അതിര് കടക്കുന്ന മലയാളി നായികമാര്‍

 

malayala-nadimar

മലയാള നടീ നടന്മാര്‍ മറുഭാഷകളില്‍ അഭിനയിക്കുന്നതും നമ്മുടെ സിനിമ പ്രവര്‍ത്തകര്‍ മറ്റ് ഭാഷകളില്‍ സിനിമ ചെയ്യുന്നതും ഒരു പുതുമയല്ല. പണ്ട് മുതലേ ആ പതിവുണ്ട്. മലയാളത്തെ അപേക്ഷിച്ച് കിട്ടുന്ന മെച്ചപ്പെട്ട പ്രതിഫലവും അംഗീകാരങ്ങളുമാണ് പലരെയും അന്യഭാഷകളില്‍ ചേക്കേറാന്‍ പ്രേരിപ്പിക്കുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന വന്‍ വിപണിയാണ് തമിഴ്-തെലുങ്ക് സിനിമകളുടേത്. ഹിന്ദി സിനിമയാണ് ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫിലിം ഇന്‍റസ്ട്രി. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ മലയാളം ഉള്‍പ്പടെയുള്ള കൊച്ചു ഭാഷാ സിനിമകളിലെ കലാകാരന്മാരെ എന്നും മോഹിപ്പിക്കുന്നതാണ് മറുഭാഷകളിലെ അവസരങ്ങള്‍. എന്നാല്‍ അടുത്ത കാലത്തായി മലയാളത്തിലെ ചില നായികമാരെങ്കിലും അത്തരം അവസരങ്ങള്‍ക്കായി അല്‍പം അതിരു വിടുന്നുണ്ടോ എന്നൊരു സംശയം ഉയരുന്നുണ്ട്.

സിനിമ വലിയൊരു കച്ചവട മേഖലയാണ്. വിപണിയും മുടക്കുമുതലും വലുതാകും തോറും എങ്ങനെയും കൂടുതല്‍ ലാഭം കൊയ്യാനാകും നിര്‍മാതാവ് ശ്രമിക്കുക. സ്ത്രീ ശരീരം വലിയൊരു കച്ചവട സാധ്യതയാണ് സിനിമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ തുറന്ന്‍ കൊടുക്കുന്നത്. അല്‍പ വസ്ത്ര ധാരിയായ നായികയും ഗാനങ്ങളുമുണ്ടെങ്കില്‍ പുരുഷന്മാര്‍ തിയറ്ററുകളില്‍ ഇടിച്ചു കയറുമെന്ന് ചിലരെങ്കിലും ധരിക്കുന്നുണ്ട്. അത് ചിലപ്പോഴൊക്കെ സത്യമാകാറുമുണ്ട്. പക്ഷേ അതിന് നല്ല തിരക്കഥയുടെ കൂടി പിന്‍ബലം വേണം. അല്ലാത്ത സിനിമകള്‍ ബോക്സ് ഓഫീസില്‍ എന്നും തകര്‍ന്നടിഞ്ഞിട്ടേയുള്ളൂ.

ഇന്ന് അന്യ ഭാഷകളിലെ ഏറ്റവും ശ്രദ്ധേയയായ മലയാളി നടി നയന്‍താരയാണ്. മനസ്സിനക്കരെ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ തനി നാട്ടിന്‍പുറത്തുകാരിയായാണ് അവര്‍ സിനിമയില്‍ വന്നത്. തുടര്‍ന്നു രണ്ടു മലയാള ചിത്രങ്ങളില്‍ കൂടി അഭിനയിച്ചെങ്കിലും അവ ശ്രദ്ധിക്കപ്പെട്ടില്ല. 2005ല്‍ അയ്യ എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച അവര്‍ രണ്ടാമത്തെ ചിത്രമായ ചന്ദ്രമുഖിയിലൂടെയാണ് താരമായത്. തമിഴ് സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമെന്ന് വാഴ്ത്തപ്പെടുന്ന ചന്ദ്രമുഖി ചില റിലീസിങ് കേന്ദ്രങ്ങളില്‍ 800 ദിവസമാണ് തുടര്‍ച്ചയായി ഓടിയത്. അതോടെ തമിഴകത്തിന്‍റെ ഭാഗ്യ നായികയായ അവര്‍ തെലുങ്കിലും അരങ്ങേറി. വെങ്കടേഷിനോടൊപ്പം അഭിനയിച്ച ലക്ഷ്മി ആയിരുന്നു നയന്‍താരയുടെ ആദ്യ തെലുങ്ക് ചിത്രം. തമിഴിലെയും തെലുങ്കിലെയും ഗ്ലാമര്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയില്‍ ഒരു വന്‍ ആരാധക വൃന്ദത്തെ തന്നെ സൃഷ്ടിച്ചു, ഡയാന മറിയം കുര്യന്‍ എന്ന ഈ തിരുവല്ലക്കാരി. അടുത്തിടെയുണ്ടായ പ്രണയ വിവാദങ്ങള്‍ക്കിടയിലും നടിയുടെ ജനപ്രീതിക്ക് യാതൊരു കോട്ടവും വന്നിട്ടില്ല. എങ്കിലും ആദ്യ ചിത്രത്തിലെ ഗൗരി എന്ന ശാലീന സുന്ദരിയുടെ തന്‍മയത്വത്തിന് പകരം വെയ്ക്കാവുന്ന ഒരു വേഷം അവര്‍ പിന്നീട് ചെയ്തിട്ടില്ല എന്ന്‍ നമുക്ക് നിസ്സംശയം പറയാം.

