു;യമുനതന്നാര്‍ദ്രചിത്തം സ്നേഹവര്‍ണ്ണങ്ങളാല്‍-താജിന്റെ രമ്യചിത്രം.

ജാഗ്രത

  ഉണർന്നുനോക്കുക! പുതിയൊരുഷസ്സുമായ് വന്നിതാ,നിൽക്കുന്നു കാലം വിശന്ന വയറിനോടോതേണ്ട മേലിൽ നാം; പശിമറന്നീടുവാൻ വേഗം. കൊലച്ചിരികൾ മുഴക്കുവോർക്കൊക്കെയും തെളിച്ചേകിടാം നവദീപം അറച്ചറച്ചെന്തിനായ്നിൽക്കുന്നുറച്ചു നാം വിളിച്ചോതുകൈക്യ സന്ദേശം. നിവർന്നുനിൽക്കക അതിവേഗമിനി നമ്മൾ കൈവരിക്കേണ്ടതാണൂർജ്ജം തുറിച്ചുനോക്കിയോർ ഗ്രഹിക്കട്ടെ!മേലിലും വിറച്ചുപോകില്ലെന്ന സത്യം. മറഞ്ഞുനിൽക്കുവോർ വീണ്ടും ശ്രമിച്ചിടാം ചതിച്ചുവീഴ്ത്തുവാ,നെന്നാൽ മറിച്ചതേയസ്ത്രംതൊടുക്കേണ്ടയിനി നമു- ക്കുടച്ചുവാർക്കാ,മേകലോകം തിരിച്ചെന്തുലാഭമെന്നോർക്കാതെ തമ്മിൽനാ- മേകേണ്ടതാത്മവിശ്വാസം ദിശാബോധമോടേയൊരുമിച്ചുചേരിൽ നാം വിശ്വജേതാക്കൾക്കു തുല്യം ഈ ജഗത്തിൽ പിറന്നൊന്നുപോലുയരുവാനാകാതെ വേദനിക്കുമ്പോൾ കുതിരക്കുളമ്പടികൾപോലെ സുദൃഢമായ്ത്തീരട്ടെ നരധർമ്മശബ്ദം.

തത്ത്വമസി

  തിരുരവം പോലെയീ വിപിനത്തിനിടയിലൂ - ടൊഴുകിയെത്തുന്നിളമരുവിതൻ പ്രിയസ്വരം സാന്ത്വനം പകരുവാനുണരുന്ന മലരുപോ - ലരികെനിൻ സ്മിതകാലവദനമാം വാസരം. പരിപാവനാരാമസാമ്യമെൻ പാരിനെ പരിപാലനം ചെയ്തുണർത്തുന്നുദാരകം തവനന്മയറിയാതഹന്തയാൽ മർത്യകം; പരിണമിച്ചീടുന്നുലകിതിൽ പലവിധം. വിണ്ണിലൂടല്ലനിൻ സഞ്ചാരമെന്നിവർ - ക്കാരോതിയേകിടാനിന്നെൻ ദയാനിധേ, ഹസ്തതങ്ങൾനീട്ടിത്തുണയ്പ്പുനീ,യല്ലാതെ, ദുഃഖങ്ങൾ പകരുന്നതില്ലെന്നുടയതേ. നിന്നെയളക്കുവാനാകുന്നതില്ല! സുര- സ്നേഹിതരാം പാമരൻമാർക്കൊരിക്കലും; 'കാത്തുവയ്ക്കുക്കുന്നൂ കരുതലിൻ കൈകളാ- ലാമോദനാളം കെടാതവർക്കുള്ളിലും'. ചേറിൽനിന്നഴകാർന്നയംബുജങ്ങൾ നിര- ത്തുന്നതു, മലിവാലുലകുണർത്തുന്നതും; പാടേമറന്നു പടുചിന്തകൾക്കൊത്തുചേർ- ന്നുലയുന്നരികെനീയെന്നറിയാതെയും. സ്വസ്ഥമേയല്ലെന്ന തോന്നലാണിതരർക്കു- ഹൃത്തിലായുള്ളതെന്നറിയുന്നുവെങ്കിലും ഭക്തവർണ്ണങ്ങൾചേർത്തെഴുതുന്നു ചിന്തയിൽ പൊൻതൂവൽക്കൊണ്ടുനീ, യാരമ്യ പുലരികൾ മഹിതമാണെല്ലാം മറക്കുന്നു വെറുതെയീ - ജന്മവുമെന്നപോൽ മഹിയിതിൽ ചിരജനം; നിറയുന്നുചുറ്റിലും തിരുനാമമൊരുപോലെ - -യെന്നുണർത്തുന്നുപരി,യിടയിലെൻ ഹൃത്തടം. സ്തുതിമാത്രമോതിടുന്നനുമാത്രയറിവിതേൻ സ്മൃതിയിലൂടിഴചേർന്നിരിപ്പെന്നുമെൻ വിഭോ, കരുണതൻദീപം തിരിച്ചൊന്നു വേഗേനെ മനനവുമൊന്നായ്ത്തെളിക്കെൻ മഹാപ്രഭോ!!

തീർച്ചയായും വായിക്കുക