അച്ഛനുണ്ടായിരുന്നെങ്കില്‍

achan1സ്വീകരിക്കുക, പൂക്കളേ നിന്‍ ദളങ്ങളാല്‍

സുരഭിലമെത്തയേകിയെന്‍ താതനെ

പാടിപുകഴ്ത്തുക ഇളം കാറ്റേ

ആ നല്ല മനസ്സിന്‍ നിറഞ്ഞ നന്മകള്‍

മധുരമാം നാദത്തിലാപ്പാട്ടുകളേറ്റു പാടുക

ഗാനഗന്ധര്‍വ്വനാം പൂങ്കുയിലേ

സ്വര്‍ണ്ണാഭയേറെ ചൊരിഞ്ഞീടുക

പൊന്നില്‍ കുളിച്ച സന്ധ്യാപെണ്‍കൊടിയേ

സൂര്യനെപോലുജ്ജ്വലിപ്പവന്‍

പര്‍വ്വതത്തിന്‍ പ്രൌഢിയുള്ളവന്‍

സരസലളിതചിന്തോദ്ദീപകമാം

ഭാഷയില്‍ നിപുണതയാര്‍ന്നവന്‍

മതജാതിമതിമത്സരങ്ങള്‍ക്കതീതന്‍

ഖുര്‍ആനും ബൈബിളും ഗീതയുമെല്ലാം

ഒന്നുപോലെ ഹൃദിസ്ഥമാക്കിയവന്‍

സമത്വത്തിനായി വാക്കസ്ത്രമാക്കിയവന്‍

കഥകളിലൂടെയെന്‍ ഹൃത്തടത്തില്‍

നന്മതന്‍ വേരു വെച്ചുപിടിപ്പിച്ചു

താരാട്ടായി കവിതകള്‍ പാടിതന്നു

ഭാഷാമൃതു നാവില്‍ പകര്‍ന്നു തന്നു

വാക്കും വിദ്യയും വിനയവും കനിവുമലിവും

എല്ലാമൊന്നിലൊത്തിണങ്ങിയവന്‍

ക്രോധത്താല്‍ മുഖം ചുവന്നു കണ്ടതില്ലിതേവരെ

തല്ലിയിട്ടില്ലെന്നെ ഇന്നേവരെ

ആ സ്നേഹവാത്സല്യലാളനകളിലെന്‍

കദനങ്ങളലിഞ്ഞു കുരുക്കുകളഴിഞ്ഞ്

ഉണര്‍വ്വോടെ പുത്തന്‍ ഉയിരാര്‍ന്നു

ഞാന്‍ മുന്നേറവേ, ഒരു നാള്‍

മരണമതിന്‍റെയെല്ലാരൌദ്രഭാവ-

ങ്ങളോടുകൂടിയാര്‍ത്തണഞ്ഞു

ദ്രംഷ്ട കാട്ടി ചിരിച്ചുകൊണ്ടു

വേരോടെ പിഴുതെടുത്തുയാ സ്നേഹവൃക്ഷത്തെ

ആ നഷ്ടത്തിന്‍ ആഴമെന്തെന്നു

അന്നു ഞാന്‍ അറിഞ്ഞില്ല

മൃത്യുയൊരുയാഥാര്‍ത്ഥ്യമെന്നതുള്‍-

കൊണ്ടെന്‍ കണ്ണീരിനെ തടഞ്ഞുനിര്‍‍ത്തി

മണ്ണിലലിഞ്ഞില്ലാതായതു

കനിവൂറും ലോലഹൃദയമല്ലയോ

വെറും അസ്ഥിയായി മാറിയതു

അശരണര്‍ക്കുള്ളാലംബ കരങ്ങളല്ലയോ

കണ്‍മുനയില്‍ നിന്നു മാഞ്ഞുപോയതു

അതിശ്രേഷ്ഠ വ്യക്തിപ്രഭാവമല്ലയോ

ആ വിയോഗം ഒരു തീരാനഷ്ടമായിട്ടെന്നും

എന്‍ കണ്ണുകളെ ഈറനണിയിക്കവേ

കൊതിച്ചീടുന്നു ഞാനെന്നും

എന്‍റച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English