അസിനും സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെലുങ്കിലും തമിഴിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത അവര്‍ ഇപ്പോള്‍ ബോളിവുഡില്‍ സജീവമാണ്. ഹിന്ദിയിലെ ചില വേഷങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ അവര്‍ ഗ്ലാമര്‍ വേഷങ്ങള്‍ അധികം ചെയ്തിട്ടില്ലെന്ന് പറയാം. സിനിമയിലെ വസ്ത്ര ധാരണത്തെക്കാളുപരി അടുത്തിടെ വന്ന ചില ഗോസിപ്പുകളിലൂടെയാണ് അവര്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

ഗ്രാമീണത്വം തുളുമ്പുന്ന വേഷങ്ങളിലൂടെ മലയാളത്തിന് പ്രിയങ്കരിയായ നടിയാണ് ഭാവന. കമലിന്‍റെ നമ്മള്‍ ആയിരുന്നു ആദ്യ ചിത്രം. മലയാളത്തിലെ ശ്രദ്ധേയമായ നിരവധി ചിത്രങ്ങള്‍ക്ക് ശേഷം അവര്‍ തമിഴിലും തെലുങ്കിലും കന്നടയിലുമായി ചില ചിത്രങ്ങളും ചെയ്തു. മഹാത്മ, ജാക്കി തുടങ്ങിയ ചിത്രങ്ങളിലൂടെ ഭാവന ഗ്ലാമര്‍ ലോകത്തും കാലെടുത്തു വെച്ചു. ഹിന്ദിയില്‍ അമിതാഭിനോടും ഇമ്രാന്‍ ഹാഷ്മിയോടുമൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ഇമ്രാനോടൊത്തുള്ള ചുംബനരംഗമുള്ളതിനാല്‍ താന്‍ പിന്‍മാറുകയായിരുന്നു എന്ന് ഭാവന അടുത്തിടെ വെളിപ്പെടുത്തി.

നീലത്താമരയിലൂടെ സിനിമയിലെത്തിയ അമല പോളും ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. മൈനയിലെ മികച്ച വേഷത്തിലൂടെ നിരൂപക പ്രശംസ നേടിയ അവര്‍ പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ചില ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. നായക് എന്ന തെലുങ്ക് ചിത്രത്തില്‍ അമലയും കാജല്‍ അഗര്‍വാളും മല്‍സരിച്ചുള്ള ഗ്ലാമര്‍ പ്രദര്‍ശനമാണ് നടത്തിയത്.

മീര ജാസ്മിന്‍റെ സ്ഥിതിയും വ്യത്യസ്തമല്ല. ഏറ്റവും നല്ല നടിക്കുള്ള ദേശീയ ചലചിത്ര പുരസ്കാരം നേടിയ അവര്‍ പിന്നീട് ആ അംഗീകാരത്തിന് യോജിക്കാത്ത തരത്തിലുള്ള നിരവധി വേഷങ്ങള്‍ ചെയ്തു. നിലവാരം നോക്കാതെ പണത്തിന് വേണ്ടി മാത്രം ചെയ്ത അത്തരം വേഷങ്ങളാണ് ആ നല്ല നടിയെ തകര്‍ത്തത്. തമിഴിലെ ആദ്യ ചിത്രമായ റണ്ണിന് ശേഷം ശ്രദ്ധേയമായ ഒരു വേഷം അവര്‍ അവിടെ ചെയ്തിട്ടില്ല. അതിനൊപ്പം വ്യക്തിപരമായ പ്രശ്നങ്ങളും വിവാദങ്ങളും കൂടിയായപ്പോള്‍ മീര തീര്‍ത്തും പരാജയപ്പെട്ടു. നല്ല വേഷങ്ങള്‍ തിരഞ്ഞെടുത്ത് അഭിനയിക്കാന്‍ അവര്‍ക്കായില്ല. ചുരുക്കത്തില്‍, അതിരു കടന്നിട്ടും വിജയിക്കാത്ത അപൂര്‍വം നടിമാരില്‍ ഒരാളാണ് മീര ജാസ്മിന്‍.

