മഞ്ഞുപുതപ്പിനുള്ളിലെ ഗോപാലസ്വാമി ഗൃഹം….!!!

krishna

ശ്രീ ഹംഗള യില്‍ നിന്നും ആരംഭിക്കുന്നു ഹിമവദ് ഗോപാലസ്വാമി ക്ഷേത്രത്തിലേക്കുള്ള വഴി.ഇരു വശവും സൂര്യകാന്തി പാടങ്ങള്‍,ഉള്ളി കൃഷിയിടങ്ങള്‍ .റോഡിലൂടെ അലസം ഗമിക്കും കാലികളും ചെമ്മരിയാടുകളും.ഉള്ളി ചാക്കില്‍ നിറക്കുന്ന കൃഷിക്കാര്‍ ,ആട്ടിന്‍ പറ്റത്തെ പിന്നില്‍ നിന്നും നയിക്കുന്ന ചെറുപ്പക്കാരന്‍.ആരിലും ധൃതിയില്ല.അവരുടെ ജീവിതം ശാന്തമായി ഒഴുകിക്കൊണ്ടിരിക്കുന്നു അവരുടെ കൃഷിക്കും ,വളര്‍ത്തു മൃഗങ്ങള്‍ക്കും ഒപ്പം. അറിയാതെ ഞങ്ങളും അവരോടൊപ്പം വേഗത കുറച്ചു അതേ താളത്തില്‍ നീങ്ങി.

നഷ്ടപ്രണയത്തിന്റെ ഒരായിരം നയനങ്ങള്‍ ഇന്നും അര്‍ക്കന് നേരെ പ്രതീക്ഷ തെല്ലും കെടാതെ നില്‍ക്കുന്നു. തന്റെ പ്രണയം അറിയിക്കാനായി അപ്പോളോ ദേവനെ ഇമചിമ്മാതെ നോക്കിയിരുന്ന ജലദേവത ക്ലയ്റ്റീ ഒമ്പതു ദിവസങ്ങള്‍ക്കപ്പുറം സൂര്യകാന്തി ആയി മാറി എന്നാണ് ഗ്രീക്ക് പുരാണങ്ങള്‍ പറയുന്നത്.ഇന്നും പ്രണയമാര്‍ന്ന അവളുടെ നയനങ്ങള്‍ ഒരിക്കല്‍ സഫലമാവുമെന്ന പ്രണയ പ്രതീക്ഷയില്‍ ഇമ ചിമ്മാതെ സൂര്യന് നേരെ …!!

ഫോറെസ്റ് ചെക്ക് പോസ്റ്റിനപ്പുറം സ്വകാര്യ വാഹനങ്ങള്‍ക്ക് അനുമതി ഇല്ലാത്തതിനാല്‍ അവരുടെ ഷട്ടില്‍ സര്‍വിസ് ബസ്നെ ആണ് ആശ്രയിക്കേണ്ടത്.ഒരു ബസ്സിനുള്ളതില്‍ കൂടുതല്‍ ആളുകള്‍ അവിടെ കൂടിയിരിക്കുന്നുണ്ട്.എണ്ണ കടികളും പലഹാരങ്ങളുമായി തദ്ദേശീയരുടെ ഒന്നു രണ്ടു കടകളും.ഇനി കുത്തനെ മുകളിക്കാണ് യാത്ര.സമുദ്ര നിരപ്പില്‍ നിന്നും ഏകദേശം ആയിരത്തി അഞ്ഞൂറോളം അടി മുകളില്‍.അവിടെയാണ് മഞ്ഞു പുതച്ച കൃഷ്ണ ക്ഷേത്രം.വീരപ്പന്‍ തൊഴാന്‍ വന്നിരുന്നു എന്നു പറയപ്പെട്ടിരുന്ന ഹിമവദ് ഗോപാലസ്വാമി ടെമ്പിള്‍.ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന സിനിമയിലെ ചില ഭാഗങ്ങളില്‍ മാത്രമായിരുന്നു ഇതുവരെ ഈ ക്ഷേത്രം കണ്ടിരുന്നത്.

