ആധി

എല്ലാം മാസത്തിലേയും രണ്ടാം ശനിയാഴ്ച വായനശാലയുടെ മീറ്റിംഗ് ദിലീപിന്റെ വീട്ടില്‍ വച്ച് പതിവായി നടക്കാറുള്ളത്. ഇപ്പോള്‍ ആ പ്രദേശത്തെ മുറ്റമല്പ്പം കൂടുതലുള്ള വീട് ദിലീപിന്റേതാണ് എന്ന കാരണവും അതിനു വഴി തെളിച്ചു.

ദിലീപിന്റെ ഭാര്യ രാജി വളരെ സഹകരണത്തോടെ എല്ലാവര്‍ക്കും ചുക്കു കാപ്പിയും പഴം പൊരിയും വിതരണം ചെയ്യും. അന്നും പതിവു പോലെ യോഗം ഭംഗിയായി നടന്നു. പലരും മടങ്ങി. രാജീവന്‍ മാഷ് മാത്രം ദിലീപിനോട് നാട്ടു വര്‍ത്തമാനം പറഞ്ഞിരുന്നു. രാജി കൗതുക
പൂര്‍വം സുമുഖനായ രാജീവന് മാഷിന്റെ സംസാരം കേട്ടുകൊണ്ടിരുന്നു.

ഇടയ്ക്കെപ്പോ ദിലീപ് തന്റെ വളര്‍ന്നു വരുന്ന മകളുടെ കാര്യങ്ങള്‍ ആശങ്കയോടെ പങ്കു വച്ചു.

” ഇപ്പോ അവല്‍ക്ക് നേരെ ചൊവ്വെ മിണ്ടാന്‍ കൂടി നേരോല്ലാ എപ്പഴും കമ്പ്യൂട്ടറിലാ പണി പഠിക്കാണെന്നാ പറയണെ”

” സൂക്ഷിക്കണെ … പ്രായം അതാ”

രാജീവന്‍ മാഷ് ഉപദേശ രൂപേണ പറഞ്ഞു. ദിലീപ് മറുപടിയായി മൂളി. രാജീവന്‍ മാഷ് രാജിയെ നോക്കി

” ഈ പ്രായമെന്നില്ല മനുഷ്യ സ്വഭാവം അങ്ങന്യാ സ്നേഹം കിട്ടുന്നിടത്തേക്ക് പോകും കാറ്റില്‍ മരമെന്ന പോലെ അത് കൊണ്ട് സ്നേഹം കൊടുത്തു വേണം അവരെ മുന്നോട്ടു നടത്താന്‍ ”
ദിലീപ് തലയാട്ടി സമ്മതിച്ചു.

” മാഷെ ഒരു ഗ്ലാസ് ചുക്കു കാപ്പി കൂടി എടുക്കട്ടെ?”

രാത്രി കിടക്കവെ ദിലീപ് രാജിയെ തന്നോട് ചേര്‍ത്തു പിടിക്കുമ്പോഴും അയാളുടെ ഉള്ളില്‍ ആധിയായും ആശങ്കകളായും ഒരു നൂറ് ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു.

അയാളുടെ മാറില്‍ തല ചായ്ച്ചുകൊണ്ട് രാജി പറഞ്ഞു.

”നമ്മടെ രാജീവന്‍ മാഷ് ഒരു വലിയ സംഭവമാ” അപ്പോള്‍ ദിലീപിന്റെ ആധി ആഴിയോളം വലുതായി.

ജിബി ദീപക്

കടപ്പാട് – സായാഹ്ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English