മലയാളത്തില്‍ നിന്ന്‍ അതിരു കടക്കുന്ന ഏറ്റവും ഒടുവിലത്തെ നടി ഭാമയാണ്. നിരവധി സിനിമകളില്‍ നാടന്‍ പെണ്ണിന്‍റെ വേഷം ചെയ്തിട്ടുള്ള അവര്‍ അത്തരം വേഷങ്ങളോടുള്ള തന്‍റെ അപ്രിയം ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. ഇന്നത്തെ കാലത്ത് ആര്‍ക്കും അത്രക്ക് പാവമാകാന്‍ കഴിയില്ല എന്നാണ് അവര്‍ അന്ന് പറഞ്ഞത്. അടുത്തിടെ കന്നഡയില്‍ സജീവമായ ഭാമ ഏറ്റവും പുതിയ ചിത്രമായ ഓട്ടോ രാജയില്‍ പരിധി വിട്ടഭിനയിച്ചുവെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അന്യ ഭാഷകളെ സംബന്ധിച്ചു ഇതൊന്നും പുതുമയുള്ള വാര്‍ത്തകളല്ല. അവിടെ നായികമാരുടെ ഗ്ലാമര്‍ പ്രദര്‍ശനം സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തതാണ്. ധീരനായ നായകനും അയാളെ പ്രണയിക്കുന്ന ഒന്നിലധികം നായികമാരും വിദേശ ലൊക്കേഷനുകളിലെ ഗാന രംഗങ്ങളുമൊക്കെ തന്നെയാണ് മിക്ക സിനിമകളുടെയും കഥാപാശ്ചാത്തലം. പക്ഷേ മലയാളം എന്നത് പ്രഗല്‍ഭരായ കലാകാരന്മാരുടെ കേന്ദ്രമായാണ് മറുനാട്ടുകാര്‍ കാണുന്നത്. ശോഭനയെയും ഉര്‍വശിയെയും രേവതിയെയും പോലുള്ള നായികമാര്‍ മറുഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട് എങ്കിലും അവരൊന്നും അതിര് വിട്ടിട്ടില്ല. ശാരദ ആന്ധ്രക്കാരിയായിരുന്നുവെങ്കിലും അവരുടെ അഭിനയത്തികവ് കണ്ട പലരും അവരെ മലയാളിയായാണ് കരുതിയിരുന്നത്. നടന്‍ കമല്‍ ഹാസനും സമാനമായ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട്. ജന്മനാ തമിഴനായിട്ടും, കഥാപാത്രങ്ങളുടെ വൈവിധ്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നത് മൂലം തന്നെ മലയാളി എന്ന് ചില തമിഴ് മുഖ്യധാര മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന കാര്യം സരസമായാണ് അദ്ദേഹം പറഞ്ഞത്.

കേവലം പണത്തിനും പ്രശസ്തിക്കും വേണ്ടി ചിലര്‍ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുമ്പോള്‍ ക്ഷതമേക്കുന്നത് നമ്മുടെ പാരമ്പര്യത്തിനാണ്. അടൂരിന്‍റെയും എം.ടിയുടെയും മമ്മൂട്ടിയുടെയും മോഹന്‍ലാലിന്‍റെയുമൊക്കെ പേരില്‍ രാജ്യം മുഴുവന്‍ അറിയപ്പെട്ടിരുന്ന മലയാളം സിനിമ ഗ്ലാമര്‍ നായികമാരുടെ പേരില്‍ അറിയപ്പെടുമ്പോള്‍ ക്ഷതമേല്‍ക്കുന്നത് സമ്പന്നമായ ഒരു പാരമ്പര്യത്തിനാണ്. ഇവിടെ സിനിമയ്ക്ക് മാത്രമല്ല സ്ത്രീകളില്‍ ചിലരുടെയെങ്കിലും വ്യക്തിത്വത്തിനും കൂടിയാണ് മങ്ങലേല്‍ക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English