ബസ് ഒരു അക്ഷയപാത്രം ആയിരുന്നു.രണ്ടു വണ്ടിക്കുള്ള ആളുകള്‍ കയറിയിട്ടും സ്ഥലം ബാക്കിയായിരുന്നു.ഒട്ടും മനസ്സിലാകാത്ത കന്നഡയും കൊഞ്ചം കൊഞ്ചം തെരിയും തമിഴും നമ്മുടെ സ്വന്തം ഭാഷയും ഇടകലര്‍ന്ന മിശ്രിതം ശബ്ദ രേഖയായി പുറത്തെ കാഴ്ചകളിലേക്ക് മിഴികള്‍ നട്ടു.താഴ്വാരം പച്ചയുടുപ്പില്‍ അതി സുന്ദരിയായിരിക്കുന്നു.അരികില്‍ ഇരുന്ന കന്നഡക്കാരന്‍ താഴെ ആനയെ കാണിച്ചു തന്നു,എന്തോ വിവരിക്കുന്നു.വെറുതെ തലയാട്ടി കേട്ടുകൊണ്ടിരുന്നു.മുന്നിലെ സീറ്റിലെ ഭര്‍ത്താവ് /കാമുകന്‍ വാചാലനാണ്.ഭാര്യയെ /കാമുകിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ്.പക്ഷെ അവര്‍ വീഴുന്ന മട്ടു കാണുന്നില്ല.രണ്ടു വയസ്സുകാരി സീറ്റില്‍ കയറി നിന്നുകൊണ്ട് അമ്മയുടെ മുടി പിടിച്ചു വലിക്കുന്നു,എന്തോ ആവശ്യപ്പെടുന്നുമുണ്ട്.അമ്മ നീട്ടിയ ബോട്ടില്‍ അവള്‍ തട്ടിത്തെറിപ്പിച്ചു.

ചുവപ്പും വെളുപ്പും നിറങ്ങള്‍ ദൂരെനിന്നേ കാണുന്നു.മനസ്സില്‍ “ഒരു കുഞ്ഞു പൂവിന്റെ….” എന്ന ഗാനരംഗമാണ് വന്നത്.പുറപ്പെടാന്‍ തുടങ്ങുന്ന മറ്റൊരു സംഘം അവിടെ കാത്തു നില്‍ക്കുന്നു.ഒരു മരത്തിനു ചുവട്ടിലായി ബസ് നിന്നു.ചാറ്റല്‍ മഴ ഓരോ രോമകൂപത്തെയും ഉണര്‍ത്തുന്നു.മേഘപടലങ്ങള്‍ ചിത്രം വരച്ച ആകാശം.മഞ്ഞിന്‍ പുതപ്പുമായി ഗോപാല ഗൃഹം ചുവന്നു വെളുത്ത പടികള്‍ക്കു മുകളിലായി സ്വര്‍ണ വര്‍ണ്ണം അണിഞ്ഞു നില്‍ക്കുന്നു.

പതിമൂന്നാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചതെന്നു കരുതപ്പെടുന്നു.700 വര്ഷങ്ങളുടെ പഴക്കം.ഉത്പത്തിയെ കുറിച്ചുള്ള കഥകള്‍ അവ്യക്തമാണ്.എങ്കിലും ആ കാലഘട്ടത്തിലെ ഹൊയ്സാല രാജാവ് ആയിരുന്ന ബല്ലാല ആണ് ആണ് ഇതു പണി കഴിപ്പിച്ചത് എന്നു കരുതപ്പെടുന്നു.പിന്നീട് വോഡയാര്‍/വടിയാര്‍ വംശം ഇതു പരിപാലിച്ചു വന്നു.ഇപ്പോള്‍ കര്‍ണാടക ഗവണ്മന്റ് ഇതു പരിപാലിച്ചു വരുന്നു.

ഗോപാലന്‍ എന്നു വിളിപ്പേരുള്ള കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ.ഗോക്കളെ മേച്ചു നടന്നിരുന്ന കാലഘട്ടത്തെ ഓടക്കുഴലും കയ്യിലേന്തിയാണ് ഗോപാല സ്വാമി ഇവിടെ നിലകൊള്ളുന്നത്.മഞ്ഞിനാല്‍ മൂടപ്പെട്ടത് എന്ന അര്‍ത്ഥം വരുന്ന ഹിമവദ് എന്ന വാക്കും ശ്രീകൃഷ്ണന്റെ ഗോപാലസ്വാമി എന്ന പേരും ചേര്‍ന്നാണ് ഹിമവദ് ഗോപാലസ്വാമി ടെമ്പിള്‍ എന്ന പേര് വന്നത്.ഒറ്റ നിരയില്‍ തീര്‍ത്ത ഗോപുരവും ചുറ്റുമതിലും കടന്ന് അകത്തു ചെന്നാൽ മനോഹരമായ ശില്പങ്ങള്‍ കൊത്തിയിരിക്കുന്നു.ദശാവതാരങ്ങളാണ് ശില്പങ്ങള്‍ മധ്യേ കൃഷ്ണാവതാരവും.

ചെരുപ്പ് പടികള്‍ക്കു താഴെ അഴിച്ചു വച്ചിരുന്നു.തണുപ്പ് കാലിനടിയിലൂടെയും കയറുന്നു.ശക്തമായ കാറ്റും ചെറിയ ചാറ്റല്‍ മഴയും ഞങ്ങളെ അകമ്പടി സേവിച്ചു.ക്ഷേത്രത്തിനുള്ളില്‍ മൂന്നു പൂജാരികള്‍ ഉണ്ടായിരുന്നു.രണ്ടു മധ്യ വയസ്കരും ഒരു ചെറുപ്പക്കാരനും.കന്നടയില്‍ ഉള്ള പ്രാര്‍ത്ഥനകള്‍ ആയതിനാല്‍ മറാത്തി ഫിലിം സബ് ടൈറ്റില്‍ ഇല്ലാതെ കാണുന്നത് പോലെ ആയിരുന്നു.ഇടക്കിടെ പൂജാരികള്‍ വരികയും കുറി തൊടുവിക്കുകയും എന്തൊക്കെയോ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.സെക്യൂരിറ്റികള്‍ ആളുകളെ മാറ്റി പിന്നിട് നില്‍ക്കുന്നവര്‍ക്ക് സൗകര്യം ചെയ്യുന്നു.മുക്ത മണ്ഡപത്തില്‍ നിന്നും വിഗ്രഹം കണ്ട ശേഷം പുറത്തിറങ്ങി.

സെല്‍ഫി എടുത്തു ആഘോഷമാക്കുന്ന കുടുംബങ്ങള്‍,ചെറുപ്പക്കാര്‍. ബസിനകത്തു വച്ചു കണ്ട ദമ്പതികള്‍ പിണക്കം മറന്നു സെല്‍ഫിയില്‍ ആണ്. അമ്പലത്തെ ചുറ്റി നടന്നു കാടിന്റെ ഭംഗി ആസ്വദിക്കാനൊരു ശ്രമം നടത്തി.സ്വകാര്യ വാഹനങ്ങളെ താഴെ തടയുന്നത് മൂലം കാടിന്റെ സൗന്ദര്യവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്ന നല്ലൊരു നീക്കമാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.അല്ലെങ്കില്‍ ഒരുപക്ഷേ പ്ലാസ്റ്റിക് വേസ്റ്റുകളുടെ ഒരു കൂമ്പാരം അവിടെ ഉണ്ടായേനെ.ഇക്കഴിഞ്ഞ വര്‍ഷം വരെ ഇവിടെ വാഹങ്ങള്‍ക്കു അനുമതി ഉണ്ടായിരുന്നു.2015 നവംബറിലാണ് പൊതു ഗതാഗതം മാത്രമാക്കിയത്.

ആനകള്‍ മിക്ക ദിവസങ്ങളിലും പ്രാര്‍ത്ഥനക്കെത്തുന്ന ചുരുക്കം ചില ക്ഷേത്രങ്ങളിലൊന്നാണിത്.പുലര്കാലങ്ങളല് ആണത്രേ അവ വരാറുള്ളത്.വഴിയില്‍ അതിന്റെ ലക്ഷണങ്ങള്‍ കിടന്നിരുന്നു.

ബസ് ഹോണ്‍ മുഴക്കി.തിരിച്ചു പോവാനുള്ള സമയമായി.മനുഷ്യന്‍ പ്രകൃതിയിലേക്ക് ലയിക്കുന്ന ചുരുങ്ങിയ സമയങ്ങള്‍ക്കു അറുതിയാവാന്‍ തുടങ്ങുന്നു. വീണ്ടും തിരക്കുകളിലേക്ക്.

ബസിലിരുന്ന് വീണ്ടും ഒന്നുകൂടെ നോക്കി മഞ്ഞു പുതപ്പിലെ ഗൃഹത്തെ..
വണ്ടി നീങ്ങാന്‍ തുടങ്ങി .
കാട്ടിനുള്ളില്‍ നിന്നും ഒരിളക്കം.
കറുത്ത വേഷ ധാരികള്‍ തോക്കുമായി ഇറങ്ങി വരുന്നു.
മുന്നില്‍ ഒരു കൊമ്പന്‍ മീശക്കാരന്‍.വെള്ള മുണ്ടും ഷര്‍ട്ടുമായി.
മെലിഞ്ഞ മനുഷ്യന്‍ അമ്പലത്തിലേക്ക് കയറാന്‍ തുടങ്ങുന്നു.
ഒരു നാടിനെയും അതിന്റെ വ്യവസ്ഥിതികളെയും വിറപ്പിച്ച കൊമ്പന്‍ മീശക്കാരന്‍ ഓടക്കുഴല്‍ വായിക്കുന്ന സ്വാമിയുടെ അടുക്കലേക്ക്.

മഞ്ഞു മൂടുന്നു..ചുവപ്പും വെളുപ്പും നിറങ്ങള്‍ മറയാന്‍ തുടങ്ങുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതലമുറകള്‍
Next articleമതമൈത്രി
നിശാന്ത് കെ
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന ഗ്രാമമാണ് സ്വദേശം യു എ ഇ എക്സ്ചേഞ്ച് എന്ന സ്ഥാപനത്തിൽ മാനേജർ ആയി ജോലി ചെയ്യുന്നു .ഭാര്യ റൈഹാനത് ..മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English